കോഹ്ലിയെ മാറ്റി രോഹിതിനെ ക്യാപ്റ്റനാക്കിയത് എന്തിന്? കാരണം പറഞ്ഞ് ഗാംഗുലി
കോഹ്ലിയെ ക്യാപ്റ്റന്‍സിയില്‍ നിന്ന് മാറ്റിയ തീരുമാനം 2022 ല്‍ ഏറെ വിവാദമായിരുന്നു
2022 ലാണ് വിരാട് കോഹ്‍ലി ഇന്ത്യൻ നായകസ്ഥാനമൊഴിയുന്നതും രോഹിത് ശർമ സ്ഥാനമേറ്റെടുക്കുന്നതും. അക്കാലത്ത് സൗരവ് ഗാംഗുലിയായിരുന്നു ബി.സി.സി.ഐ പ്രസിഡന്റ്. കോഹ്ലിയോട് അഭിപ്രായം ചോദിക്കാതെയായിരുന്നു അന്ന് ബി.സി.സി.ഐ തീരുമാനമെടുത്തത്. ഇതിനെ ചൊല്ലി ഏറെ വിവാദങ്ങള്‍ അരങ്ങേറി.
2021 ടി20 ലോകകപ്പിലെ തോൽവിക്ക് പിറകേയാണ് കോഹ്ലിയെ ടി 20 നായകസ്ഥാനത്ത് മാറ്റാന്‍ തീരുമാനമെടുത്തത്. പിന്നീട് ഏകദിന ക്യാപ്റ്റന്‍സിയില്‍ നിന്നും നീക്കി. ഏറെ വിവാദങ്ങൾക്ക് വഴിവച്ച ഈ തീരുമാനത്തിൽ കോഹ്ലി അതൃപ്തനായിരുന്നു. പിന്നീട് താരം ടെസ്റ്റ് ക്യാപ്റ്റൻസി സ്വയം ഒഴിയുകയായിരുന്നു.
ഇപ്പോഴിതാ കോഹ്ലിയെ മാറ്റി രോഹിതിനെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് കൊണ്ടു വരാനുള്ള കാരണം പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഗാംഗുലി. രോഹിതിന്റെ പ്രതിഭ തിരിച്ചറിഞ്ഞാണ് ക്യാപ്റ്റൻസി കൈമാറിയതെന്നാണ് ഗാംഗുലിയുടെ വെളിപ്പെടുത്തൽ.
''ലോകകപ്പിൽ രോഹിത് ഇന്ത്യയെ നയിച്ചത് എങ്ങനെയാണ് എന്ന് നോക്കൂ. കലാശപ്പോര് വരെ ഇന്ത്യയെ എത്തിച്ചു. ഫൈനലിൽ തോൽക്കുന്നത് വരെ ടൂർണമെന്റിലെ ഏറ്റവും മികച്ച ടീം ഇന്ത്യയായിരുന്നു. ഐ.പി.എല്ലിലും അവൻ ഇത് തെളിയിച്ചിട്ടുണ്ട്. ഞാൻ ബി.സി.സി.സി ഐ പ്രസിഡന്റ് ആയിരുന്ന കാലത്താണ് അയാൾ ക്യാപ്റ്റൻ സ്ഥാനമേറ്റെടുത്തത്്. അയാൾ ടീമിനെ മനോഹരമായി നയിക്കുന്നതിൽ എനിക്ക് അത്ഭുതമൊന്നും തോന്നുന്നില്ല. അയാളുടെ പ്രതിഭ കണ്ടാണ് ഞാനയാളെ ക്യാപ്റ്റനാക്കിയത്.''- ഗാംഗുലി പറഞ്ഞു.
ഏറ്റവും ഒടുവില്‍ ഇംഗ്ലണ്ടിനെതിരായ പരമ്പര വിജയത്തോടെ ഇന്ത്യന്‍ മണ്ണില്‍ തുടര്‍ച്ചയായി 17 ാം ടെസ്റ്റ് പരമ്പരയാണ് രോഹിതിന് കീഴില്‍ ഇന്ത്യ നേടുന്നത്. അതേ സമയം ഏറെ കാലത്തിന് ശേഷം ഐ.പി.എല്‍ ടീമായ മുംബൈ ഇന്ത്യന്‍സിന്‍റെ നായക സ്ഥാനത്ത് നിന്ന് ടീം രോഹിതിനെ മാറ്റിയിരുന്നു. ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്ന് തിരിച്ചെത്തിയ ഹര്‍ദിക് പാണ്ഡ്യയെയാണ് രോഹിതിന് പകരം ടീം ക്യാപ്റ്റന്‍സി ഏല്‍പിച്ചത്.