'തഴഞ്ഞതല്ല'; ഏകദിന പരമ്പരയിൽ സഞ്ജുവിനെ ടീമിലെടുക്കാത്തതിന്‍റെ കാരണം വ്യക്തമാക്കി ബി.സി.സി.ഐ
സഞ്ജുവിനെ തഴഞ്ഞതിനെതിരെ വിമര്‍ശനങ്ങളുമായി ആരാധകരും മുന്‍ താരങ്ങളുമടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു
ആസ്ത്രേലിയക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുമ്പോള്‍ ഏറെ പ്രതീക്ഷയിലായിരുന്നു മലയാളി ക്രിക്കറ്റ് ആരാധകര്‍. പരിക്കില്‍ നിന്ന് മോചിതനായ സഞ്ജു സാംസണ്‍ വീണ്ടും ടീമിലിടം പിടിക്കുമെന്നാണ് ആരാധകര്‍ കരുതിയിരുന്നത്.
ജനുവരിയില്‍ ശ്രീലങ്കക്കെതിരായ ടി20 പരമ്പരക്കിടെ പരിക്കേറ്റ് ടീമില്‍ നിന്ന് പുറത്തായ താരം പരിക്ക് ഭേദമായി തിരിച്ചെത്തിയ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ ടീം പ്രഖ്യാപിച്ചപ്പോള്‍ എല്ലാ തവണത്തേയും പോലെ ഇക്കുറിയും സഞ്ജു തഴയപ്പെട്ടു. ഇതിനെതിരെ വലിയ വിമര്‍ശനങ്ങളുമായി ആരാധകരും മുന്‍ താരങ്ങളുമടക്കമുള്ളവര്‍ രംഗത്തെത്തി.
ഇപ്പോളിതാ ഇക്കാര്യത്തിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ബി.സി.സി.ഐ. താരത്തെ തഴഞ്ഞതല്ലെന്നും സഞ്ജു പൂർണ കായികക്ഷമത കൈവരിക്കാത്തത് കൊണ്ടാണ് ടീമിൽ ഉൾപ്പെടുത്താതിരുന്നത് എന്നുമാണ് ബി.സി.സി.ഐ വൃത്തങ്ങളെ ഉദ്ധരിച്ച് ഇൻസൈഡ് സ്‌പോർട്സ് റിപ്പോർട്ട് ചെയ്യുന്നത്. പരിക്കിൽ നിന്ന് പൂർണമായും മോചിതനാവാത്ത സഞ്ജു ഇപ്പോഴും ബംഗലൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണ് ഉള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു. തിരക്കിട്ട മത്സരക്രമം കാരണം രണ്ടാം ഏകദിനത്തില്‍ താരത്തെ ഉൾപ്പെടുത്താനാവുമോ എന്ന കാര്യവും സംശയമാണെന്ന് ബി.സി.സി.ഐ പ്രതിനിധി വ്യക്തമാക്കി.
ഇപ്പോള്‍ ടീമില്‍ ഇടംപിടിച്ച പല താരങ്ങളേക്കാളും മികച്ച ശരാശരിയുള്ള സഞ്ജു മാത്രം ഇപ്പോഴും തഴയപ്പെടുന്നത് എന്ത് കൊണ്ടാണെന്നാണ് ആരാധകർ ചോദിക്കുന്നത്.