ബറക്ക നിലയത്തില്‍ ആണവ വൈദ്യുതി ഉത്പാദനം ആരംഭിച്ച് യു.എ.ഇ
പത്ത് വർഷക്കാലം രണ്ടായിരം എഞ്ചിനീയർമാരും സ്വദേശി യുവാക്കളും 80 അന്താരാഷ്ട്ര പങ്കാളികളുമാണ് ബറക്ക പ്ലാന്റിന് പിന്നിൽ പ്രവർത്തിച്ചത്.
യു.എ.ഇ വാണിജ്യാടിസ്ഥാനത്തിൽ ആണവോർജ ഉത്പാദനം തുടങ്ങി. അബൂദബി ബറക്ക ന്യൂക്ലിയർ പ്ലാന്റിലാണ് ആണവ വൈദ്യുതി ഉത്പാദനം ആരംഭിച്ചത്. അറബ് ലോകത്തെ ആദ്യ ആണവവൈദ്യുതി നിലയമാണിത്.
അറബ് ലോകത്തെ ആദ്യ ആണവ പ്ലാന്റിൽ നിന്നുള്ള ആദ്യ മെഗാവാട്ട് എന്നാണ് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽമക്തൂം ഈ നേട്ടത്തെ വിശേഷിപ്പിച്ചത്. ഊർജോൽപാദന രംഗത്ത് സുസ്ഥിരത കൈവരിക്കാനുള്ള ചരിത്രഘട്ടത്തിലേക്ക് രാജ്യം പ്രവേശിച്ചതായും അദ്ദേഹം ട്വീറ്റ് ചെയ്തു.
പത്ത് വർഷം, രണ്ടായിരം എഞ്ചിനീയർമാരും സ്വദേശി യുവാക്കളും 80 അന്താരാഷ്ട്ര പങ്കാളികളുമാണ് ബറക്ക പ്ലാന്റിന് പിന്നിൽ പ്രവർത്തിച്ചത്. യു.എ.ഇ ഉപസർവ സൈന്യാധിപനും അബൂദബി കിരീടാവാകാശിയുമായി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽനഹ്യാനെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
ബറക ആണവ പ്ലാന്റിന്റെ രണ്ടാമത് യൂനിറ്റിന് ആണവോർജ ഫെഡറൽ അതോറിറ്റി പ്രവർത്താനുമതി നൽകി ഒരുമാസം തികയുന്നതിന് മുമ്പാണ് ഇവിടെ വാണിജ്യാടിസ്ഥാനത്തിൽ ഉത്പാദനത്തിന് തുടക്കം കുറിച്ചത്.