'ആ റണ്ണൗട്ടിനെ കുറിച്ച് ജഡേജ പറഞ്ഞത്'; മനസ്സു തുറന്ന് സര്‍ഫറാസ് ഖാന്‍
82 ാം ഓവറില്‍ രവീന്ദ്ര ജഡേജയുടെ വലിയൊരു പിഴവിലാണ് സര്‍ഫറാസിന്‍റെ വിക്കറ്റ് വീണത്
രാജ്കോട്ട്: ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്ക് ശേഷം ഇന്ത്യന്‍ ടീമിലേക്കുള്ള തന്‍റെ പ്രവേശം അരങ്ങേറ്റത്തില്‍ തന്നെ ഗംഭീരമാക്കിയിരിക്കുകയാണ് സര്‍ഫറാസ് ഖാന്‍. വിശാഖ പട്ടണത്ത് അര്‍ധ സെഞ്ച്വറിയുമായി കളം നിറഞ്ഞ താരം ഏകദിന ശൈലിയിലാണ് ബാറ്റ് വീശിയത്. 66 പന്തുകളിൽ നിന്ന് 62 റണ്‍സെടുത്ത സര്‍ഫറാസിന്‍റെ ഇന്നിങ്സിന് ഒമ്പത് ഫോറും ഒരു സിക്‌സും അകമ്പടി ചാര്‍ത്തി. മത്സരത്തില്‍ സെഞ്ച്വറി കുറിച്ച രവീന്ദ്ര ജഡേജയുടെ വലിയൊരു പിഴവിലാണ് സര്‍ഫറാസിന്‍റെ വിക്കറ്റ് വീണത്.
82 ആം ഓവറിലെ അഞ്ചാം പന്ത് മിഡ് ഓണിലേക്ക് തട്ടിയിട്ട് ജഡേജ റണ്ണിനായി ഓടി. എന്നാൽ പന്ത് മാർക്ക് വുഡിന്റെ കയ്യിലേക്കാണെത്തിയത്. റണ്ണൗട്ടാവുമെന്ന് ഉറപ്പുണ്ടായിരുന്ന ജഡേജ തിരിഞ്ഞ് ക്രീസിലേക്ക് തന്നെ ഓടി. റണ്ണിനായി സ്റ്റാര്‍ട്ട് ചെയ്ത സർഫറാസ് വുഡിന്റെ ഡയറക്ട് ഹിറ്റിൽ പുറത്ത്. ജഡേജയെ തിരിഞ്ഞു നോക്കി നിരാശയോടെ നിൽക്കുന്ന സർഫറാസിനെ മൈതാനത്ത് കാണാമായിരുന്നു. ഇപ്പോഴിതാ കളിക്ക് ശേഷം ആ റണ്ണൗട്ടിനെ കുറിച്ച് ജഡേജ തന്നോട് പറഞ്ഞ കാര്യങ്ങള്‍ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് സര്‍ഫറാസ്. തങ്ങള്‍ക്കിടയില്‍ സംഭവിച്ചൊരു ആശയക്കുഴപ്പാണ് വിക്കറ്റില്‍ കലാശിച്ചതെന്നും കളിയില്‍ ഇത് സര്‍വസാധാരണമാണെന്നും സര്‍ഫറാസ് പറഞ്ഞു.
''ആ സമയത്ത് ഞങ്ങൾക്കിടയിലുണ്ടായ ആശക്കുഴപ്പമായിരുന്നു അത്. കളിക്ക് ശേഷം ജഡേജ എന്നോടത് പറയുകയും ചെയ്തു. അത് സാരമില്ലെന്ന് ഞാൻ അദ്ദേഹത്തിന് മറുപടി നൽകി.ഇത് കളിയുടെ ഭാഗമാണ്''- സര്‍ഫറാസ് പറഞ്ഞു. കളിയിലുടനീളം ജഡേജ തനിക്ക് വലിയ പിന്തുണയാണ് നല്‍കിയതെന്ന് സര്‍ഫറാസ് കൂട്ടിച്ചേര്‍ത്തു.
