സൊകോറയുടെ പ്രതികാരം; വംശീയതയെ മൈതാനത്ത് ചവിട്ടിക്കൂട്ടിയ കഥ
പന്തുമായി അയാൾ മുന്നേറ്റങ്ങൾ നടത്തുമ്പോഴൊക്കെ എതിർ താരങ്ങൾ കൂട്ടമായി ആക്രമിക്കാനെത്തി. ഒടുവിൽ സൊകോറയുടെ ഊഴമായി
വംശീയതയെ എങ്ങനെയാണ് മൈതാനങ്ങളില്‍ നേരിടേണ്ടത്? മൈതാനത്ത് വച്ച് തന്നെ കായികമായി അതിനെ നേരിട്ടാല്‍ എങ്ങനെയുണ്ടാവും. നിങ്ങളതിനെ പിന്തുണക്കുമോ? ഫുട്ബോള്‍ ചരിത്രത്തില്‍ അങ്ങനെയൊരു സംഭവം അരങ്ങേറിയിട്ടുണ്ട്. 2012 ഏപ്രില്‍ 15. ഇസ്താംബൂള്‍ നഗരത്തില്‍ തുര്‍ക്കിഷ് സൂപ്പര്‍ ലീഗിലെ ഒരാവേശപ്പോര് നടക്കുകയാണ്. കരുത്തരായ ഫെനർബാഷേ ട്രാാബ്‌സോൺസ്‌പോറിനെ നേരിടുന്നു.മത്സരത്തിനിടെ മൈതാനത്ത് വച്ച് ഫെനർബാഷേ താരം എമിറെ ബെലോസോഗ്ലുവും എതിർ താരം ദിദിയര്‍ സൊകോറയും തമ്മിൽ ഒരു വാക്കേറ്റമുണ്ടായി. റഫറിയുടെ കൺമുന്നിൽ വച്ചരങ്ങേറിയ വാക്കേറ്റത്തിനിടെ എമിറെ സൊകോറയെ വംശീയമായി അധിക്ഷേപിക്കുന്നു. സൊകോറ ഉടൻ തന്നെ റഫറിയോട് ഇക്കാര്യം ചൂണ്ടിക്കാണിച്ചു. കളിക്ക് ശേഷം എമിറെക്കെതിരെ തുർക്കിഷ് ഫുട്‌ബോൾ ഫെഡറേഷൻ നടപടിയെടുത്തു. മൂന്ന് മത്സരങ്ങളിൽ താരത്തിന് വിലക്ക്. റഫറിയുടെ കൺമുന്നിൽ വച്ചരങ്ങേറിയ വംശീയാധിക്ഷേപത്തിന് എട്ടോ ഒമ്പതോ മത്സരങ്ങളിൽ വരെ വിലക്ക് നേരിടേണ്ടിയിരുന്ന താരത്തിനാണ് ഫെഡറേഷൻ ശിക്ഷയിൽ ഇളവ് നൽകിയത്. സൊകോറ ഇതിനെതിരെ പരസ്യമായി രംഗത്തെത്തി.
''എന്റെ ജീവിതത്തിൽ ആദ്യമായാണ് ഇങ്ങനെയൊരു സംഭവം അരങ്ങേറുന്നത്. അയാളെന്റെ അടുത്ത് വന്ന് വർണവെറി കലർന്ന ചില വാചകങ്ങൾ തുപ്പി. എന്ത് കൊണ്ടാണ് അയാളങ്ങനെ പറഞ്ഞത് എന്നെനിക്കറിയില്ല. ഞങ്ങൾ കളിക്കളത്തിൽ ഒരേ ജോലിയാണെടുക്കുന്നത്. എന്റെ നിറമെങ്ങനെയാണ് ഇവിടെ വിഷയമാകുന്നത്. അയാളുടെ ടീമിലും കറുത്ത വർഗക്കാരുണ്ടല്ലോ.. അവരേയും അയാൾ ഇത് പോലെ അധിക്ഷേപിക്കുമോ. ഈ ശിക്ഷ വളരെ കുറഞ്ഞ് പോയെന്നാണ് എന്റെ പക്ഷം''- സൊകോറ മാധ്യമങ്ങളോട് പ്രതികരിച്ചു.
2012 മെയ് ആറ്. തുർക്കിഷ് ലീഗിനെ പിടിച്ചു കുലുക്കിയ വംശീയാധിക്ഷേപത്തിന് ശേഷം ഒരിക്കൽ കൂടി ഫെനർബാഷേയും ട്രാബ്‌സോൺസ്‌പോറും മൈതാനത്ത് നേർക്കുനേർ വരുന്നു. അപ്പോഴേക്കും വിലക്ക് കഴിഞ്ഞ് എമിറെ ടീമിൽ തിരിച്ചെത്തിയിരുന്നു. കളിക്ക് മുമ്പ് സൊകോറ എമിറെക്ക് കൈകൊടുക്കാൻ കൂട്ടാക്കിയില്ല. എന്നാൽ അതിലും വലിയ ചിലത് എമിറെയെ ആ മൈതാനത്ത് കാത്തിരിപ്പുണ്ടായിരുന്നു. കളിയാരംഭിച്ചു. എമിറെയുടെ കാലിൽ പന്തെത്തുമ്പോഴൊക്കെ ട്രാബ്‌സോൺസ്‌പോർ താരങ്ങൾ ഒന്നായി അയാൾക്കെതിരെ ചീറിയടുത്തു. പലവുരു അയാൾ ക്രൂരമായ ഫൗളുകൾക്കിരയായി. അക്ഷരാർത്ഥത്തിയിൽ എമിറെയെ മൈതാനത്തിട്ട് ചവിട്ടിക്കൂട്ടുകയായിരുന്നു എന്ന് തന്നെ പറയേണ്ടി വരും.
