'ഗംഭീറിനോട് അത് പറയാൻ ഞാനാരാണ്'; ചർച്ചയായി ജയ്ഷായുടെ മറുപടി
'പരിശീലകനെ നിയമിച്ച് കഴിഞ്ഞാൽ അദ്ദേഹത്തെ കേൾക്കുക എന്നതാണ് ബോർഡിന്റെ രീതി'
ഇന്ത്യൻ ക്രിക്കറ്റ് ടീമിന് മൂന്ന് ഫോർമാറ്റിൽ മൂന്ന് പരിശീലകർ വേണമെന്ന ആവശ്യം തള്ളി ബി.സി.സി.ഐ സെക്രട്ടറി ജയ്ഷാ. പരിശീലകനെ ഒരിക്കൽ നിയമിച്ച് കഴിഞ്ഞാൽ അദ്ദേഹത്തെ കേൾക്കുക എന്നതാണ് ബോർഡിന്റെ രീതിയെന്നും ഗംഭീറിനോട് ഏതെങ്കിലും ഒരു ഫോർമാറ്റിൽ നിന്ന് ഒഴിയണം എന്ന് ആവശ്യപ്പെടാൻ താൻ ആളല്ലെന്നും ജയ്ഷാ പറഞ്ഞു.
'ഞങ്ങൾ തെരഞ്ഞെടുത്ത പരിശീലകനെ കേൾക്കൽ ഞങ്ങളുടെ ബാധ്യതയാണ്. ഞങ്ങൾ ഗംഭീറിനെ പരിശീലകനായി നിയമിച്ച് കഴിഞ്ഞു. മൂന്ന് ഫോർമാറ്റിലും അദ്ദേഹത്തിന് പരിശീലിപ്പിക്കാൻ ആഗ്രഹമുണ്ടെങ്കിൽ അദ്ദേഹത്തോട് ഒരു ഫോർമാറ്റിൽ നിങ്ങൾ പരിശീലിപ്പിക്കരുത് എന്ന് പറയാൻ ഞാനാരാണ്. ഏറിയോ കുറഞ്ഞോ ടീമിലെ 70 ശതമാനം കളിക്കാർ മൂന്ന് ഫോർമാറ്റിലും കളിക്കുന്നുണ്ട്'- ജയ്ഷാ പറഞ്ഞു.
ഗംഭീർ പരിശീലന ചുമതലയേറ്റെടുത്ത ശേഷം ശ്രീലങ്കൻ പര്യടനത്തിലാണ് ഇന്ത്യ ആദ്യമായി കളിച്ചത്. ടി20 പരമ്പര ഇന്ത്യ തൂത്തുവാരിയപ്പോൾ ഏകദിന പരമ്പര ലങ്കക്ക് മുന്നിൽ അടിയറ വക്കേണ്ടി വന്നു. അടുത്ത വർഷം അരങ്ങേറാനിരിക്കുന്ന ചാമ്പ്യൻസ് ട്രോഫിയാണ് ഗംഭീറിന് മുന്നിൽ ഇനിയുള്ള വലിയ ടൂർണമെന്റ്. ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിലെ തോൽവി അദ്ദേഹത്തെ ഇരുത്തിച്ചിന്തിപ്പിക്കും എന്നുറപ്പ്.