''ബാറ്റ് ചെയ്യുമ്പോൾ സംസാരിച്ച് കൊണ്ടേയിരിക്കാൻ എനിക്ക് വലിയ ഇഷ്ടമാണ്. അതെനിക്ക് വലിയ ഊർജം നൽകും. ഇത് ഞാൻ ജഡേജയോട് പറയുകയും ചെയ്തു. ഞാൻ ക്രീസിലുണ്ടായിരുന്ന സമയത്തൊക്കെ പിന്നീട് ജഡേജ എന്നോട് സംസാരിച്ച് കൊണ്ടേയിരുന്നു. വലിയ പിന്തുണയാണ് അദ്ദേഹം എനിക്ക് തന്നത്. അരങ്ങേറ്റക്കാർ എത്ര മാത്രം പരിഭ്രമത്തോടെയാണ് ക്രീസിലുണ്ടാവുക എന്ന് അദ്ദേഹത്തിനറിയാം. അദ്ദേഹത്തിന്‍റെ അരങ്ങേറ്റത്തിലെ അനുഭവങ്ങള്‍ മത്സരത്തിന് മുമ്പ് എനിക്ക് പറഞ്ഞു തന്നു. ഞാനൊരൽപ്പം പരിഭ്രമത്തിൽ തന്നെയായിരുന്നു. ആദ്യ സ്വീപ്പ് കളിക്കാനുള്ള എന്റെ ശ്രമം പരാജയമായിരുന്നു. ആ സമയം ജഡേജ എന്നോട് സമയമെടുക്കൂ എന്ന് പറഞ്ഞ് ഊർജം നൽകി''- സര്‍ഫറാസ് പറഞ്ഞു.
ഏറെ കാലം ആഭ്യന്തര ക്രിക്കറ്റിൽ 'വിരാട് കോഹ്‌ലി'യായി വിരാജിച്ച സര്‍ഫറാസിന് ലോകേഷ് രാഹുലടക്കമുള്ള സീനിയർ താരങ്ങള്‍ക്ക് പരിക്കേറ്റതോടെയാണ് ടീമിൽ അവസരം ലഭിച്ചത് തന്നെ.എന്നാൽ വിശാഖപ്പട്ടണം ടെസ്റ്റിൽ താരത്തിന് പുറത്തിരിക്കേണ്ടിവന്നു. ഭാഗ്യമെത്തിയത് രാജ്‌കോട്ടിൽ. അഞ്ചാമനായാണ് സർഫറാസ് ക്രീസിലെത്തിയത്. രോഹിത് ശർമ്മ പുറത്തായതിന് പിന്നാലെയായിരുന്നു സർഫറാസിന്റെ പ്രവേശം. മാർക്ക് വുഡായിരുന്നു ബൗളർ. നേരിട്ട അഞ്ചാം പന്തിലാണ് സർഫറാസ് അക്കൗണ്ട് തുറന്നത്. ആദ്യ നാല് പന്തുകളും പിച്ചിനെ റീഡ് ചെയ്ത് കരുതലോടെ കളിച്ചു.
അഞ്ചാം പന്തിനെ മിഡ് വിക്കറ്റിലേക്ക് കളിച്ച സർഫറാസ്, മൂന്ന് റൺസ് ഓടിയെടുക്കുകയായിരുന്നു. പിന്നിടങ്ങോട്ട് ആ 'മൊമന്റം' സർഫറാസ് തുടർന്നു. തനത് ടെസ്റ്റ് ശൈലിയില്‍ നിന്ന് അൽപ്പം മാറി ഏകദിന ടച്ചിലായിരുന്നു താരത്തിന്റെ ബാറ്റിങ്. പ്രതിരോധം ആവശ്യമുള്ളപ്പോൾ മാത്രം ആ ബാറ്റിൽ നിന്നും വന്നു. മോശം പന്തുകളെ മികച്ച രീതിയിൽ തന്നെ താരം നേരിടുകയും ചെയ്തു.
സ്പിന്നർ രെഹാൻ അഹമ്മദിനെതിരെയാണ് സർഫറാസ് ആദ്യ ബൗണ്ടറി നേടുന്നത്. നേരിട്ട 48ാം പന്തിൽ തന്നെ അർധ സെഞ്ച്വറി കണ്ടെത്തി, അതും ഒരു സിക്സര്‍ പറത്തി. ടോം ഹാട്ലിയെയായിരുന്നു താരം ഗ്യാലറിയില്‍ എത്തിച്ചത്. എന്നാൽ വ്യക്തിഗത സ്‌കോർ 62ൽ നിൽക്കെ താരം റൺഔട്ടായി. 66 പന്തുകളിൽ നിന്ന് ഒമ്പത് ഫോറും ഒരു സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.