'തോൽവി അംഗീകരിക്കാൻ പഠിക്കൂ';ഗംഭീര്‍ കോഹ്‍ലി പോരില്‍ സെവാഗ്

ബാംഗ്ലൂര്‍ ലഖ്നൗ മത്സരത്തിന് ശേഷം കോഹ്‍ലിയും ഗംഭീറും മൈതാനത്ത് കൊമ്പുകോര്‍ത്തിരുന്നു

Update: 2023-05-04 12:23 GMT
Advertising

കഴിഞ്ഞയാഴ്ച ഐ.പി.എല്ലില്‍ ബാംഗ്ലൂര്‍ ലഖ്നൗ മത്സരത്തിന് ശേഷം മൈതാനത്ത് ചിലനാടകീയ രംഗങ്ങള്‍ അരങ്ങേറിയിരുന്നു. ലഖ്നൗ മെന്‍റര്‍  ഗൗതം ഗംഭീറും ബാംഗ്ലൂര്‍ സൂപ്പര്‍ താരം വിരാട് കോഹ്ലിയും തമ്മിൽ മൈതാനത്ത് വച്ച് വലിയ വാക്കേറ്റമാണുണ്ടായത്.

ലഖ്നൗ ഓൾറൗണ്ടർ കെയിൽ മെയേഴ്‌സിനോട് എന്തോ സംസാരിക്കുകയായിരുന്നു കോഹ്ലി. ആ സമയം മെയേഴ്‌സിന് അടുത്തേക്ക് നടന്നെത്തിയ ഗംഭീർ താരത്തെ കോഹ്ലിക്ക് അടുത്ത് നിന്ന് വിളിച്ച് കൊണ്ടു പോയി. ഇതിന് ശേഷം കോഹ്ലിയും ഗംഭീറും തമ്മിൽ ഗ്രൗണ്ടിൽ വാക്കേറ്റത്തിലേർപ്പെടുന്നതാണ് ആരാധകർ കണ്ടത്. സഹതാരങ്ങൾ ഇരുവരേയും പിടിച്ച് മാറ്റാൻ പിടിപ്പത് പണിപെട്ടു. സംഭവത്തില്‍ ഇരുതാരങ്ങള്‍ക്കും ബി.സി.സി.ഐ പിഴയേര്‍പ്പെടുത്തിയിരുന്നു. 

ഇപ്പോള്‍ ഈ സംഭവത്തില്‍ പ്രതികരണവുമായെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗ്. മത്സരത്തില്‍ തോറ്റ ടീം സമാധാനപൂര്‍വം തോല്‍വികള്‍ അംഗീകരിക്കാന്‍ പഠിക്കണമെന്ന് സെവാഗ് പറഞ്ഞു. 

''ആ മത്സരം കഴിഞ്ഞ് ഞാൻ ടി.വി ഓഫാക്കി. അതിന് ശേഷം പിന്നീട് മൈതാനത്ത് എന്താണ് നടന്നത് എന്നതിനെ കുറിച്ച് എനിക്കൊരു ഐഡിയയും ഉണ്ടായിരുന്നില്ല. പിറ്റേന്ന് രാവിലെ സോഷ്യൽ മീഡിയ തുറക്കുമ്പോഴാണ് വിവാദങ്ങളെ കുറിച്ച്  അറിയുന്നത്. അവിടെ നടന്നതൊന്നും ശരിയായ കാര്യമല്ല. തോറ്റ ടീം തോൽവികളെ ആദ്യം അംഗീകരിക്കാൻ പഠിക്കണം. വിജയിച്ച ടീം ആഘോഷിക്കട്ടെ.

എന്തിനാണ് ഇരുടീമിലേയും കളിക്കാർ തമ്മിൽ കൊമ്പ് കോർക്കുന്നത്. ഈ രണ്ട് താരങ്ങളും രാജ്യത്തിന്റെ അഭിമാന താരങ്ങളാണ്.കുട്ടികളടക്കം മില്യൺ കണക്കിന് ആരാധകർ അവരെ പിന്തുടരുന്നുണ്ട്. ഞങ്ങളുടെ പ്രിയപ്പെട്ട താരങ്ങൾ ഇങ്ങനെയൊക്കെ ചെയ്താൽ ഞങ്ങൾക്കും ഇതുപോലെ ചെയ്താലെന്താണെന്ന് അവർ ചോദിക്കില്ലേ. അവരിക്കാര്യം മനസിൽ സൂക്ഷിച്ചാൽ ഇതുപോലുള്ള സഭവങ്ങൾ ഒഴിവാക്കാം''-സെവാഗ് പറഞ്ഞു. 


Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News