ഡിസ്‌കസ് ത്രോയില്‍ വിനോദ് കുമാറിന് വെങ്കലം; പാരാലിംപിക്‌സില്‍ ഇന്ത്യയ്ക്ക് മൂന്നാം മെഡല്‍

അതിര്‍ത്തി സുരക്ഷാ സേനാംഗം കൂടിയായ വിനോദ് കുമാര്‍ ഏഷ്യന്‍ റെക്കോര്‍ഡോടെയാണ് വെങ്കല മെഡല്‍ സ്വന്തമാക്കിയത്

Update: 2021-08-29 15:09 GMT
Editor : Shaheer | By : Web Desk
Advertising

പാരാലിംപിക്‌സില്‍ ഇന്ത്യയ്ക്കിന്ന് മെഡല്‍ദിനം. പുരുഷ ഡിസ്‌കസ് ത്രോയില്‍ ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന വിനോദ് കുമാറിന് വെങ്കലം. ഇന്ന് വനിതാ ടേബിള്‍ ടെന്നീസ്, പുരുഷ ഹൈജംപ് വിഭാഗങ്ങളിലും ഇന്ത്യ മെഡല്‍ സ്വന്തമാക്കിയിരുന്നു.

ഏഷ്യന്‍ റെക്കോര്‍ഡോടെയാണ് അതിര്‍ത്തി സുരക്ഷാ സേനാംഗം കൂടിയായ വിനോദ് കുമാര്‍ വെങ്കലം സ്വന്തമാക്കിയത്. 19.91 മീറ്റര്‍ ദൂരത്തിലാണ് വിനോദ് കുമാര്‍ ഡിസ്‌കസ് എറിഞ്ഞത്. പോളണ്ടിന്റെ പിയോറ്റര്‍ കോസെവിച്ച്(20.2 മീറ്റര്‍), ക്രൊയേഷ്യയുടെ വെലിമിര്‍ സാന്‍ഡര്‍(19.98) എന്നിവരാണ് യഥാക്രമം സ്വര്‍ണവും വെള്ളിയും നേടിയത്.

1971ലെ ഇന്തോ-പാക് യുദ്ധത്തില്‍ പങ്കെടുത്ത സൈനികന്റെ മകന്‍കൂടിയാണ് 41കാരനായ വിനോദ് കുമാര്‍. ബിഎസ്എഫില്‍ ചേര്‍ന്ന ശേഷം നടന്ന പരിശീലനത്തിനിടെയാണ് കാലിന് പരിക്കേറ്റത്. ലഡാക്കിലെ ലേയില്‍ മലഞ്ചെരുവില്‍നിന്നു വീണ് ഇടതുകാല്‍ പൊട്ടുകയായിരുന്നു. തുടര്‍ന്ന് ഒരു ദശകത്തോളമായി വീട്ടില്‍ വിശ്രമത്തിലായിരുന്നു.

പാരാലിംപിക്‌സിന്റെ അഞ്ചാംദിനമായ ഇന്ന് വനിതാ ടേബിള്‍ ടെന്നീസിലാണ് ഇന്ത്യ മെഡല്‍വേട്ടയ്ക്ക് തുടക്കമിട്ടത്. ബവിന ബെന്‍ പട്ടേലിനാണ് ആദ്യ വെള്ളി ലഭിച്ചത്. പിന്നീട് പുരുഷ വിഭാഗം ഹൈജംപില്‍ നിഷാദ് കുമാറും ഏഷ്യന്‍ റെക്കോര്‍ഡോടെ വെള്ളി സ്വന്തമാക്കി.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News