ഞങ്ങളെ മണിക്കൂറുകള്‍ എ.ടി.എമ്മിന് മുന്നില്‍ നിര്‍ത്തിയില്ലേ?; ഇനി നിങ്ങളും കുറച്ച് കാത്തിരിക്കൂ-മോദിയോട് മഹുവ മൊയ്ത്ര

മോദി അരമണിക്കൂര്‍ കാത്തിരുന്നതിന്റെ പേരില്‍ മമത ബാനര്‍ജിയെ വിമര്‍ശിച്ച ബി.ജെ.പി നേതാക്കള്‍ക്ക് മറുപടിയായാണ് മഹുവ മൊയ്ത്രയുടെ പ്രതികരണം.

Update: 2021-05-29 10:25 GMT
Advertising

പ്രധാനമന്ത്രിയെ മമത ബാനര്‍ജി അരമണിക്കൂര്‍ കാത്തുനില്‍പ്പിച്ചു എന്നാരോപിച്ച് വിമര്‍ശനമുന്നയിക്കുന്ന ബി.ജെ.പി നേതാക്കള്‍ക്ക് മറുപടിയുമായി തൃണമൂല്‍ നേതാവ് മഹുവ മൊയ്ത്ര.

30 മിനിറ്റ് കാത്തിരിക്കേണ്ടി വന്നതിന്റെ പേരില്‍ എന്തൊക്കെ ബഹളങ്ങളാണ്? നിങ്ങള്‍ വാഗ്ദാനം ചെയ്ത 15 ലക്ഷത്തിന് വേണ്ടി ഞങ്ങള്‍ കഴിഞ്ഞ ഏഴ് വര്‍ഷമായി കാത്തിരിക്കുന്നു. എ.ടി.എം മെഷീനുകള്‍ക്ക് മുന്നില്‍ മണിക്കൂറുകള്‍ കാത്തുനില്‍പ്പിച്ചു, വാക്‌സിന്‍ വൈകിയത് മൂലം മാസങ്ങള്‍ കാത്തിരിക്കേണ്ടി വന്നു. ഇനി നിങ്ങളും കുറച്ച് കാത്തിരിക്കൂ-മഹുവ മൊയ്ത്ര ട്വീറ്റ് ചെയ്തു.

യാസ് ചുഴലിക്കാറ്റ് നാശം വിതച്ച പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനാണ് മോദി കഴിഞ്ഞ ദിവസം ബംഗാള്‍ സന്ദര്‍ശിച്ചത്. വെസ്റ്റ് മിഡ്‌നാപൂരിലെ എയര്‍ ബേസില്‍ വെച്ച് മോദിയെക്കണ്ട് നിവേദനം നല്‍കിയ മമത റിവ്യൂ മീറ്റിങ് ബഹിഷ്‌കരിച്ചിരുന്നു. മമത വരുമെന്ന് കരുതി മോദി അരമണിക്കൂര്‍ കാത്തിരുന്നെങ്കിലും അവര്‍ എത്തിയില്ല.

പിന്നാലെ പ്രധാനമന്ത്രിയെ മമത അപമാനിച്ചുവെന്നാരോപിച്ച് ബി.ജെ.പി നേതാക്കള്‍ രംഗത്തെത്തി. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, ബി.ജെ.പി പ്രസിഡന്റ് ജെ.പി നദ്ദ, ബംഗാള്‍ ഗവര്‍ണര്‍ ധാങ്കര്‍ തുടങ്ങിയവര്‍ മമതയെ വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News