'എല്ലാം ഫെഡറേഷന്റെ തലയിലിടാൻ നിൽക്കരുത്'; ലക്ഷ്യയെ രൂക്ഷമായി വിമര്‍ശിച്ച് കോച്ച്
പ്രകാശ് പദുകോണിന്‍റെ വിമര്‍ശനങ്ങള്‍ക്ക് ചുട്ട മറുപടിയുമായി അശ്വിനി പൊന്നപ്പ രംഗത്ത്
പാരീസ്: ഒളിമ്പിക്‌സിൽ ഇന്ത്യയുടെ വലിയ മെഡൽ പ്രതീക്ഷയായിരുന്നു ലക്ഷ്യ സെൻ. ചരിത്രത്തിൽ ആദ്യമായി ഒളിമ്പിക്‌സ് ബാഡ്മിന്റൺ പുരുഷ വിഭാഗം സെമിയിൽ ഒരു ഇന്ത്യക്കാരന്‍ പ്രവേശനമുറപ്പിക്കുമ്പോൾ വലിയ ആവേശത്തോടെയാണ് ആരാധകർ അതിനെ ഏറ്റെടുത്തത്. എന്നാൽ സെമിയിൽ ഡെന്മാര്‍ക്കിന്‍റെ അക്‌സൽസണോടും വെങ്കല മെഡൽ പോരാട്ടത്തിൽ മലേഷ്യയുടെ ലി സിജിയയോടും പരാജയപ്പെട്ട ലക്ഷ്യ നാലാമതായാണ് ഫിനിഷ് ചെയ്തത്. ഒളിമ്പിക്‌സ് ബാഡ്മിന്റണിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ പുരുഷ താരമെന്ന നേട്ടമാണ് കയ്യകലെ ലക്ഷ്യക്ക് നഷ്ടമായത്.
തോൽവിക്ക് പിന്നാലെ താരത്തിനെതിരെ രൂക്ഷവിമർശനവുമായി അദ്ദേഹത്തിന്റെ പരിശീലകൻ പ്രകാശ് പദുകോൺ രംഗത്തെത്തി. താരങ്ങൾ തോൽവിയുടെ ഉത്തരവാദിത്തം അസോസിയേഷന്റെ തലയിൽ കെട്ടിവക്കരുതെന്നാണ് പദുകോൺ പറയുന്നത്.
'1964 ൽ മിൽഖാ സിങ്ങിനും 1980 ൽ പി.ടി ഉഷക്കും ശേഷം നമുക്ക് ഒരുപാട് നാലാം സ്ഥാനങ്ങളുണ്ട്. താരങ്ങൾ തോൽവികളുടെ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കേണ്ട സമയമാണിത്. ഈ ഒളിമ്പിക്‌സിലോ മുൻ ഒളിമ്പിക്‌സുകളിലോ റിസൽട്ടുകൾക്കായി അവർ കളിക്കണമായിരുന്നു. റിസൽട്ട് ഉണ്ടാവാൻ സർക്കാരോ ഫെഡറേഷനോ വിചാരിച്ചിട്ട് കാര്യമില്ലല്ലോ. അവർ ചെയ്യാനുള്ളതൊക്കെ ചെയ്യുന്നുണ്ട്. ബാക്കി നിങ്ങളുടെ കൈകളിലാണ്'- പദുകോൺ പറഞ്ഞു.
എന്നാൽ പദുകോണിന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി ഇന്ത്യൻ വനിതാ ബാഡ്മിന്റൺ താരം അശ്വിനി പൊന്നപ്പ രംഗത്തെത്തി. ഒരു താരം മെഡൽ നേടുമ്പോൾ ക്രെഡിറ്റ് തട്ടിയെടുക്കാൻ വരുന്നവർ തന്നെ ഇതൊക്കെ പറയണമെന്നായിരുന്നു അശ്വിനിയുടെ പ്രതികരണം.
'ഒരു താരം മെഡലണിഞ്ഞാൽ എല്ലാവരും ക്രെഡിറ്റ് തട്ടിയെടുക്കാൻ ഓടിയെത്തും. ഇനി തോറ്റാലോ? അതിന് കാരണക്കാരൻ കളിക്കാരൻ മാത്രമാണ്. വിജയത്തിന്റെ ക്രെഡിറ്റ് തട്ടിയെടുക്കുന്ന പരിശീലകർ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാത്തത് എന്ത് കൊണ്ടാണ്. ജയവും പരാജയവുമൊക്കെ ഒരു വലിയ ടീമിന്റെ ഉത്തരവാദിത്തത്തിലാണ്. പെട്ടെന്ന് ഒരാൾക്ക് മേൽ എല്ലാ കുറ്റവും കെട്ടി വച്ച് ഒഴിയാൻ നിൽക്കരുത്''- അശ്വിനി സോഷ്യൽ മീഡിയയിൽ കുറിച്ചു.