ജയിച്ചത് ചെന്നൈയാണോ? വിന്‍റേജ് ധോണി ഷോയില്‍ എല്ലാം മറന്ന വിശാഖപട്ടണം

ചെന്നൈ ഇന്നിങ്സിന്‍റെ പതിനേഴാം ഓവറിലെ ആദ്യ പന്തിൽ സംപൂജ്യനായി സമീർ റിസ്‍വി മടങ്ങുമ്പോൾ വിശാഖപട്ടണം സ്റ്റേഡിയത്തിന്റെ ഗാലറികൾ പവലിയനിലേക്ക് കണ്ണും നട്ടിരുന്നു, ഒടുവിൽ ആ നീളൻ മുടിക്കാരൻ ബൗണ്ടറി ലൈൻ കടന്ന് ഗ്രൗണ്ടിലേക്ക് പ്രവേശിച്ചു

Update: 2024-04-02 05:43 GMT

ms dhoni

Advertising

''കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ബാറ്റ് ചെയ്യാതിരുന്ന മഹേന്ദ്ര സിങ് ധോണി ഇന്ന് അവസാന ഓവറിൽ ക്രീസിലെത്തും. ഗാലറി ഇളകി മറിയും. ആ ആരവങ്ങൾക്കിടയിൽ അവസാന പന്തിനെ അതിർത്തി കടത്തി അയാൾ കളി മനോഹരമായി ഫിനിഷ് ചെയ്യും.''- ചെന്നൈ സൂപ്പർ കിങ്‌സ് ഡൽഹി ക്യാപിറ്റൽസ് മത്സരത്തിന് തൊട്ടുമുമ്പ് ചെന്നൈ ബാറ്റിങ് കോച്ച് മൈക്ക് ഹസിയുടെ പ്രവചനം ഇങ്ങനെയായിരുന്നു.

ചെന്നൈ ഇന്നിങ്സിന്‍റെ പതിനേഴാം ഓവറിലെ ആദ്യ പന്തിൽ ശിവം ദൂബേ മടങ്ങുമ്പോൾ വിശാഖപട്ടണം സ്റ്റേഡിയത്തിന്റെ ഗാലറികൾ പവലിയനിലേക്ക് കണ്ണും നട്ടിരുന്നു. ഒടുവിൽ ആ നീളൻ മുടിക്കാരൻ ബൗണ്ടറി ലൈൻ കടന്ന് ഗ്രൗണ്ടിലേക്ക് പ്രവേശിച്ചു. ഗാലറി വലിയൊരു ആരവത്തിന് വഴിമാറി. പെട്ടെന്നൊരു നിമിഷം ചെന്നൈയുടെ ഹോം ഗ്രൗണ്ടായി മാറുകയായിരുന്നു വിശാഖപട്ടണം സ്റ്റേഡിയം.

ധോണി ക്രീസിലെത്തുമ്പോൾ ചെന്നൈക്ക് ജയിക്കാൻ വേണ്ടത് 23 പന്തിൽ 72 റൺസ്. റിക്വയേര്‍ഡ് റൺ റേറ്റ് 18. ഖലീൽ അഹ്‌മദും മുകേഷ് കുമാറുമൊക്കെ അത്യുഗ്രൻ ഫോമിൽ പന്തെറിഞ്ഞ് കൊണ്ടിരിക്കേ ഏറെക്കുറേ അസാധ്യമായൊരു ലക്ഷ്യം. നേരിട്ട ആദ്യ പന്ത് തന്നെ അതിർത്തി കടത്തി തല തന്‍റെ ആട്ടം തുടങ്ങി. കമന്ററി ബോക്‌സ് ഉച്ചത്തിൽ ശബ്ദിച്ചു. 'വിന്റേജ് ധോണി ഈസ് ബാക്ക്'. മുകേഷ് കുമാർ എറിഞ്ഞ അതേ ഓവറിലെ അവസാന പന്തും അതിർത്തിയിലേക്ക് പായിച്ച ധോണി ഗാലറിയെ ആവേശക്കൊടുമുടി കയറ്റി.

ഖലീൽ അഹ്‌മദെറിഞ്ഞ 18ാം ഓവറിലെ അഞ്ചാം പന്ത് എക്‌സ്ട്രാ കവറിന് മുകളിലൂടെ ഗാലറിയിൽ ചെന്നു പതിക്കുമ്പോൾ ചെന്നൈയുടെ ജയം വിദൂരത്താണെന്നറിഞ്ഞിട്ടും ആരാധകർ ആർത്തുവിളിച്ചു. ഒരു ബൗണ്ടറി പോലും വിട്ടു നൽകാതെ 19ാം ഓവർ മനോഹരമായെറിഞ്ഞ് മുകേഷ് കുമാർ ഡൽഹിയുടെ വിജയം ഉറപ്പിച്ചു. അവസാന ഓവർ എറിയാനെത്തിയത് എൻഡ്രിച്ച് നോർഗേ. ചെന്നൈക്ക് ജയിക്കാൻ വേണ്ടത് ആറ് പന്തിൽ 41 റൺസ്. സമ്മർദമേതുമില്ലാതെ നോർഗെ പന്തെറിഞ്ഞു തുടങ്ങി.

