17 സ്ത്രീകള്‍ മീടൂ ആരോപണമുന്നയിച്ച വൈരമുത്തുവിന് ഒ.എന്‍.വി പുരസ്‌കാരം; എ.ആര്‍ റഹ്‌മാന്റെ സഹോദരി പറഞ്ഞത് വീണ്ടും വൈറലാവുന്നു
ഗീതു മോഹന്‍ദാസ്, റിമ കല്ലിങ്കല്‍ തുടങ്ങിയവരും വൈരമുത്തുവിന് അവാര്‍ഡ് നല്‍കിയതിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തി.
17 സ്ത്രീകള്‍ മീടൂ ആരോപണമുന്നയിച്ച തമിഴ് കവി വൈരമുത്തുവിന് ഒ.എന്‍.വി പുരസ്‌കാരം സമ്മാനിച്ചതിനെതിരെ വിമര്‍ശനം ശക്തമാവുന്നു. വൈരമുത്തുവിനെതിരെ നേരത്തെ എ.ആര്‍ റഹ്‌മാന്റെ സഹോദരി റൈഹാന ഒരു അഭിമുഖത്തില്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ സമൂഹമാധ്യമങ്ങളില്‍ വീണ്ടും വൈറലാവുകയാണ്.
റെയ്ഹാനയുടെ വാക്കുകള്‍ ഇങ്ങനെ: ' മുമ്പും ചില സ്ത്രീകള്‍ വൈരമുത്തുവിനെ കുറിച്ച് ഇത്തരത്തിലുള്ള പരാതികള്‍ പറഞ്ഞിരുന്നു. ഇത് ഒരു പരസ്യമായ രഹസ്യമാണ്. എനിക്ക് ഇതുവരെ അങ്ങനെ ഒരു അവസ്ഥ അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ല. മാന്യതവിട്ട് ഞാനും മറ്റുള്ളവരോട് പെരുമാറിയിട്ടില്ല. ഭൂരിഭാഗം സ്ത്രീകളും ഇത്തരത്തില്‍ എന്തെങ്കിലും പ്രശ്‌നം നേരിടേണ്ടി വന്നാല്‍ അതു തുറന്നു പറയാന്‍ ഭയക്കുന്നവരാണ്. ഏതൊക്കെയോ രീതിയിലുള്ള കുറ്റകൃത്യങ്ങള്‍ നടന്നിട്ടുണ്ടെന്ന് ഞാനും കരുതുന്നു.അങ്ങനെ സംഭവിക്കാതെ ഈ ആരോപണങ്ങള്‍ ഉണ്ടാകില്ലല്ലോ. പക്ഷേ, വൈരമുത്തുവില്‍ നിന്ന് എനിക്ക് ഒരിക്കലും അങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ല. ഏതാനും ചില സന്ദര്‍ഭങ്ങളില്‍ അദ്ദേഹത്തെ ഞാന്‍ കാണുകയും സംസാരിക്കുകയും ചെയ്തിരുന്നു. അപ്പോഴൊന്നും അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും ഒരുതരത്തിലുള്ള മോശം പെരുമാറ്റവും എനിക്കു നേരിടേണ്ടി വന്നിട്ടില്ല. ആര്‍ക്കാണോ അത്തരത്തിലുള്ള മോശം അനുഭവം ഉണ്ടായത് അവര്‍ പരാതി നല്‍കണമെന്നാണ് എന്റെ അഭിപ്രായം.'
വൈരമുത്തുവിനെ അവാര്‍ഡിന് തിരഞ്ഞെടുത്തതിനെതിരെ എഴുത്തുകാരി മീന കന്ദസ്വാമി, മാധ്യമപ്രവര്‍ത്തക ധന്യ രാജേന്ദ്രന്‍ തുടങ്ങിയവര്‍ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. നടിമാരായ ഗീതു മോഹന്‍ദാസ്, റിമ കല്ലിങ്ങല്‍ തുടങ്ങിയവരും വൈരമുത്തുവിന് അവാര്‍ഡ് നല്‍കിയതിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തി.