വധശിക്ഷ ഒഴിവായി; ഷാർജ ജയിലിൽ കഴിഞ്ഞ ഇന്ത്യക്കാരന് മോചനം
2007 ഒക്ടോബറിലായിരുന്നു കേസിനാസ്പദമായ സംഭവം. മദ്യക്കടത്തുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിനൊടുവിൽ സ്വന്തം നാട്ടുകാരനായ മൻദീപ് സിങിനെ കൊലപ്പെടുത്തിയെന്നായിരുന്നു കേസ്
കൊലക്കുറ്റത്തിന്റെ പേരിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ഷാർജ ജയിലിൽ കഴിഞ്ഞ ഇന്ത്യക്കാരന് മോചനം. ജീവകാരുണ്യ പ്രവർത്തകനും വ്യവസായിയുമായ ഡോ. എസ്.പി. സിങ് ഒബ്റോയിയുടെ ഇടപെടലിനെ തുടർന്നാണ് പഞ്ചാബ് കപൂർതല സ്വദേശി സന്ദീപ് സിങിന് ജീവിതം തിരികെ ലഭിച്ചത്. 2007 ഒക്ടോബറിലായിരുന്നു കേസിനാസ്പദമായ സംഭവം. മദ്യക്കടത്തുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിനൊടുവിൽ സ്വന്തം നാട്ടുകാരനായ മൻദീപ് സിങിനെ കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. ഷാർജ കോടതി വിധിച്ച വധശിക്ഷ പിന്നീട് ഫെഡറൽ കോടതിയും ശരിവച്ചു.
മരിച്ചയാളുടെ കുടുംബം ദിയാധനം സ്വീകരിച്ച് പ്രതിക്ക് മാപ്പ് നൽകാൻ തയാറല്ലെന്ന നിലപാടിലായിരുന്നു. എന്നാൽ, മാതാപിതാക്കൾ മരിച്ചുപോയ സന്ദീപിനു വേണ്ടി 'സർബത് ദാ ബലാ' ചാരിറ്റബിൾ ട്രസ്റ്റ് മേധാവിയായ ഒബ്റോയി വീട്ടിലെത്തി നടത്തിയ സംഭാഷണം ഫലം കണ്ടു. മരിച്ചയാളുടെ കുടുംബം മാപ്പു നൽകാൻ സമ്മതിച്ചെങ്കിലും രേഖകൾ ശരിപ്പെടുത്താൻ പിന്നെയും വേണ്ടിവന്നു നീണ്ട ആറു വർഷം. ഒത്തുതീർപ്പ് സംബന്ധിച്ച രേഖകൾ 2013ൽ ഷാർജ കോടതിയിലും സുപ്രീം കോടതിയിലും സമർപ്പിച്ചു. ഇൌ രേഖകളിൽ ചില ഭേദഗതികൾ ആവശ്യപ്പെട്ട സുപ്രീം കോടതി 2018 ഏപ്രിലിൽ ഇവ വീണ്ടും നൽകാൻ ആവശ്യപ്പെട്ടു.
അതേ മാസം തന്നെ ഇയാളുടെ ശിക്ഷ മൂന്ന് വർഷമാക്കാൻ ഷാർജ അപ്പീൽ കോടതിയും നിർദേശിച്ചു. എല്ലാ കടമ്പകളും കടന്ന് ജൂലൈ 22 നാണ് വിടുതൽ ഉത്തരവ് വന്നത്. സന്ദീപിന് യാത്രചെയ്യാനുള്ള രേഖകൾ ഇന്ത്യൻ കോൺസുലേറ്റ് നൽകി.അമൃത്സർ വിമാനത്താവളത്തിൽ സഹോദരങ്ങളും കുടുംബാംഗങ്ങളും ചേർന്നാണ് ഇയാളെ സ്വീകരിച്ചത്. തുടർന്ന് അമൃത്സറിലെ സുവർണ ക്ഷേത്രത്തിൽ ദർശനവും നടത്തി. ഒബ്റോയിയുടെ ഇടപെടലിൽ ജീവിതം തിരിച്ചു കിട്ടിയ 94ാമത്തെ ആളാണ് സന്ദീപ് സിങ്.