ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ്: കലാശപ്പോര് സമനിലയായാൽ എന്തു ചെയ്യും; ആറാം ദിവസത്തേക്ക് കളി നീളുമോ?
ജൂൺ ഒന്നിന് ചേരുന്ന ഐസിസി യോഗത്തിൽ അന്തിമ തീരുമാനമുണ്ടാകും
പ്രഥമ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ കലാശപ്പോരിനായുള്ള കൗണ്ട്ഡൗൺ ആരംഭിച്ചുകഴിഞ്ഞിരിക്കുകയാണ്. ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരെല്ലാം ഉറ്റുനോക്കുന്നത് അടുത്ത മാസം 18ന് ഇംഗ്ലണ്ടിലെ സതാംപ്ടണിൽ ആരംഭിക്കാനിരിക്കുന്ന ഇന്ത്യ-ന്യൂസിലൻഡ് പോരാട്ടത്തിലേക്കാണ്. ഫൈനലുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ ക്രിക്കറ്റ് ലോകത്ത് ചൂടുപിടിക്കുകയാണിപ്പോൾ.
ഫൈനൽ മത്സരം സമനിലയായാൽ എന്തു ചെയ്യുമെന്ന കാര്യം തന്നെയാണ് ആരാധകരും ക്രിക്കറ്റ് വിദഗ്ധരും പ്രധാനമായും ചർച്ച ചെയ്യുന്നത്. റിസർവ് ദിവസമായി ആറാംദിനം പരിഗണിക്കുമെന്ന് ഐസിസി നേരത്തെ വ്യക്തമാക്കിയിരുന്നു. മത്സരം സമനിലയിലേക്ക് പോയാൽ അന്തിമ വിജയികളെ തീരുമാനിക്കാനുള്ളതാണോ ഈ ദിവസം എന്നാണ് ചർച്ച.
ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ആരംഭിക്കുമ്പോൾ ഐസിസി വ്യക്തമാക്കിയ നിയമങ്ങളിൽ ഫൈനൽ പോരാട്ടത്തിൽ ആറാം ദിവസത്തെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. ഇതോടൊപ്പം മത്സരം സമനിലയിലായാൽ ഇരുടീമുകളെയും വിജയികളായി പ്രഖ്യാപിക്കുമെന്നും അറിയിച്ചിരുന്നു. ഇതേക്കുറിച്ച് സംശയം നിലനിൽക്കെ റിസർവ് ദിനത്തെക്കുറിച്ചുള്ള തീരുമാനം മാറ്റിയതായും ചർച്ചയുണ്ട്.
അഞ്ചു ദിവസങ്ങളിലായി 30 മണിക്കൂറാണ് കളിക്കായി നിശ്ചയിച്ചിരിക്കുന്ന സമയം. ഇതിൽ ഏതെങ്കിലും ദിവസം നിശ്ചിത മണിക്കൂറിൽ കളി നടന്നിട്ടില്ലെങ്കിൽ അതു പരിഹരിക്കാനാണ് ആറാം ദിവസം റിസർവ് ഡേ ആയി പരിഗണിച്ചിരുന്നത്. ആകെ 450 ഓവറാണ് കളി നടക്കുക. ഇതു പൂർത്തിയാക്കിയില്ലെങ്കിലും ഒരുപക്ഷെ ആറാംദിവസത്തേക്ക് കളി നീണ്ടേക്കും. പ്രതികൂല കാലാവസ്ഥ കളിയുടെ ഫലത്തെ ബാധിക്കാതിരിക്കാനാണ് ഇത്തരത്തിലൊരു സംവിധാനമൊരുക്കിയിരുന്നതെന്നാണ് അറിയുന്നത്.
എന്നാൽ, ആറാം ദിവസം നിശ്ചിത മണിക്കൂറും ഓവർ ക്വാട്ടയും തികച്ച ശേഷവും വിജയികളെ കണ്ടെത്താനായില്ലെങ്കിൽ ദിവസം പൂർണമായി കളി നടന്നേക്കുമെന്നും അഭിപ്രായമുയർന്നിരുന്നു. ഏതായാലും, ഫൈനലിനെക്കുറിച്ചുള്ള ഒരു അന്തിമ തീരുമാനം ഇതുവരെ പുറത്തുവന്നിട്ടില്ല. ജൂൺ ഒന്നിന് ഐസിസി യോഗം ചേരുന്നുണ്ട്. ഫൈനലുമായി ബന്ധപ്പെട്ടുള്ള അന്തിമ ചിത്രം അന്നു പുറത്തുവരുമെന്നാണ് കരുതുന്നത്. ഇതോടൊപ്പം അടുത്ത ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ സാധ്യതയെക്കുറിച്ചും മത്സരക്രമത്തെക്കുറിച്ചും യോഗത്തിൽ പ്രഖ്യാപനമുണ്ടായേക്കാം.