''കോഹ്‍ലി എന്‍റെ കൈ ബലമായി പിടിച്ച് വലിച്ചു''; മനസ്സു തുറന്ന് നവീനുല്‍ ഹഖ്
''സാധാരണ കളിക്കാർ കൈകൊടുക്കുന്നത് പോലെയാണ് ഞാൻ കോഹ്ലിക്ക് കൈ കൊടുത്തത്, എന്നാല്‍ സംഭവിച്ചത് മറ്റൊന്നാണ്''
കഴിഞ്ഞ സീസണ്‍ ഐ.പി.എല്ലിനെ ചൂടുപിടിപ്പിച്ച സംഭവങ്ങളിലൊന്നായിരുന്നു റോയല്‍ ചലഞ്ചേഴ്സ് ബാഗ്ലൂര്‍ താരം വിരാട് കോഹ്‍ലിയും ലഖ്നൌ സൂപ്പര്‍ ജയന്‍റ്സ് താരം നവീനുല്‍ ഹഖും തമ്മിലരങ്ങേറിയ വാക്കേറ്റം. കളിക്കിടെയുണ്ടായ സംഭവങ്ങള്‍ക്ക് ശേഷവും സോഷ്യല്‍ മീഡിയയില്‍ ഇരു താരങ്ങളും തമ്മിലുള്ള പോര് തുടര്‍ന്നു. ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരണവുമായെത്തിയിരിക്കുകയാണ് നവീനുല്‍ ഹഖ്. കോഹ്‍ലിയാണ് തന്നെ ആദ്യം പ്രകോപിപ്പിച്ചത് എന്നും താനല്ല പ്രശ്നങ്ങള്‍ക്ക് തുടക്കം കുറിച്ചത് എന്നും നവീനുല്‍ ഹഖ് പറഞ്ഞു.
''മൈതാനത്ത് ആ സമയത്തുണ്ടായിരുന്ന കളിക്കാർക്കറിയാം എന്താണ് സംഭവിച്ചത് എന്ന്. മത്സരത്തിന് ശേഷമോ ഞാൻ ബാറ്റ് ചെയ്യുമ്പോഴോ എന്റെ ക്ഷമ നശിച്ച് പോയിട്ടില്ല. മത്സരത്തിന് ശേഷം ഞാനെന്താണ് ചെയ്തത് എന്ന് നിങ്ങൾ കണ്ടതാണ്. സാധാരണ കളിക്കാർ കൈകൊടുക്കുന്നത് പോലെയാണ് ഞാൻ കോഹ്ലിക്ക് കൈ കൊടുത്തത്. എന്നാൽ ബലമായി അദ്ദേഹം എന്റെ കൈപിടിച്ച് വലിക്കുകയായിരുന്നു. ഞാനൊരു മനുഷ്യനാണ് സ്വാഭാവികമായും പ്രതികരിക്കും. സാധാരണ ഞാനാരെയും മൈതാനത്ത് പ്രകോപിപ്പിക്കാറില്ല. ഇനി അങ്ങനെ സംഭവിച്ചാൽ തന്നെ ബാറ്റർമാരെ ആയിരിക്കും ഞാൻ പ്രകോപിപ്പിക്കുക. എന്നാൽ ആ മത്സരത്തിൽ ഞാനൊരു വാക്ക് പോലും മിണ്ടിയിട്ടില്ല- നവീൻ പറഞ്ഞു.
ബാംഗ്ലൂര്‍ ലഖ്നൌ ഗ്രൂപ്പ് മത്സരത്തിനിടെയാണ് മൈതാനത്തെ ചൂടുപിടിപ്പിച്ച നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത് . ബാറ്റ് ചെയ്യുകയായിരുന്ന നവീനടുത്തേക്ക് രോഷത്തോടെ എത്തിയ കോഹ്ലി തന്റെ കാലിലെ ഷൂ ഉയർത്തി അതിന് താഴെയുള്ള പുല്ലെടുത്ത് കാണിച്ച് എന്തോ പറഞ്ഞു. പിന്നീട് അമ്പയറും നോൺ സ്‌ട്രൈക്കിങ് എന്റിലുണ്ടായിരുന്ന അമിത് മിശ്രയും ചേർന്ന് കോഹ്ലിയെ തടയാൻ ശ്രമിക്കുന്നത് കാണാം.തടയാന്‍ വന്ന അമിത് മിശ്രയോടും കോഹ്ലി തട്ടിക്കയറി. മിശ്ര കോഹ്ലിയോട് രൂക്ഷമായി തന്നെ പ്രതികരിച്ചു.
മത്സരത്തിന്റെ 17ാം ഓവറിൽ ഇരുവർക്കുമിടയിൽ ആരംഭിച്ച സംഘർഷം കളിക്ക് ശേഷവും തുടർന്നു. താരങ്ങൾ ഹസ്തദാനം നടത്തുന്നതിനിടെ കോഹ്ലി നവീനോട് എന്തോ പറയുന്നത് കാണാമായിരുന്നു. ഇത് താരത്തെ വല്ലാതെ ചൊടിപ്പിച്ചു. കോഹ്ലിയോട് നവീൻ കയർക്കുന്നത് കണ്ട സഹതാരങ്ങൾ താരത്തെ പിടിച്ചു മാറ്റി.