ഇംഗ്ലണ്ടിനെ നാല് ഗോളിന് തോല്‍പ്പിക്കണം, ഇറാന്‍-യു.എസ്.എ മത്സരം സമനിലയാകണം; വെയില്‍സിന്‍റെ പ്രാര്‍ഥന

അതിനിടെ ഇറാനെതിരായ മത്സരത്തില്‍ ഒന്നാം നമ്പര്‍ ഗോളി വെയ്ന്‍ ഹെന്‍സേ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയതും വെയില്‍സിനെ സംബന്ധിച്ച് തിരിച്ചടിയാണ്.

Update: 2022-11-29 11:55 GMT
Advertising

നീണ്ട 64 വര്‍ഷങ്ങള്‍ക്ക് ശേഷം ലോകകപ്പിനെത്തിയ വെയില്‍സിനെ സംബന്ധിച്ച് ഇന്നത്തെ ദിവസം സമ്മര്‍ദത്തിന്‍റെ നെരിപ്പോടിലായിരിക്കും അവര്‍ കഴിച്ചുകൂട്ടുക എന്നുറപ്പാണ്. 1958 ല്‍ മാത്രം ലോകകപ്പ് കളിക്കാന്‍ ഭാഗ്യമുണ്ടായ വെയില്‍സ് ഇത്തവണ എത്തിയത് വലിയ പ്രതീക്ഷകളോടെയാണ്. ലോകകപ്പ് ക്വാളിഫയറില്‍ ബെല്‍ജിയം അടങ്ങുന്ന ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തെത്തിയ ബെയിലും സംഘവും പ്ലേ ഓഫില്‍ യുക്രൈനെ മറികടന്നാണ് ലോകകപ്പ് ടിക്കറ്റ് ഉറപ്പിച്ചത്.

എന്നാല്‍ ലോകകപ്പിനെത്തിയ ശേഷം വെയില്‍സിന്‍റെ  പ്രകടനം തീര്‍ത്തും നിരാശാജനകമയിരുന്നു. ആദ്യത്തെ മത്സരത്തില്‍ അമേരിക്കയുമായി സമനിലയില്‍ കുടുങ്ങിയ വെയില്‍സ് രണ്ടാം മത്സരത്തില്‍ റാങ്കിങ്ങില്‍ തങ്ങള്‍ക്ക് പിന്നിലുള്ള ഇറാനോട് മറുപടിയില്ലാത്ത രണ്ട് ഗോളിന് തോല്‍വി വഴങ്ങി. ഇതോടെ ഒരു പോയിന്‍റ് മാത്രമുള്ള വെയില്‍സിന്‍റെ കാര്യങ്ങള്‍ പരുങ്ങലിലായി.

ഇനി ഗ്രൂപ്പ് ഘട്ടത്തില്‍ എല്ലാ ടീമുകള്‍ക്കും അവശേഷിക്കുന്നത് ഒരേയൊരു മത്സരമാണ്. വെയില്‍സിന് നേരിടാനുള്ളത് കരുത്തരായ ഇംഗ്ലണ്ടിനേയും. മറുഭാഗത്ത് ഇറാന് നേരിടാനുള്ളത് യു.എസിനേയും. മൂന്ന് പോയിന്‍റുള്ള ഇറാന്‍ ജയിച്ചാലും യു.എസ് ജയിച്ചാലും അവരിലൊരാള്‍ പ്രീക്വാര്‍ട്ടറിലെത്തും, അങ്ങനെയെങ്കില്‍ വെയില്‍സിന് നാട്ടിലേക്ക് മടങ്ങാം, ഇംഗ്ലണ്ടിനെ മറികടന്നാലും വെയില്‍സിന് പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷ വെക്കാനാകില്ല. എന്നാല്‍‌  ഇറാന്‍-യു.എസ് മത്സരം സമനിലയില്‍ കലാശിച്ചാല്‍ വെയില്‍സിന് കാര്യമുണ്ട്.

മറ്റ് ടീമുകളുടെ ഫലത്തെ ആശ്രയിക്കാതെ മുന്നോട്ടു പോകാനുള്ള വഴി ഉണ്ടെങ്കിലും ഇംഗ്ലണ്ടിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർക്കുക എന്ന കഠിനപ്രയത്നമാണ് വെയില്‍സിന് മുന്നില്‍ ആ സാധ്യത ബാക്കിവെക്കുന്നത്. ഇത് ഏറെക്കുറെ
അപ്രാപ്യമാണെന്നിരിക്കെ ഇറാൻ-യു.എസ്.എ പോരാട്ടം സമനിലയിലാകണമെന്നായിരിക്കും വെയില്‍സിന്‍റെ ആഗ്രഹം. അങ്ങനെയെങ്കില്‍ ഇംഗ്ലണ്ടിനെതിരെ ഒരു അട്ടിമറി വിജയം മാത്രം മതിയാകും അറുപത്തിനാല് വർഷങ്ങള്‍ക്കിപ്പുറം യോഗ്യത നേടിയ ലോകകപ്പിന്‍റെ പ്രീക്വാര്‍ട്ടറിലേക്ക് വെയില്‍സിന് കടക്കാന്‍.

