''ഇതിഹാസത്തിനും മകനുമൊപ്പം''; സോഷ്യല്‍ മീഡിയയില്‍ തരംഗമായി ഒരു ചിത്രം
ചെസ് ഫോട്ടോ ഗ്രാഫറായ മരിയ എമേലിയനോവ പകര്‍ത്തിയ ചിത്രമാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്
ചെസ് ലോകകപ്പ് വേദിയിൽ തന്റെ മകൻ മാധ്യമ പ്രവർത്തകരോട് സംസാരിക്കുമ്പോൾ സാകൂതം വീക്ഷിക്കൊന്നൊരു അമ്മയുടെ ചിത്രം കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ''ആ അമ്മയുടെ കണ്ണുകൾ കണ്ടോ... എത്ര അത്ഭുതത്തോടെയാണ് അവർ മകനെ നോക്കി നിൽക്കുന്നത്. ആ കണ്ണുകൾ എല്ലാം പറയും... തന്റെ മകനെക്കുറിച്ച അഭിമാന ബോധമാണാ മുഖത്ത്...''അങ്ങനെ പോകുന്നു സോഷ്യൽ മീഡിയാ തലവാചകങ്ങൾ.
ചെസ് ലോകകപ്പിന്റെ ചരിത്രത്തിൽ വിശ്വനാഥന്‍ ആനന്ദിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യക്കാരൻ ഫൈനലില്‍ പ്രവേശിക്കുന്നത്.അതും ഒരു പതിനെട്ടുകാരൻ. രമേശ് ബാബു പ്രഗ്യാനന്ദ എന്ന ഈ കൗമാര വിസ്മയത്തിന്റെ പിറകിൽ നിഴലു പോലെ അവന്റെ അമ്മയുണ്ട്. ചെസ് ലോകകപ്പിന്റെ കലാശപ്പോരിന് ടിക്കറ്റെടുക്കുമ്പോൾ മത്സരം നടക്കുന്ന മുറിയുടെ ഒരു മൂലയിൽ കസേരയിലിരുന്ന് തന്റെ സാരിത്തലപ്പ് കൊണ്ട് നാഗലക്ഷ്മി എന്ന ആ അമ്മ കണ്ണ് തുടച്ചു. മാധ്യമ പ്രവർത്തകരോട് പ്രഗ്യാനന്ദ സംസാരിക്കുമ്പോൾ അഭിമാനത്തോടെ അവർ അവനെ തന്നെ നോക്കി നിന്നു.
ഇപ്പോഴിതാ ചെസ് ഫോട്ടോ ഗ്രാഫറായ മരിയ എമേലിയനോവ പകര്‍ത്തിയ നാഗലക്ഷ്മിയുടേയും പ്രാഗിന്‍റേയും ഒരു ചിത്രവും ആ ചിത്രത്തിന്‍റെ തലവാചകവും എക്സില്‍ തരംഗമാവുകയാണ്. ''ഇതിഹാസത്തിനും അവരുടെ മകനുമൊപ്പമൊരു സെല്‍ഫി'' എന്നാണ് ചിത്രം പങ്കുവച്ച് മരിയ കുറിച്ചത്. ചിത്രത്തേക്കാള്‍ വൈറലായത് മരിയയുടെ ക്യാപ്ഷനാണ്. നിരവധി പേരാണ് മരിയയുടെ പോസ്റ്റ് പങ്കുവച്ചത്.
''പ്രഗ്യാനന്ദയെ പോലെ അവന്റെ അമ്മയും കയ്യടിയർഹിക്കുന്നുണ്ട്. എല്ലാ ടൂർണമെന്റുകളിലും അമ്മ കൂടെയുണ്ടെങ്കിൽ ആ സാന്നിധ്യം നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. ഈ സ്‌പെഷ്യൽ സപ്പോർട്ട് തുടരട്ടെ'' ഇത് കുറിച്ചത് മുൻ ലോക ചെസ് ചാമ്പ്യൻ ഗാരി കാസ്‌പോയാണ്
ടൂര്‍ണമെന്‍റുകള്‍ക്കായി പ്രാഗ് വിദേശ രാജ്യങ്ങളിലേക്ക് പോകുമ്പോഴൊക്കെ ഒരു റൈസ് കുക്കറും ഇന്‍റക്ഷണ്‍ സ്റ്റൌവും കൂടെ കരുതുന്നൊരു അമ്മ. എന്തിനാണ് അത് എന്ന് ചോദിക്കുമ്പോള്‍ മകന് ഇഷ്ടമുള്ള ചോറും രസവും ഉണ്ടാക്കി നല്‍കാനാണ് എന്നാണവര്‍ മറുപടി പറയുന്നത്. അങ്ങനെ ഊണിലുമുറക്കിലും നാഗലക്ഷ്മി പ്രാഗിനെ പിന്തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു.
