വിറപ്പിച്ച് കീഴടങ്ങി കോസ്റ്ററിക്ക; നാലടിച്ചിട്ടും ജര്‍മനി പുറത്ത്
ഗ്രൂപ്പ് ഇയില്‍ നടന്ന സ്പെയിന്‍-ജപ്പാന്‍ മത്സരത്തില്‍ ജപ്പാന്‍ സ്പെയിനെ അട്ടിമറിച്ചതോടെയാണ് ജര്‍മനിയുടെ അവസാന സാധ്യതയും അടഞ്ഞത്.
2018 ആവര്‍ത്തിക്കുന്നു... ജയിച്ചിട്ടും പ്രീക്വാര്‍ട്ടര്‍ കാണാതെ ജര്‍മനി പുറത്ത്. കോസ്റ്ററിക്കക്കെതിരായ മത്സരത്തില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു ജര്‍മന്‍ വിജയം. പക്ഷേ ഗ്രൂപ്പ് ഇയില്‍ നടന്ന സ്പെയിന്‍-ജപ്പാന്‍ മത്സരത്തില്‍ ജപ്പാന്‍ സ്പെയിനെ അട്ടിമറിച്ചതോടെയാണ് ജര്‍മനിയുടെ അവസാന സാധ്യതയും അടഞ്ഞത്. ഇതോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി ജപ്പാനും രണ്ടാം സ്ഥാനക്കാരായി സ്പെയിനും പ്രീക്വാര്‍ട്ടറില്‍ കടന്നു
പ്രീക്വാര്‍ട്ടറില്‍ ക്രൊയേഷ്യയാണ് ജപ്പാന്‍റെ എതിരാളികള്‍. ഡിസംബര്‍ അഞ്ച് തിങ്കളാഴ്ച എട്ടരക്കാണ് മത്സരം. അതേസമയം ജപ്പാനോട് തോറ്റ് ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായ സ്പെയിന് മൊറോക്കോയാണ് എതിരാളികള്‍.
ജയത്തില്‍ കുറഞ്ഞതെല്ലാം തങ്ങളെ ലോകകപ്പിന് പുറത്തെത്തിക്കുമെന്നറിഞ്ഞയിരുന്നു ഇന്ന് ജര്‍മനിയിറങ്ങിയത്. പക്ഷേ ഇപ്പുറത്ത് കളിച്ചത് കോസ്റ്ററിക്കയാണ്. ഏത് വമ്പന്മാരെയും അട്ടിമറിക്കാന്‍ കഴിവുള്ളവര്‍. അതുകൊണ്ട് തന്നെ തീരുമാനിച്ചുറപ്പിച്ചാണ് ജര്‍മനി ഇന്ന് കോസ്റ്ററിക്കക്കെതിരെയിറങ്ങിയത്. പക്ഷേ കോസ്റ്ററിക്കയും രണ്ട് കല്‍പ്പിച്ചാണ് അവസാന പോരിനിറങ്ങിയത്. അതുകൊണ്ട് തന്നെ ലോകകപ്പിന്‍റെ തന്നെ ചരിത്രത്തിലെ ഏറ്റവും മികച്ച പോരാട്ടങ്ങളിലൊന്നിനാണ് അല്‍ബയ്ത്ത് സ്റ്റേഡിയം സാക്ഷിയായത്.
ആദ്യ പകുതിയില്‍ ലീഡ് ചെയ്ത ജര്‍മനിയെ രണ്ടാം പകുതിയില്‍ ഞെട്ടിച്ചാണ് കോസ്റ്ററിക്ക ലോകത്തെ അത്ഭുതപ്പെടുത്തിയത്. ആദ്യ പകുതിയിലെ ജര്‍മനിയുടെ ഒരു ഗോള്‍ ലീഡിനെതിരെ രണ്ടാം പകുതിയില്‍ രണ്ട് ഗോള്‍ തിരിച്ചടിച്ചായിരുന്നു കോസ്റ്ററിക്കയുടെ മറുപടി. പക്ഷേ കോസ്റ്ററിക്കയുടെ ലീഡ് അധികനേരം നീണ്ടുനിന്നില്ല. ജര്‍മനി മൂന്ന് മിനുട്ടിനുള്ളില്‍ രണ്ടാം ഗോള്‍ മടക്കി സമനില പിടിച്ചു. പിന്നീട് രണ്ട് ഗോള്‍ കൂടി ജര്‍മനി കോസ്റ്ററിക്കയുടെ ബോക്സില്‍ അടിച്ചു കയറ്റി.
ജര്‍മനിക്കായി കെയ് ഹെവര്‍ട്സ് ഡബിളടിച്ചപ്പോള്‍ സെര്‍ജ് ഗ്നാബ്രിയും ഫുള്‍ക്രഗും ഓരോ ഗോള്‍വീതമടിച്ചു. കോസ്റ്ററിക്കക്കായി എല്‍സിന്‍ തെജേദയും പാബ്ലോ വര്‍ഗാസും ഗോള്‍ മടക്കി.
