ഷാര്‍ജയിലെ സ്‌കൂളുകളില്‍ ക്ലാസ് പഠനം പുനരാരംഭിക്കും
സ്‌കൂളിലെത്തുന്ന മുഴുവൻ വിദ്യാർഥികൾക്കും പി.സി.ആർ പരിശോധന നിർബന്ധമാണ്
ഷാർജയിലെ സ്‌കൂളുകളിൽ ഈ മാസം 11 മുതൽ ക്ലാസ് പഠനം പുനരാരംഭിക്കും. സ്‌കൂളിലെത്തുന്ന മുഴുവൻ വിദ്യാർഥികൾക്കും പി.സി.ആർ പരിശോധന നിർബന്ധമാണ്. സ്‌കൂളിൽ എത്തുന്നതിന് 72 മണിക്കൂർ മുമ്പെടുത്ത പരിശോധനയിൽ കുട്ടികളുടെ ഫലം നെഗറ്റീവ് ആയിരിക്കണം.
ഷാർജയിലെ സ്വകാര്യ സ്‌കൂളിൽ ഈ മാസം 11 നും സർക്കാർ സ്‌കൂളുകളിൽ 18 നുമാണ് ക്ലാസുകൾ പുനരാരംഭിക്കുക. കോവിഡിനെ തുടർന്ന് അടച്ച ഷാർജയിലെ സ്‌കൂളുകളിൽ മാസങ്ങൾക്ക് മുമ്പേ ക്ലാസ് പഠനം ആരംഭിച്ചിരുന്നു എങ്കിലും കേസുകളുടെ എണ്ണം വർധിച്ചതോടെ പൂർണമായും ഓൺലൈൻ പഠനത്തിലേക്ക് മടങ്ങുകയായിരുന്നു.
ഷാർജ ദുരന്തനിവാരണ സമിതിയാണ് ഇപ്പോൾ ക്ലാസ് പഠനത്തിന് അനുമതി നൽകിയിരിക്കുന്നത്. രക്ഷിതാക്കൾക്ക് ഏത് പഠനരീതി സ്വീകരിക്കാനും അനുമതിയുണ്ടാകും. ക്ലാസ് പഠനമോ, ഓൺലൈൻ പഠനമോ രണ്ടും കൂടിയ രീതിയോ തെരഞ്ഞെടുക്കാമെന്ന് ഷാർജ പ്രൈവറ്റ് എജുക്കേഷൻ അതോറിറ്റി അറിയിച്ചു. റമദാൻ ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് ക്ലാസ് പഠനം പുനരാംരംഭിക്കുന്നത്.
റമദാനിൽ പഠനം മൂന്ന് മുതൽ അഞ്ച് മണിക്കൂർ വരെയാക്കി കുറച്ചിട്ടുണ്ട്. ഷാർജയിലെ 64 ശതമാനം സ്‌കൂൾ ജീവനക്കാരും രണ്ട് ഡോസ് കോവിഡ് വാക്‌സിൻ സ്വീകരിച്ച് കഴിഞ്ഞു. 74 ശതമാനം പേർ ആദ്യ ഡോസും സ്വീകരിച്ചു. സ്‌കൂളുകൾ സുരക്ഷിതമാണെന്ന് അധികൃതർ അവകാശപ്പെടുന്നുണ്ട്.