കൃത്രിമദ്വീപ്​ ഉണ്ടാക്കി ഫലസ്തീനികളെ പുനരധിവസിപ്പിക്കണമെന്ന ഇസ്രായേൽ നിർദേശം ഞെട്ടിക്കുന്നത്; യൂറോപ്യൻ യൂണിയൻ

സ്വതന്ത്ര ഫലസ്തീൻ രാജ്യം ഇസ്രായേലിന് ഗുണകരമാകുമെന്ന് വൈറ്റ് ഹൗസ്

Update: 2024-01-23 00:56 GMT
Editor : Lissy P | By : Web Desk
Advertising

ദുബൈ: കൃത്രിമ ദ്വീപ്​ നിർമിച്ച്​ ഫലസ്തീനികളെ പുനരധിവസിപ്പിക്കണമെന്ന ഇസ്രായേൽ നിർദേശം ഞെട്ടിക്കുന്നതാണെന്ന്​ യൂറോപ്യൻ യൂനിയൻ. കൃത്രിമ ദ്വീപ്​ നിർമിച്ച്​ ഫലസ്​തീനികളെ അവിടേക്ക്​ പുറന്തള്ളാനുള്ള നിർദേശം ആപൽക്കരമെന്ന്​ ഇന്നലെ ബ്രസൽസിൽ ചേർന്ന യൂറോപ്യൻ യൂനിയൻ വിദേശകാര്യ മന്ത്രിമാരുടെ യോഗം ചൂണ്ടിക്കാട്ടി. അന്താരാഷ്​ട്ര മാധ്യമങ്ങളിൽ ഇതു സംബന്​ധിച്ച വാർത്ത വന്നതോടെ അത്തരമൊരു നിർദേശം തങ്ങൾ സമർപ്പിച്ചിട്ടില്ലെന്ന്​ ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഗസ്സയി​ൽ കൃത്രിമദ്വീപ്​ നിർമിച്ച്​ ഒരു തുറമുഖം ഒരുക്കണമെന്ന നിർദേശമാണ്​ സമർപ്പിച്ചതെന്നും ഇസ്രാ​യേൽ അറിയിച്ചു. സ്വതന്ത്ര ഫലസ്​തീൻ രാഷ്​ട്രത്തെ നിരാകരിച്ച ഇസ്രായേൽ നടപടിയും യൂറോപ്യൻ രാജ്യങ്ങളുടെ കടുത്ത എതിർപ്പിനിടയാക്കി. ഇസ്രായേലിന്​ കൂടി ഉപകാര​പ്പെടുന്ന നിർദേശമാണിതെന്ന്​ വൈറ്റ്​ഹൗസ്​ പ്രതികരിച്ചു. ബന്ദികളുടെ മോചനം ഉറപ്പാക്കണം എന്നാവശ്യപ്പെട്ട്​ ഇസ്രായേലിൽ പ്രക്ഷോഭം ശക്​തമായതോടെ നെതന്യാഹു സർക്കാർ സമ്മർദത്തിലായി. ഹമാസ്​ നിർദേശം അംഗീകരിച്ചുളള ഒരു ചർച്ചക്കും ഇല്ലെന്ന നെതന്യാഹുവി​ൻറ നിലപാട്​ ബന്ദികളുടെ ജീവൻ നഷ്​ടപ്പെടാൻ ഇടയാക്കുമെന്ന്​ ബന്ധുക്കൾ വ്യക്​തമാക്കി. ഇന്നലെ ഇസ്രായേൽ പാർലമെൻറിലേക്കും ബന്ധുക്കൾ ഇരച്ചുകയറിയത്​ സംഘർഷ സാഹചര്യം രൂപപ്പെടുത്തി. ബന്ദികളുടെ മോചനവുമായി ബന്ധപ്പെട്ട്​ താൽക്കാലിക വെടിനിർത്തലിനെ പിന്തുണക്കുമെങ്കിലും സമ്പൂർണ വെടിനിർത്തലിനോട്​ യോജിപ്പില്ലെന്ന്​ അമേരിക്ക അറിയിച്ചു.

അതേസമയം, ചെങ്കടലിലും സംഘർഷം പുകയുകയാണ്. അമേരിക്കൻ സൈനിക ചരക്കുകപ്പലിനു നേരെ മിസൈൽ ആക്രമണം നടത്തിയെന്ന ഹൂതി അവകാശവാദം തള്ളി പെൻറഗൺ. ഓസിയൻ ജാസ്​ എന്ന കപ്പൽ തികച്ചും സുരക്ഷിതമാണെന്ന്​ യു.എസ്​ സെൻട്രൽ കമാൻറ്​ അറിയിച്ചു. യെമനു നേരെ വീണ്ടും ആക്രമണം തടർന്നാൽ കനത്ത തിരിച്ചടി ഉണ്ടാകുമെന്ന്​ ഹൂതികൾ അമേരിക്കക്കും ബ്രിട്ടനും മുന്നറിയിപ്പ്​ നൽകി. കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമെങ്കിൽ സൈനിക നടപടിക്ക്​ യൂറോപ്യൻ രാജ്യങ്ങളും തീരുമാനിച്ചു. ഖാൻ യൂനൂസിൽ ഉൾപ്പെടെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഇന്നലെയും നൂറിലേറെ പേർ കൊല്ലപ്പെട്ടു.

വടക്കൻ ഗസ്സയിലെ 5 ലക്ഷത്തോളം ജനങ്ങൾ കൊടും പട്ടിണിയിലേക്ക്​ നീങ്ങുന്നതായി യു.എൻ ഏജൻസികളും ഹമാസും അറിയിച്ചു. റഫ അതിർത്തി തുറന്ന്​ ഭക്ഷ്യവസ്​തുക്കൾ എത്തിക്കാൻ നടപടി വേണമെന്ന്​ ഹമാസ്​ ഈജിപ്​തിനോട്​ ആവശ്യപ്പെട്ടു. മൂന്ന്​ ഉയർന്ന ഓഫീസർമാർ കൊല്ലപ്പെട്ടതായും 15 സൈനികർക്ക്​​ പരി​ക്കേറ്റതായും ഇസ്രായേൽ സൈന്യം അറിയിച്ചു.


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News