'ഡഗ്ഗൗട്ടിലിരുന്ന് റണ്ണെടുക്കാനാവില്ല'; ഇന്ത്യൻ താരത്തെ പുറത്തിരുത്തിയ ഡൽഹി ക്യാപിറ്റൽസിനെതിരെ രൂക്ഷവിമർശനം
''ലേലത്തിൽ ടീമിൽ നിലനിർത്തിയ ശേഷം അയാളെ കളത്തിലിറക്കാത്ത നടപടി അത്ഭുതപ്പെടുത്തുന്നു''
ഐ.പി.എല്ലിലെ ആദ്യ രണ്ട് മത്സരങ്ങളിലും പരാജപ്പട്ടതോടെ ഡൽഹി ക്യാപിറ്റൽസ് കോച്ച് റിക്കി പോണ്ടിങ്ങിനെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉയരുന്നത്. ഇതിൽ ആരാധകരേയും മുൻ താരങ്ങളെയുമൊക്കെ ഏറെ ചൊടിപ്പിച്ചത് ഇന്ത്യൻ താരം പ്രിഥ്വി ഷായെ പുറത്തിരുത്തിയ നടപടിയാണ്. ആദ്യ രണ്ട് മത്സരങ്ങളിലും താരത്തെ പോണ്ടിങ് കളത്തിലിറക്കിയിരുന്നില്ല. മുൻ സീസണുകളിലെ മോശം പ്രകടനമാണ് താരത്തെ പുറത്തു നിർത്താൻ കാരണമായി പറയുന്നത്. എന്നാൽ പ്രിഥ്വി ഷാക്ക് പകരക്കാരനായി ടീമിലെത്തിയ റിക്കി ഭുയി കഴിഞ്ഞ രണ്ട് മത്സരങ്ങളിലും അമ്പേ പരാജയമായിരുന്നു. ആദ്യ മത്സരത്തിൽ മൂന്ന് റൺസെടുത്ത ഭുയി രാജസ്ഥാനെതിരെ സംപൂജ്യനായി മടങ്ങി.
പ്രിഥ്വി ഷായെ പുറത്തിരുത്തിയ നടപടിയെ ആദ്യം ചോദ്യം ചെയ്തത് മുൻ ഓസീസ് താരമായ ടോം മൂഡിയാണ്. ''ഒരു ഇന്ത്യൻ അന്താരാഷ്ട്ര താരത്തെ ഡഗ്ഗൗട്ടിലിരുത്തിയാണ് നിങ്ങൾ കളിക്കാനിറങ്ങുന്നത് എന്നോർക്കണം. നമ്മൾ പ്രതീക്ഷിച്ചത് പോലെ അയാൾ ഐ.പി.എല്ലിൽ വലിയ പ്രകടനങ്ങൾ കാഴ്ച വക്കുന്നില്ലെന്നത് ശരി തന്നെ. എന്നാൽ ഒരാളെ ഡഗ്ഗൗട്ടിലിരുത്തിയാൽ അയാള്‍ റൺസ് സ്കോര്‍ ചെയ്യുമെന്ന് കരുതരുത്''- മൂഡി പറഞ്ഞു.
ലേലത്തിൽ ടീമില്‍ നിലനിർത്തിയിട്ടും ഷായെ കളിക്കാന്‍ ഇറക്കാത്തതിനെ മുൻ ഇന്ത്യൻ താരം വസീം ജാഫർ ചോദ്യം ചെയ്തു. ''ലേലത്തിൽ ടീമിൽ നിലനിർത്തിയ ശേഷം ഷായെ കളത്തിലിറക്കാത്ത നടപടി എന്നെ അത്ഭുതപ്പെടുത്തുന്നു. ആഭ്യന്തര ക്രിക്കറ്റിൽ മുംബൈക്കായാണ് അയാൾ സീസണിൽ ഭൂരിഭാഗവും കളിച്ചത്. അത് കൊണ്ട് അവൻ പൂർണ ഫിറ്റാണെന്ന് നിങ്ങൾക്ക് കരുതാം. അയാളെ ശിക്ഷിക്കുകയും ഒപ്പം കളിയിൽ തോൽക്കുകയും ചെയ്യുന്നതല്ല മുന്നോട്ട് പോകാനുള്ള വഴി''- വസീം ജാഫർ കുറിച്ചു.
കഴിഞ്ഞ സീസണ്‍ ഐ.പി.എല്ലിൽ അത്രക്ക് മികച്ച പ്രകടനങ്ങൾ കാഴ്ച വക്കാൻ പ്രിഥ്വി ഷാക്ക് കഴിഞ്ഞിരുന്നില്ല. എട്ട് മത്സരങ്ങൾ കളിച്ച താരം ആകെ നേടിയത് 106 റൺസാണ്. 13.25 ആയിരുന്നു ബാറ്റിങ് ആവറേജ്.