''പ്രഗ്യാനന്ദയുടെ വിജയങ്ങളുടെ മുഴുവൻ ക്രെഡിറ്റ് എന്റെ ഭാര്യക്കാണ്. അവന്റെ മത്സരങ്ങൾ ലോകത്തിന്റെ ഏത് കോണിൽ വച്ചാണെങ്കിലും അവൾ അവനോടൊപ്പമുണ്ടാവും. നാഗലക്ഷ്മി നൽകുന്ന ഈ വൈകാരിക പിന്തുണയാണ് അവന്റെ വിജയങ്ങളുടെ ചാലകശക്തി''- പ്രഗ്യാനന്ദയുടെ അച്ഛൻ രമേഷ് ബാബു ഒരിക്കൽ പറഞ്ഞതിങ്ങനെ.
''കുട്ടിക്കാലത്ത് മത്സരങ്ങളിൽ ഏർപ്പെടുമ്പോഴും അതിനായി പോകുമ്പോഴും മടുപ്പ് തോന്നുമായിരുന്നു. എന്നാൽ, അമ്മ എല്ലാ മത്സരങ്ങളിലും എന്നെ അനുഗമിക്കും. വീട്ടിൽനിന്ന് വിട്ടുനിൽക്കുന്നതിന്റെ വിഷമം എന്നെ അറിയിക്കാതിരിക്കാനായിരുന്നു അതെല്ലാം’ -പ്രഗ്യാനന്ദ പറയുന്നു.
സ്കൂള്‍ വിട്ട് വന്നാലുടന്‍ കുറേയേറെ നേരം ടി.വിക്ക് മുന്നില്‍ ചിലവഴിക്കുന്ന മക്കളുടെ ഈ ശീലം മാറ്റാനാണ് നാഗലക്ഷ്മിയും രമേശ് ബാബുവും മക്കളെ ചെസ്സ് പഠിക്കാനയച്ച് തുടങ്ങിയത്. പ്രഗ്യാനന്ത എന്ന ചെസ് വിസ്മയം പിറവിയെടുക്കുന്നത് അവിടെ നിന്നാണ്. നന്നേ ചെറുപ്പത്തിൽ തന്നെ കരുക്കൾ നീക്കിത്തുടങ്ങിയ പ്രാഗ് മുൻ ലോക ചാമ്പ്യൻ വിശ്വനാഥൻ ആനന്ദിന്റെ അക്കാദമിയില്‍ നിന്നാണ് ചെസ്സിന്‍റെ ബാലപാഠങ്ങള്‍ പഠിച്ചത്.
പിന്നീട് അണ്ടർ എട്ട് ലോക യൂത്ത് ചാമ്പ്യനായി ഏഴാം വയസ്സിൽതന്നെ ഫിഡേ മാസ്റ്റർ പദവിയിലെത്തി. 2015ൽ അണ്ടർ-10 കിരീടം ചൂടി. 2016ൽ ചരിത്രത്തിൽ ഏറ്റവും പ്രായംകുറഞ്ഞ ഇന്റർനാഷനൽ മാസ്റ്ററായി. തൊട്ടടുത്ത വര്‍ഷം ആദ്യ ഗ്രാൻഡ്മാസ്റ്റർ നോം ലഭിച്ചു. 2018ൽ ഇറ്റലിയിൽ നടന്ന ഗ്രഡിൻ ഓപൺ ടൂർണമെന്റ് എട്ടാം റൗണ്ടിൽ ലൂക്ക മോറോണിയെ തോല്പിച്ച് മൂന്നാമത്തെയും അവസാനത്തെയും നോമുമായി ഗ്രാൻഡ് പദവിയിലെത്തുമ്പോൾ 12 വയസ്സ് മാത്രമായിരുന്നു പ്രാഗിന്. ഏറ്റവും പ്രായംകുറഞ്ഞ രണ്ടാമത്തെ ഗ്രാൻഡ് മാസ്റ്ററായിരുന്നു പ്രഗ്യാനന്ദ അന്ന്.
ചെസ് ലോകകപ്പ് ഫൈനലിൽ കടുത്ത പോരാട്ടം കാഴ്ചവച്ചാണ് പ്രാഗ് കീഴടങ്ങിയത്. ലോക ഒന്നാം നമ്പർ താരമാണ് മാഗ്നസ് കാൾസൻ. ചൊവ്വ, ബുധൻ ദിവസങ്ങളില്‍ നടന്ന ആദ്യ രണ്ടു ഗെയിമുകളും സമനിലയിലായതോടെയാണ് മത്സരം ടൈബ്രേക്കറിലേക്കു നീണ്ടത്. ടൈബ്രേക്കറിൽ ശക്തമായി പോരാടിയെങ്കിലും ആദ്യ ഗെയിമിൽ അടിപതറി.
ലോകകപ്പിലെ നാലാം റൗണ്ടിൽ ലോക രണ്ടാം നമ്പർ താര ഹിക്കാരു നക്കാമുറയെ അട്ടിമറിച്ചാണ് പ്രഗ്നാനന്ദ ക്വാർട്ടറിലെത്തിയത്. സെമിയിൽ ലോക മൂന്നാം നമ്പര്‍ താരം ഫാബിയാനോ കരുവാനയെയും കീഴടക്കി ഫൈനലിലേക്കു കുതിക്കുകയായിരുന്നു.