പൊതുമാപ്പ് അവസാനിക്കാന്‍ 28 ദിവസങ്ങള്‍ കൂടി; ആനുകൂല്യം ഉപയോഗപ്പെടുത്തണമെന്ന് ഇന്ത്യന്‍ നയതന്ത്ര കേന്ദ്രം

ഇൗ മാസം 31ന്പൊതുമാപ്പ് ആനുകൂല്യം അവസാനിക്കും

Update: 2018-10-02 19:19 GMT
Advertising

യു.എ.ഇയിലെ പൊതുമാപ്പിനുള്ള ആനുകൂല്യം ഉപയോഗപ്പെടുത്താന്‍ അനധികൃത ഇന്ത്യക്കാരോട് നയതന്ത്ര കേന്ദ്രവും സാമൂഹിക പ്രവര്‍ത്തകരും. പൊതുമാപ്പ് അവസാനിക്കാന്‍ 28 നാളുകള്‍ മാത്രം ബാക്കി നില്‍ക്കേയാണ് നിര്‍ദേശം. പൊതുമാപ്പ് പ്രയോജനപ്പെടുത്താതെ മാറി നില്‍ക്കുന്നവര്‍ക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിലാണിത്.

പിന്നിട്ട രണ്ടു മാസത്തിനുള്ളിൽ പൊതുമാപ്പിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്താൻ ആയിരങ്ങൾക്ക് സാധിച്ചിട്ടുണ്ട്. ഇൗ മാസം 31ന്
പൊതുമാപ്പ് ആനുകൂല്യം അവസാനിക്കും. അതിനു മുമ്പേ ഇപ്പോൾ മാറി നിൽക്കുന്നവരെ കൂടി വിവിധ പൊതുമാപ്പ് കേന്ദ്രങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് ഇന്ത്യൻ എംബസി, കോൺസുലേറ്റ്
എന്നിവക്കു ചുവടെ സന്നദ്ധ പ്രവർത്തകർ നടപടി ഉൗർജിതമാക്കുന്നത്. കഴിഞ്ഞ ദിവസം ദുബൈയിലെത്തിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി ജനറൽ വി.കെ സിങ്ങ് നയതന്ത്ര പ്രതിനിധികളുമായി ഇതു സംബന്ധിച്ച കാര്യങ്ങൾ ആരായുകയുണ്ടായി. എല്ലാ ഇന്ത്യൻ കൂട്ടായ്മകളും സജീവമായി തന്നെ പൊതുമാപ്പിന്റെ അവസാന ദിവസങ്ങളിൽ പ്രവർത്തന രംഗത്തുണ്ടാകണമെന്നും മന്ത്രി നിർദേശിച്ചു.

Full View

അതിനിടെ, അനധികൃത താമസക്കാർ എത്രയും വേഗം രാജ്യം വിട്ടുപോകുകയോ താമസം നിയമവിധേയമാക്കുകയോ ചെയ്യണമെന്നു ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പിലെ താമസകാര്യ വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ സഈദ് റക്കൻ അൽ റാഷിദി ആവശ്യപ്പെട്ടു.

പൊതുമാപ്പ് ഉപയോഗപ്പെടുത്താതെ രാജ്യത്തു തുടർന്നാൽ കനത്ത പിഴയും തടവും ഉണ്ടായിരിക്കുമെന്നും അുദ്ദഹം മുന്നറിയിപ്പു നൽകി. നിയമലംഘകരെ ജോലിക്കു വെക്കുന്ന കമ്പനി ഉടമ ആളൊന്നിന് അരലക്ഷം ദിർഹം വീതം പിഴ ചുമത്തും. ഓഗസ്റ്റ് ഒന്നിനാണ് പൊതുമാപ്പ് ആരംഭിച്ചത്. അവസാന ദിവസങ്ങളിലെ തിരക്കു കണക്കിലെടുത്തു പൊതുമാപ്പു കേന്ദ്രങ്ങളിൽ കൂടുതൽ സൗകര്യങ്ങളാണ്
ഏർപ്പെടുത്തിയിരിക്കുന്നത്.

Tags:    

Similar News