പാഴാക്കിയത് നരൈനെ പുറത്താക്കാനുള്ള സുവര്‍ണാവസരം; പന്ത് ഉറങ്ങുകയാണോ?

മത്സരത്തിന് ശേഷം നരൈനെ പുറത്താക്കാനുള്ള അവസരം നഷ്ടപ്പെടുത്തിക്കളഞ്ഞതിനെ കുറിച്ച് ചോദിച്ചപ്പോൾ സ്‌റ്റേഡിയത്തിലെ ബിഗ് സ്‌ക്രീനിൽ ഡി.ആർ.എസ് ടൈമർ താൻ കണ്ടില്ല എന്നായിരുന്നു ഡൽഹി നായകന്റെ മറുപടി

Update: 2024-04-04 08:07 GMT

rishabh pant

Advertising

കഴിഞ്ഞ ദിവസം വിശാഖപട്ടണത്ത് സുനിൽ നരൈന്റെ വെടിക്കെട്ടാണ് ആരാധകർക്ക് വിരുന്നൊരുക്കിയത്. 39 പന്ത് നേരിട്ട നരൈൻ ഏഴ് സിക്‌സും ഏഴ് ഫോറും സഹിതം 85 റൺസാണ് അടിച്ചെടുത്തത്. സെഞ്ച്വറിക്ക് 15 റൺസകലെ മിച്ചൽ മാർഷിന്റെ പന്തിൽ പുറത്താവുമ്പോൾ കൊൽക്കത്തയുടെ റൺമലക്ക് അടിത്തറ പാകിക്കഴിഞ്ഞിരുന്നു താരം. 

അർധ സെഞ്ച്വറിയിലേക്ക് പോലുമെത്താതെ നരൈനെ കളിയിലെ നാലാം ഓവറിൽ തന്നെ പുറത്താക്കാനുള്ളൊരു സുവർണാവസരം ഡൽഹി ക്യാപ്റ്റൻ ഋഷബ് പന്ത് പാഴാക്കിക്കളഞ്ഞിരുന്നു. ഇശാന്ത് ശർമയുടെ നാലാം ഓവറിലെ മൂന്നാം പന്ത് നരൈന്റെ ബാറ്റിൽ തട്ടി ഡല്‍ഹി നായകന്‍റെ കൈകളിലേക്ക്. എന്നാൽ പന്ത് ബാറ്റിൽ തട്ടിയിട്ടില്ലെന്ന നിലപാടിലായിരുന്നു അമ്പയർ. ഡൽഹി താരങ്ങളാരും വലിയ രീതിയിൽ അപ്പീൽ ചെയ്തുമില്ല.

എന്നാൽ മിച്ചൽ മാർഷ് അടക്കം ചിലർക്ക് അത് ഔട്ടാണോ എന്ന് സംശയമുണ്ടായിരുന്നു. ഋഷബ് പന്തിനോട് റിവ്യൂവിന് പോവാൻ മാർഷ് ആവശ്യപ്പെട്ടു. കുറച്ച് നേരം ആശയക്കുഴപ്പത്തിൽ നിന്ന ഡല്‍ഹി നായകന്‍ ഒടുവിൽ ഡി.ആർ.എസ് വിളിച്ചു. പക്ഷെ അപ്പോഴേക്കും ഡി.ആർ.എസ് ടൈമറിൽ സമയം അവസാനിച്ചിരുന്നു. ഇക്കാര്യം അമ്പയർ ഡൽഹി ക്യാപ്റ്റനെ അറിയിക്കുകയും ചെയ്തു. പിന്നീട് വന്ന റീപ്ലേ ദൃശ്യങ്ങളിൽ നരൈന്റെ ബാറ്റിൽ ബോൾ ടച്ച് ചെയ്തിരുന്നു എന്ന് വ്യക്തമായിരുന്നു. ഇതോടെ നരൈനെ പുറത്താക്കാനുള്ള സുവർണാവസരമാണ് ഡൽഹി  നഷ്ടപ്പെടുത്തിക്കളഞ്ഞത്.

15ാം ഓവറിൽ കൊൽക്കത്ത ക്യാപ്റ്റൻ ശ്രേയസ് അയ്യരെ പുറത്താക്കാനുള്ള അവസരവും ആശയക്കുഴപ്പത്തിന്റെ പേരിൽ പന്ത് നഷ്ടപ്പെടുത്തിക്കളഞ്ഞിരുന്നു. റാസിഖ് ദർ സലാമിന്റെ പന്ത് ശ്രേയസ് അയ്യരുടെ ബാറ്റിൽ കൊണ്ട് ഡല്‍ഹി നായകന്‍റെ കയ്യിൽ വിശ്രമിച്ചു. റാസിഖ് ഉടൻ അപ്പീൽ ചെയ്തു. അമ്പയർ ഇക്കുറിയും വിക്കറ്റ് അനുവദിച്ചില്ല. ആശയക്കുഴപ്പത്തിലായിരുന്ന  പന്ത് ഡി.ആർ.എസ് വിളിക്കാനും കൂട്ടാക്കിയില്ല. റീപ്ലേകളിൽ പന്ത് ബാറ്റിൽ കൊണ്ടു എന്ന് വ്യക്തമായി. ഇതിന് ശേഷം രണ്ട് സിക്‌സ് അടക്കം 18 റൺസ് അടിച്ചെടുത്താണ് അയ്യർ മടങ്ങിയത്.