ആദ്യ പന്തിനെ എക്‌സ്ട്രാ കവറിലൂടെ അതിർത്തി കടത്തി ധോണി. രണ്ടാം പന്തിനെ ഒറ്റ കയ്യിൽ ബാറ്റ് ചുഴറ്റി മിഡ് വിക്കറ്റിന് മുകളിലൂടെ ഗാലറിയിലെത്തിച്ചു. നാലാം പന്തിൽ മിഡ് ഓണിലൂടെ ബൗണ്ടറി. അവസാന പന്തിൽ എക്‌സ്ട്രാ കവറിന് മുകളിലൂടെ സിക്‌സർ. ഡൽഹി 20 റൺസിന്റെ വിജയം കുറിക്കുമ്പോൾ ഗാലറിയിൽ ചെന്നൈ ആരാധകരുടെ ആരവങ്ങൾ മാത്രമാണ് ദൽഹി നായകൻ ഋഷഭ് പന്ത് കണ്ടത്. ഒരു വേള ഞങ്ങൾ ശരിക്കും തോറ്റു പോയോ എന്നയാൾ മനസ്സിൽ ചോദിച്ചു കാണണം. ചെന്നൈയെ ധോണി ജയിപ്പിക്കുമെന്നതൊഴിച്ച് നിര്‍ത്തിയാല്‍ മൈക്ക്  ഹസിയുടെ  പ്രവചനം  അച്ചട്ടായി പുലര്‍ന്നുവെന്നാണ് ആരാധകര്‍ ഒരേ സ്വരത്തില്‍ പറഞ്ഞത്. 

ഡൽഹിയുടെ വിജയത്തേക്കാൾ വിന്‍റേജ് ധോണിയുടെ നിറഞ്ഞാട്ടമാണ് വിശാഖപട്ടണം ഇന്നലെ ആഘോഷമാക്കിയത്. കളി ജയിക്കില്ലെന്നുറപ്പായിട്ടും ധോണിയുടെ ബാറ്റിൽ നിന്ന് പാഞ്ഞ പന്തുകൾക്ക് പിറകേ ചെന്നൈ ആരാധകരുടെ ആരവങ്ങളും പാഞ്ഞു. മാസങ്ങളോളം തങ്ങളീ നിമിഷത്തിനായി കാത്തിരിക്കുകയായിരുന്നുവെന്നവർ പറയാതെ പറയുകയായിരുന്നു. എട്ടാമനായി ക്രീസിലെത്തിയ ധോണി ഒരു വേള നേരത്ത ഇറങ്ങിയിരുന്നെങ്കിൽ മത്സരത്തിന്റെ വിധി പോലും മറ്റൊന്നായേനെ എന്ന്  ആരാധകരുടെ മനസ്സ് മന്ത്രിച്ച് കാണണം.

ജഡേജക്ക് മുമ്പേ ധോണിയെ കളത്തിലിറക്കണമായിരുന്നു എന്നാണ് മത്സരശേഷം മുന്‍ ഇന്ത്യന്‍ താരം വിരേന്ദർ സെവാഗ് പറഞ്ഞത്. 16 പന്ത് നേരിട്ട ധോണി നാല് ഫോറും മൂന്ന് സിക്‌സുമടക്കം 37 റൺസാണ് അടിച്ചെടുത്തത്. 42ാം വയസ്സിൽ 231 സ്‌ട്രൈക്ക് റേറ്റിൽ അയാൾ ഇപ്പോഴും ബാറ്റ് വീശിക്കൊണ്ടിരിക്കുന്നു എന്നത് അവിശ്വസീനമാണെന്നാണ് പലരും സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. മത്സര ശേഷം ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ യുവതാരങ്ങള്‍ ധോണിയുടെ നിര്‍ദേശങ്ങള്‍ സാകൂതം വീക്ഷിക്കുന്ന മനോഹര കാഴ്ചക്കും വിശാഖ പട്ടണം സ്റ്റേഡിയം സാക്ഷിയായി.  മത്സരത്തില്‍ വിക്കറ്റിന് പുറകിലും ധോണി ഒരു വലിയ നാഴികക്കല്ലില്‍ തൊട്ടു.  ടി 20 ക്രിക്കറ്റില്‍ 300 വിക്കറ്റുകളില്‍ പങ്കാളിയാവുന്ന ആദ്യ വിക്കറ്റ് കീപ്പറെന്ന നേട്ടമാണ് കഴിഞ്ഞ ദിവസം ആരാധകരുടെ സ്വന്തം തലയെ തേടിയെത്തിയത്. 

കഴിഞ്ഞ മത്സരത്തില്‍ ധോണിയുടെ നിറഞ്ഞാട്ടങ്ങള്‍ക്ക് പിറകില്‍ മുങ്ങിപ്പോയൊരു പ്രകടനം കൂടിയുണ്ട്. ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ റിഷബ് പന്തിന്‍റേതാണത്. ഏറെ കാലത്തെ ഇടവേളക്ക് ശേഷം ഐ.പി.എല്ലില്‍ തന്‍റെ തിരിച്ചു വരവിനെ അടയാളപ്പെടുത്തിയ പ്രകടനമാണ് പന്ത് വിശാഖപട്ടണത്ത് കാഴ്ചവച്ചത്. മൂന്നാമനായി ക്രീസിലെത്തിയ പന്ത് 32 പന്തില്‍ മൂന്ന് സിക്സുകളുടേയും നാല് ഫോറിന്‍റേയും അകമ്പടിയില്‍ 51 റണ്‍സ് അടിച്ചെടുത്തു. ഐ.പി.എല്ലിലെ 16 ാം അര്‍ധ സെഞ്ച്വറിയാണ് താരം തന്‍റെ പേരില്‍ എഴുതിച്ചേര്‍‌ത്തത്. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News