പത്താം മിനുട്ടില്‍ ആയിരുന്നു ജര്‍മനിയുടെ ആദ്യ ഗോള്‍. ഇടത് വിങ്ങില്‍ നിന്നുള്ള ഡേവിഡ് റൗമിന്‍റെ മികച്ച ക്രോസ് മാര്‍ക്ക് ചെയ്യപ്പെടാതിരുന്ന ഗ്നാബ്രി അനായാസം ഹെഡ്ഡറിലൂടെ വലയിലെത്തിക്കുകയായിരുന്നു. ആദ്യ ഗോള്‍ വീണതിന് പിന്നാലെ ജര്‍മനി നിരന്തരം ആക്രമണങ്ങള്‍ നടത്തിക്കൊണ്ടേയിരുന്നു. 15-ാം മിനിറ്റില്‍ ഗൊറെട്‌സ്‌കയുടെ ഒന്നാന്തരം ഹെഡ്ഡര്‍ കോസ്റ്ററിക്കയുടെ ഗോള്‍കീപ്പര്‍ കൈലര്‍ നവാസ് മികച്ച സേവിലൂടെ തട്ടിയകറ്റി.
നിരന്തരം മുന്നേറ്റങ്ങള്‍ തുടര്‍ന്ന ജര്‍മനിയെ പിടിച്ചുകെട്ടാന്‍ കോസ്റ്ററിക്കന്‍ പ്രതിരോധം ബുദ്ധിമുട്ടി. ജമാല്‍ മുസിയാലയും ഗ്നാബ്രിയും നിരവധി ഷോട്ടുകള്‍ കോസ്റ്ററിക്കയുടെ ഗോള്‍മുഖം ലക്ഷ്യമാക്കി ഉതിര്‍ത്തു. എന്നാല്‍ മത്സരം സമനിലയാക്കാനുള്ള സുവര്‍ണാവസരം പക്ഷേ കോസ്റ്ററീക്കന്‍ താരം ഫുള്ളര്‍ പാഴാക്കി. അതിന് ശേഷമാണ് രണ്ടാം പകുതിയുടെ 58-ാം മിനുട്ടില്‍ എല്‍സിന്‍ തെജേദ ഉഗ്രന്‍ ഗോളിലൂടെ ജര്‍മനിയെ സമനിലയില്‍ തളച്ചത്.
കോസ്റ്ററീക്കന്‍ പ്രതിരോധ താരം വാസ്റ്റന്റെ ഹെഡ്ഡര്‍ ജര്‍മന്‍ ഗോള്‍ കീപ്പര്‍ മാനുവല്‍ ന്യൂയര്‍ക്ക് കൈയിലൊതുക്കാനായില്ല. റീബൗണ്ട് വന്ന പന്ത് വലയിലാക്കി തെജേഡ കളി സമനിലയിലാക്കുകയായിരുന്നു. പിന്നീട് പെനാല്‍റ്റി ബോക്‌സിലെ കൂട്ടപൊരിച്ചിലിനൊടുവില്‍ 69-ാം മിനുട്ടില്‍ ജര്‍മന്‍ ഗോള്‍പോസ്റ്റില്‍ പന്ത് വലയിലെത്തുകയായിരുന്നു. ജര്‍മന്‍ ഗോളി മാനുവല്‍ ന്യൂയറിന്‍റെ സെല്‍ഫ് ഗോളായിരുന്നു അത്.
സമനിലഗോളിനായി ആക്രമിച്ചുകളിച്ച ജര്‍മനിക്കായി പകരക്കാരനായി ഇറങ്ങിയ കായ് ഹവേര്‍ട്‌സ് 73-ാം മിനിറ്റില്‍ സമനില പിടിച്ചു. കോസ്റ്ററിക്ക വിജയഗോളിനായി ആക്രമിച്ചുകളിച്ചെങ്കിലും ഗോള്‍ വീണില്ല. എന്നാല്‍ വീണ്ടും രണ്ട് ഗോള്‍ കൂടി കോസ്റ്ററിക്കയുടെ വലയില്‍ അടിച്ചുകയറ്റി ജര്‍മനി തങ്ങളുടെ ഈ ലോകകപ്പിലെ അവസാന മത്സരം വിജയത്തോടെ അവസാനിപ്പിച്ചു.
85-ാം മിനിറ്റില്‍ ഹവേര്‍ട്‌സ് തന്‍റെ രണ്ടാം ഗോള്‍ സ്കോര്‍ ചെയ്തു. മുന്നേറ്റം തുടര്‍ന്ന ജര്‍മനി 89-ാം മിനിറ്റില്‍ നിക്ലാസ് ഫുള്‍ക്ക്‌റഗിലൂടെ വീണ്ടും കോസ്റ്ററീക്കന്‍ ഗോള്‍ വല കുലുക്കി.