ബാലൻദ്യോറിൽ മെസ്സിയെ വിമർശിച്ച് വീഡിയോ; ലൈക്കും കമന്റുമായി റോണോ

മെസ്സിയുടെ ബാലൻദ്യോർ നേട്ടത്തെ വിമർശിച്ച് പ്രമുഖ സ്‌പോർട്‌സ് ജേണലിസ്റ്റ് തോമസ് റോൺസെറോയാണ് ഇൻസ്റ്റഗ്രാമില്‍ വീഡിയോ പങ്കുവച്ചത്

Update: 2023-11-01 11:55 GMT
Advertising

ഒരു കാലത്ത് ലോക ഫുട്‌ബോളിൽ എപ്പോഴും ഒരുമിച്ച് കേട്ടു കൊണ്ടിരുന്ന പേരുകളായിരുന്നു അര്‍ജന്‍റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടേയും പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ  റൊണാൾഡോയുടേയും. കളിക്കളത്തിലെന്ന പോലെ തന്നെ പുരസ്‌കാരങ്ങൾക്കായും ഇരുവരും മൈതാനത്തിന് പുറത്ത് ഒരുമിച്ച് മത്സരിച്ചു. പലവർഷങ്ങളിൽ ഇരുവരും മാറി മാറി ലോകഫുട്‌ബോളർ പുരസ്‌കാരം ചൂടി. എന്നാൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി ബാലൻദ്യോര്‍ വേദിയിലും ഫിഫ ദ ബെസ്റ്റിലും ആരാധകർക്ക് ക്രിസ്റ്റ്യാനോയുടെ പേര് കേൾക്കാനാവുന്നില്ല. പോയ വർഷത്തെ ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം നേടിയതിന് പിറകേ ഇപ്പോൾ ബാലൻദ്യോറിലും മെസ്സിയുടെ മുത്തം വീണതോടെ ലോക ഫുട്‌ബോളിൽ മെസ്സിക്ക് എതിരാളികളില്ലാതായി.

ഇപ്പോഴിതാ ലയണൽ മെസ്സിയുടെ ബാലൻദ്യോർ നേട്ടത്തെ വിമർശിച്ചു കൊണ്ടുള്ള പ്രമുഖ സ്‌പോർട്‌സ് ജേണലിസ്റ്റ് തോമസ് റോൺസെറോയുടെ ഇൻസ്റ്റഗ്രാം വീഡിയോക്ക് ലൈക്കും കമന്റുമായെത്തിയിരിക്കുകയാണ് ക്രിസ്റ്റ്യാനോ. 'ഹാളണ്ടിനെ പോലുള്ളവർക്ക് കിട്ടേണ്ടിയിരുന്ന പുരസ്‌കാരം മെസ്സി തട്ടിയെടുക്കുകയായിരുന്നു. കരിയറില്‍ അഞ്ച് ബാലന്‍ദ്യോറിനെ മെസ്സിക്ക് അര്‍ഹതയുള്ളൂ. പലതും അനര്‍ഹമായി കിട്ടിയതാണ്. മെസ്സി ലോകകപ്പ് നേടിയത് ദാനമായി കിട്ടിയ പെനാൽട്ടികൾ കൊണ്ടാണ്' ഇങ്ങനെ പോകുന്നു റോൺസെറോയുടെ വിമർശനങ്ങൾ. ഈ പോസ്റ്റിനാണ് റോണോ ലൈക്കടിച്ചത്. ഒപ്പം ചിരിക്കുന്നൊരു സ്‌മൈലിയും താരം കമന്റ് ചെയ്തു. ഇതിന്റെ സ്‌ക്രീൻഷോട്ടുകൾ ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അവാര്‍ഡ് കിട്ടാത്തതിന്‍റെ നിരാശ റോണോ ഇങ്ങനെയൊക്കെയാണ് തീര്‍ക്കുന്നത് എന്നാണ് പല ആരാധകരും സ്ക്രീന്‍ ഷോട്ട് പങ്കു വച്ച് കുറിക്കുന്നത്. 

 ബാലന്‍ദ്യോര്‍  പുരസ്കാരം എട്ടാം തവണയാണ് അർജൻ്റീന ഇതിഹാസം  ലയണൽ മെസിയെ തേടിയെത്തുന്നത്. അമേരിക്കയിലെ ഇൻ്റർ മയാമി താരമായ മെസി, മാഞ്ചസ്റ്റർ സിറ്റി സ്ട്രൈക്കർ എർലിങ് ഹാളണ്ടിനെ പിന്തള്ളിയാണ് റെക്കോർഡ് നേട്ടം സ്വന്തമാക്കിയത്. ബാഴ്സലോണയുടെ സ്പാനിഷ് താരം എയ്താന ബോൺമാട്ടിയാണ് മികച്ച വനിതാ ഫുട്ബോളർക്കുള്ള ബാലന്‍ദ്യോര്‍ ഫെമിനിൻ നേടിയത്.

 മികച്ച സ്ട്രൈക്കർക്കുള്ള ഗർഡ് മുള്ളർ ട്രോഫി ഹാളണ്ടും മികച്ച ഗോൾകീപ്പർക്കുള്ള ലെവ് യാഷിൻ ട്രോഫി അർൻ്റീന കീപ്പർ എമിലിയാനോ മാർട്ടിനസും സ്വന്തമാക്കി. 21 വയസ്സിനു താഴെയുള്ള മികച്ച താരം ജൂഡ് ബെല്ലിങ്ങാം ആണ്. ബ്രസീൽ, റയൽ മാഡ്രിഡ് താരം വിനിഷ്യസ് ജൂനിയർ സോക്രട്ടീസ് പുരസ്കാരം നേടിയപ്പോൾ 2023 ലെ മികച്ച ക്ലബ്ബിനുള്ള അവാർഡ് മാഞ്ചസ്റ്റർ സിറ്റിയും ബാഴ്സലോണ വനിതാ ടീമും പങ്കിട്ടു.

2022 ലോകകപ്പിൽ അർജൻ്റീനയെ കിരീട നേട്ടത്തിൽ എത്തിച്ച മികവാണ് മെസിയെ ചരിത്രം കുറിച്ച എട്ടാം ബാലന്‍ദ്യോര്‍ ലബ്ധിയിൽ എത്തിച്ചത്. ഖത്തറിൽ നടന്ന ടൂർണമെൻ്റിൽ മികച്ച കളിക്കാരനുള്ള സ്വർണ പന്തും മെസി നേടിയിരുന്നു. ഫൈനലിലെ രണ്ടു ഗോളുകളടക്കം ഏഴ് ഗോളുമായി അർജൻ്റീനയെ മുന്നിൽ നിന്ന് നയിച്ച മെസി മൂന്ന് ഗോളിന് വഴിയൊരുക്കുകയും ചെയ്തു. മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി മൂന്ന് കിരീട നേട്ടങ്ങളിൽ 56 ഗോളുമായി മിന്നും പ്രകടനം കാഴ്ച വെച്ച ഹാളണ്ട് മെസിക്ക് വെല്ലുവിളി ഉയർത്തുമെന്ന് കരുതപ്പെട്ടെങ്കിലും ലോകകപ്പ് നേട്ടം ഇതിഹാസ താരത്തിന് കരുത്തായി.

 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News