പന്തുമായി അയാൾ മുന്നേറ്റങ്ങൾ നടത്തുമ്പോഴൊക്കെ എതിർ താരങ്ങൾ അയാളെ കൂട്ടമായി ആക്രമിക്കാനെത്തി. ഒടുവിൽ സൊകോറയുടെ ഊഴമായി. ഫൈനൽ വിസിൽ മുഴങ്ങാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കേ തനിക്കെതിരെ വംശീയത തുപ്പിയ എമിറെയെ അയാൾ ഗ്രൗണ്ടിൽ അപകടകരമായൊരു ടാക്ലിങ്ങിൽ ചവിട്ടി വീഴ്ത്തി. എമിറെ വേദന കൊണ്ട് മൈതാനത്ത് പിടഞ്ഞു വീണു. അത്രയും അപകടകരമായ ഫൗളിന് റഫറി സൊകോറക്ക് മഞ്ഞക്കാർഡാണ് നൽകിയത്. അക്ഷരാര്‍ത്ഥത്തില്‍ ആ മൈതാനം ഒന്നടങ്കം സൊകോറക്കൊപ്പമായിരുന്നു. കളിക്ക് ശേഷം തനിക്ക് ജീവൻ തിരിച്ച് കിട്ടിയത് തന്നെ ഭാഗ്യമായെന്നാണ് എമിറെ പ്രതികരിച്ചത്. തന്റെ ജനനേന്ദ്രിയത്തിലാണ് സൊകോറ ചവിട്ടിയതെന്നും തനിക്ക് കുഞ്ഞുങ്ങളുണ്ടാവില്ലേയെന്ന് ഭയന്നു പോയെന്നും എമിറെ പറഞ്ഞു. രണ്ട് വർഷത്തിന് ശേഷം വംശീയാധിക്ഷേപത്തിൽ എമിറേക്ക് രണ്ടര മാസം തടവ് ശിക്ഷ ലഭിച്ചു. തുർക്കിഷ് ഫുട്‌ബോളിന്റെ ചരിത്രത്തിൽ ഒരു താരത്തിന് വംശീയാധിക്ഷേപത്തിന് തടവ് ശിക്ഷ ലഭിക്കുന്നത് അത് ആദ്യമായിട്ടായിരുന്നു.
വംശീയതക്കെതിരായ പോരാട്ടങ്ങള്‍ പിന്നെയുമൊരുപാട് തവണ ഫുട്ബോള്‍ ലോകം കണ്ടിട്ടുണ്ട്. 2011ൽ ലിവർപൂളും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിൽ നടന്ന ലീഗ് മത്സരത്തിൽ മാഞ്ചസ്റ്റർ താരം പാട്രിക് എവ്‌റക്കെതിരെ ലിവർപൂൾ സൂപ്പർതാരം ലൂയി സുവാരസ് വംശീയാധിക്ഷേപം നടത്തിയതായി തെളിഞ്ഞു. അതിനെ തുടർന്ന് സുവാരസിന് 90,000 ഡോളർ പിഴയും എട്ട് മത്സരങ്ങളിൽ വിലക്കും ഏർപ്പെടുത്തി. എന്നാൽ പിന്നീട് നടന്ന മത്സരങ്ങളിലും സുവാരസ് -പാട്രിക് എവ്‌റ പോര് തുടർക്കഥയായി. വിലക്ക് കഴിഞ്ഞ് തിരിച്ചു വന്നതിന് ശേഷം ആദ്യ മത്സരത്തിൽ കളിക്കാർക്ക് കൈ കൊടുത്തു കൊണ്ടിരിക്കെ സുവാരസ് എവ്‌റക്ക് കൈകൊടുക്കാൻ വിസമ്മതിച്ചു. ഫുട്‌ബോൾ ലോകത്തിന് ഒന്നടങ്കം നാണക്കേടുണ്ടാക്കിയ ഈ സംഭവത്തിന് എവ്‌റ കളിക്കളത്തിൽ വച്ച് തന്നെ മറുപടി നൽകി.
ബാഴ്‌സലോണ ഇതിഹാസം സാമുവൽ ഏറ്റു.ബ്രസീലിയൻ ഇതിഹാസം റോബർട്ടോ കാർലോസ്.. സാന്റോസ് ഗോൾകീപ്പറായിരുന്ന അരാന.. ചെല്‍സി താരം താരം റഹീം സ്റ്റർലിങ്. മുന്‍ ഇറ്റാലിയന്‍ താരം മരിയോ ബലോട്ടല്ലി, ഇംഗ്ലീഷ് താരങ്ങളായ ജേര്‍ഡന്‍ സാഞ്ചോ, ബുകായോ സാക, മാര്‍കസ് റഷ്ഫോര്‍ഡ്.. റയല്‍ സൂപ്പര്‍ താരം വിനീഷ്യസ് ജൂനിയര്‍.. ഇപ്പോഴിതാ ഫ്രഞ്ച് ഫുട്ബോള്‍ താരങ്ങളും. ഗാലറികളുടെ വംശവെറിക്കിരകളായവരുടെ പട്ടിക ഇങ്ങനെ നീണ്ടു നീണ്ടു പോവുകയാണ്.