അതിനിടെ ഇറാനെതിരായ മത്സരത്തില്‍ ഒന്നാം നമ്പര്‍ ഗോളി വെയ്ന്‍ ഹെന്‍സേ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയതും വെയില്‍സിനെ സംബന്ധിച്ച് തിരിച്ചടിയാണ്. വെയ്ല്‍സ് ഇറാന്‍ മത്സരത്തിലെ 84ാം മിനിറ്റില്‍ ഇറാന്‍ താരം തരീമിയെ ഫൗള്‍ ചെയ്തതിനായിരുന്നു വെയ്ല്‍സ് ഗോള്‍കീപ്പര്‍ക്ക് മാര്‍ച്ചിങ് ഓര്‍ഡര്‍ ലഭിച്ചത്. ആദ്യം മഞ്ഞ കാര്‍ഡ് പുറത്തെടുത്ത റഫറി പിന്നീട് വാര്‍ പരിശോധനയ്ക്ക് ശേഷം തീരുമാനം പിന്‍വലിച്ച് ചുവപ്പ് കാര്‍ഡ് കാണിക്കുകയായിരുന്നു. ഖത്തര്‍ ലോകകപ്പിലെ ആദ്യം ചുവപ്പ് കാര്‍ഡായിരുന്നു അത്. വെയ്ന്‍ ഹെന്‍സേക്ക് പകരം ഡാനി വാര്‍ഡ് ആയിരിക്കും ഇന്ന് വെയില്‍സിന്‍റെ ഗോള്‍വല കാക്കുക.

വെയില്‍സിന്‍റെ 64 വര്‍ഷത്തെ കാത്തിരിപ്പ്

ഇതിനുമുമ്പ് ഒരേയൊരിക്കല്‍ മാത്രമാണ് വെയില്‍സ് ലോകകപ്പ് കളിച്ചത്. 1958ല്‍. സ്വീഡനും ഹംഗറിയു മെക്‌സിക്കോയുമുള്‍പ്പെട്ട ഗ്രൂപ്പില്‍ മൂന്ന് സമനിലകളോടെ വെയില്‍സ് രണ്ടാം സ്ഥാനത്തെത്തി. മൂന്ന് പോയിന്‍റുമായി ഹംഗറിയും ഗ്രൂപ്പില്‍ ഒപ്പമെത്തി. അന്നത്തെ നിയമമനുസരിച്ച് രണ്ടാം സ്ഥാനക്കാര്‍ക്ക് ഒരേ പോയിന്‍റ് വരികയാണെങ്കില്‍ ക്വാര്‍ട്ടര്‍ ഫൈനലിലെത്തണമെങ്കില്‍ പ്ലേഓഫ് കളിക്കണം. അങ്ങനെ പ്ലേ ഓഫില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഹംഗറിയെ തകര്‍ത്ത്‌ തങ്ങളുടെ ആദ്യ ലോകകപ്പില്‍ വെയില്‍സ് അടുത്ത റൗണ്ടിലേയ്ക്ക് മുന്നേറി.

എന്നാല്‍ ക്വാര്‍ട്ടറില്‍ വെയില്‍സിന് എതിരാളികളായെത്തിയത് ബ്രസീലായിരുന്നു. സാക്ഷാല്‍ പെലെയുള്‍പ്പെട്ട ടീമിനോട് ഒരു ഗോളിന് തോറ്റ് വെയില്‍സ് പുറത്താകുകയായിരുന്നു. ബ്രസീലിനായി പെലെയാണ് സ്കോര്‍ ചെയ്തത്. പിന്നീട് ചരിത്രത്തിലാദ്യമായാണ് വെയില്‍സ് ലോകകപ്പിന് യോഗ്യത നേടിയെത്തുന്നത്. കാത്തിരുന്ന 64 വര്‍ഷങ്ങളുടെ യാത്രയില്‍ അടുത്ത ഘട്ടത്തിലേക്കെത്താന്‍ ഇംഗ്ലണ്ടിനെതിരെ ജീവന്മരണ പോരാട്ടത്തിനൊരുങ്ങുകയാണ് വെയില്‍സ്.

തമ്മില്‍ ഏറ്റുമുട്ടിയ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഇംഗ്ലണ്ട് ബഹുദൂരം മുന്നിലാണ്. 103 കളികളില്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഇംഗ്ലണ്ട് 68 മത്സരങ്ങളില്‍ ജയിച്ചു. വെയില്‍സിന് ജയിക്കനായത് 14 മത്സരങ്ങളില്‍ മാത്രമാണ്. 21 മത്സരങ്ങള്‍ സമനിലയില്‍ കലാശിച്ചു.


Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News