മത്സരത്തിന് ശേഷം സുനിൽ നരൈനെ പുറത്താക്കാനുള്ള അവസരം നഷ്ടപ്പെടുത്തിക്കളഞ്ഞതിനെ കുറിച്ച് ചോദിച്ചപ്പോൾ സ്‌റ്റേഡിയത്തിലെ ബിഗ് സ്‌ക്രീനിൽ ഡി.ആർ.എസ് ടൈമർ താൻ കണ്ടില്ല എന്നായിരുന്നു ഡൽഹി നായകന്റെ മറുപടി.

നേരത്തേ  രാജസ്ഥാൻ റോയൽസിനെതിരായ  മത്സരത്തിനിടെയും ഡി.ആര്‍.എസ് വിളിക്കുന്നതില്‍ പന്തിന്‍റെ ആശയക്കുഴപ്പം വലിയ ചര്‍ച്ചയായിരുന്നു. രാജസ്ഥാന്‍ ഇന്നിങ്സില്‍ എട്ടാം ഓവർ എറിയാനെത്തിയത് ഇന്ത്യൻ സ്പിന്നർ കുൽദീപ് യാദവ്. യാദവിന്റെ ഒരു പന്ത് റിവേഴ്‌സ് സ്വീപിന് ശ്രമിക്കുന്നതിനിടെ ജോസ് ബട്‌ലറുടെ പാഡിൽ കൊണ്ടു.

ഉടൻ ഡൽഹി ക്യാപ്റ്റനും കുൽദീപും അപ്പീൽ ചെയ്തു. എന്നാൽ അമ്പയർ വിക്കറ്റ് അനുവദിച്ചില്ല. റിവ്യൂ വിളിക്കണോ വേണ്ടയോ എന്ന ആശയക്കുഴപ്പത്തിലായിരുന്നു പന്ത്. എന്നാൽ കുൽദീപിന് അത് വിക്കറ്റാണെന്ന് ഉറപ്പായിരുന്നു. പന്തിനടുത്തേക്ക് ഓടിയെത്തിയ കുൽദീപ് ബലം പ്രയോഗിച്ച് ക്യാപ്റ്റന്‍റെ കൈ പിടിച്ച് ഡി.ആർ.എസ് വിളിപ്പിച്ചു. റീപ്ലെ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ ഡല്‍ഹിക്ക് അനുകൂലമായി തേര്‍ഡ് അമ്പയറുടെ വിധിയെത്തി. 

അതേ സമയം തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും കുറഞ്ഞ ഓവര്‍ നിരക്കിന് ഡല്‍ഹി ക്യാപിറ്റല്‍സിന് ബി.സി.സി.ഐ പിഴ വിധിച്ചു. മാച്ച് ഫീയുടെ 25 ശതമാനം ഓരോ താരങ്ങളും പിഴയടക്കണം. ഡല്‍ഹി നായകന്‍ ഋഷബ് പന്തിന്  25 ലക്ഷമാണ് പിഴ. നേരത്തേ ചൈന്നൈക്കെതിരായ മത്സരത്തിലും കുറഞ്ഞ ഓവര്‍ നിരക്കിന് ഡല്‍ഹി നായകനെതിരെ ബി.സി.സി.ഐ പിഴ ചുമത്തിയിരുന്നു. 12 ലക്ഷമായിരുന്നു അന്ന് പിഴ. 

വിശാഖപട്ടണത്ത് ഡല്‍ഹിക്കെതിരെ കൊല്‍ക്കത്ത അക്ഷരാര്‍ത്ഥത്തില്‍ റണ്‍മലയാണ് പടുത്തുയര്‍ത്തിയത്.  273 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഡൽഹിക്ക് 17.2ഓവറിൽ 166 റൺ​സെടുക്കാനേ ആയുള്ളൂ. 25 പന്തിൽ 55 റൺസെടുത്ത ഋഷഭ് പന്തും 32 പന്തിൽ 54 റൺസെടുത്ത ട്രിസ്റ്റൻ സ്റ്റബ്സും ​മാത്രമാണ് ഡൽഹിക്കായി ചെറുത്തുനിന്നത്.  ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ സ്കോറാണ് കുറിച്ചത്.

ദിവസങ്ങൾക്ക് മുമ്പ് സൺറൈസേഴ്സ് ഹൈദരാബാദ് തീർത്ത 277 റൺസിന്റെ റെ​ക്കോർഡ് ഒരുവേള കടപുഴകുമെന്ന്  തോന്നിയെങ്കിലും അവസാന ഓവറെറിഞ്ഞ ഇശാന്ത് ശർമ കൊൽക്കത്ത ബാറ്റർമാരെ പിടിച്ചുകെട്ടുകയായിരുന്നു. അര്‍ധ സെഞ്ച്വറി കുറിച്ച  സുനിൽ നരേനും അങ്ക്രിഷ് രഘുവൻശിയും ഒപ്പം അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച  ആന്ദ്രേ റസലും  റിങ്കുസിങ്ങും ചേര്‍ന്നാണ് ഡല്‍ഹിക്ക് മുന്നില്‍ കൂറ്റന്‍ റണ്‍മല പടുത്തുയര്‍ത്തിയത്. കളിച്ച 3 മത്സരങ്ങളും വിജയിച്ച കൊൽക്കത്ത  ജയത്തോടെ പോയന്റ് പട്ടികയിൽ ഒന്നാംസ്ഥാനത്തേക്ക് കയറി. നാലുമത്സരങ്ങളിൽ നിന്നും ഡൽഹിയുടെ മൂന്നാം തോൽവിയാണിത്.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News