ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍: മിൽഖാ സിങ്ങിന് ആദരവുമായി കറുത്ത ബാഡ്ജ് അണിഞ്ഞ് ഇന്ത്യൻ ടീം

ബാറ്റിങ്ങിൽ ഓപണർമാരായ രോഹിത് ശർമയും ശുഭ്മൻ ഗില്ലും ചേർന്ന് മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് നൽകിയത്. എന്നാല്‍, കെയില്‍ ജാമീസനും നീല്‍ വാഗ്നറും ചേര്‍ന്ന് ഇരുവരെയും മടക്കിയതോടെ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 67 റൺസ് എന്ന നിലയിലാണ് ഇന്ത്യയുള്ളത്

Update: 2021-06-19 11:28 GMT
Editor : Shaheer | By : Web Desk
Advertising

മഴയിൽ മുങ്ങിയ ആദ്യദിനത്തിനുശേഷം ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിന് രണ്ടാംദിനത്തിൽ തുടക്കം. ടോസ് നേടിയ ന്യൂസിലൻഡ് നായകൻ കെയിൻ വില്യംസൺ ബൗളിങ് തിരഞ്ഞെടുത്തു. ബാറ്റിങ്ങിൽ ഓപണർമാരായ രോഹിത് ശർമയും ശുഭ്മൻ ഗില്ലും ചേർന്ന് മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് നൽകിയത്. എന്നാല്‍, കെയില്‍ ജാമീസനും നീല്‍ വാഗ്നറും ചേര്‍ന്ന് ഇരുവരെയും മടക്കിയതോടെ നിലവിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 67 റൺസ് എന്ന നിലയിലാണ് ഇന്ത്യയുള്ളത്.

ഇന്നലെ അന്തരിച്ച അത്‌ലറ്റിക്‌സ് ഇതിഹാസം മിൽഖാ സിങ്ങിന് ആദരവുമായി കറുത്ത ബാഡ്ജ് അണിഞ്ഞാണ് ഇന്ത്യൻ ടീം മത്സരത്തിനിറങ്ങിയത്. ഇക്കാര്യം അറിയിച്ച് ബിസിസിഐ ട്വിറ്ററിൽ കുറിപ്പിട്ടിരുന്നു. മത്സരത്തിനുമുൻപ് ദേശീയ ഗാനം ആലപിക്കുമ്പോൾ കറുത്ത ബാഡ്ജ് അണിഞ്ഞാണ് ഇന്ത്യൻ താരങ്ങൾ അണിനിരന്നത്.

നേരത്തെ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി മില്‍ഖാ സിങ്ങിന് ട്വിറ്ററിൽ ആദരാഞ്ജലി അർപ്പിച്ചു. മികവു ലക്ഷ്യമിട്ടു പ്രവർത്തിക്കാൻ രാജ്യത്തെ മുഴുവൻ പ്രചോദിപ്പിച്ച ഒരു പൈതൃകമായിരുന്നു മിൽഖാ സിങ്ങെന്നാണ് കോഹ്ലി കുറിച്ചത്. ലക്ഷ്യങ്ങൾ ഒരിക്കലും വിടാതെ പിന്തുടർന്നു കീഴടക്കാൻ അദ്ദേഹം രാജ്യത്തെ പ്രചോദിപ്പിച്ചെന്നും കോഹ്ലി കുറിച്ചു.

മത്സരത്തിന്റെ തുടക്കത്തിൽ ഇന്ത്യൻ ഓപണർമാർ കിവീസ് ബൗളർമാർക്കുമേൽ ആധിപത്യമുറപ്പിക്കുന്ന കാഴ്ചയായിരുന്നു കണ്ടത്. മികച്ച കവർഡ്രൈവുകളിലൂടെയും സ്‌ട്രൈറ്റ് ഡ്രൈവുകളിലൂടെ കളം നിറഞ്ഞ രോഹിത് ന്യൂസിലൻഡിന് വെല്ലുവിളിയുയർത്തുമെന്നു തോന്നിച്ച ഘട്ടത്തിൽ കെയിൽ ജാമീസന്റെ ബൗളിൽ ടിം സൗത്തിക്ക് സ്ലിപ്പിൽ ക്യാച്ച് നൽകി മടങ്ങി. പുറത്താകുമ്പോൾ 68 ബൗളിൽ ആറ് ബൗണ്ടറികൾ സഹിതം 34 റൺസാണ് രോഹിത് സ്വന്തമാക്കിയത്. രോഹിത് പോയതിനു പിറകെ ഗില്ലും മടങ്ങി. 64 പന്തിൽ മൂന്ന് ബൗണ്ടറികൾ സഹിതം 28 റൺസ് നേടിയ ഗിൽ വാഗ്നറിന്റെ പന്തിൽ വാൾട്ടിങ്ങിനു ക്യാച്ച് നൽകുകയായിരുന്നു. ചേതേശ്വർ പുജാരയും വിരാട് കോഹ്ലിയുമാണ് ഇപ്പോൾ ക്രീസിലുള്ളത്.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News