ഗസ്സ യുദ്ധം; ഇസ്രായേലിലെ അംബാസിഡറെ തിരിച്ചുവിളിച്ച് ബ്രസീല്‍

തിരിച്ചുവിളിച്ച അംബാസഡർ ഫ്രെഡറിക്കോ മേയര്‍ക്ക് ജനീവയില്‍ പുതിയ ചുമതല നല്‍കിയതായി ബ്രസീല്‍ ഗവണ്‍മെന്‍റിന്‍റെ ഔദ്യോഗിക ഉത്തരവില്‍ പറയുന്നു

Update: 2024-05-30 04:43 GMT
Editor : Jaisy Thomas | By : Web Desk
Advertising

ബ്രസീലിയ: ഗസ്സയിലെ യുദ്ധത്തെച്ചൊല്ലി മാസങ്ങളായി ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തിന് പിന്നാലെ ബ്രസീൽ പ്രസിഡൻ്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ ഇസ്രായേലിലെ തങ്ങളുടെ അംബാസഡറെ ബുധനാഴ്ച തിരിച്ചുവിളിച്ചു.ഗസ്സയിലെ ഇസ്രായേല്‍ ആക്രമണത്തിനെതിരെ നിരന്തരം ശബ്ദമുയര്‍ത്താറുള്ള ലുല ആക്രമണങ്ങളെ വംശഹത്യ എന്ന് വിളിക്കുകയും രണ്ടാം ലോകമഹായുദ്ധകാലത്ത് ഹിറ്റ്ലര്‍ നടത്തിയ ഹോളോകോസ്റ്റുമായി താരതമ്യപ്പെടുത്തുകയും ചെയ്തിരുന്നു.

ബ്രസീലിലേക്ക് തിരിച്ചുവിളിച്ച അംബാസഡർ ഫ്രെഡറിക്കോ മേയര്‍ക്ക് ജനീവയില്‍ പുതിയ ചുമതല നല്‍കിയതായി ബ്രസീല്‍ ഗവണ്‍മെന്‍റിന്‍റെ ഔദ്യോഗിക ഉത്തരവില്‍ പറയുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാക്കുന്നതാണ് പുതിയ നീക്കം. എന്നാല്‍ ഇക്കാര്യത്തിൽ ബ്രസീൽ സർക്കാരിൽ നിന്ന് ഔദ്യോഗിക സന്ദേശമൊന്നും ലഭിച്ചിട്ടില്ലെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. എന്നിരുന്നാലും, മാധ്യമ റിപ്പോർട്ടുകളെത്തുടർന്ന്, വ്യാഴാഴ്ച മന്ത്രാലയത്തിൽ ഒരു മീറ്റിംഗിന് ഹാജരാകാൻ ബ്രസീലിയൻ ചാർജ് ഡി അഫയേഴ്‌സിന് സമൻസ് ലഭിച്ചു. അംബാസിഡറെ തിരിച്ചുവിളിച്ച നടപടിയില്‍ രാജ്യത്തെ ഇസ്രായേൽ അനുകൂല സംഘടനയായ ഇസ്രായേലി കോൺഫെഡറേഷൻ ഓഫ് ബ്രസീൽ പ്രതിഷേധം രേഖപ്പെടുത്തി. മേയറിന് പകരക്കാരന്‍ ആരാണെന്ന് ഔദ്യോഗിക ഉത്തരവിൽ പറയുന്നില്ല. ഇസ്രായേലിലേക്കുള്ള ബ്രസീലിൻ്റെ ചാർജ് ഡി അഫയേഴ്‌സ് അനിശ്ചിതകാലത്തേക്ക് എംബസിയെ നയിക്കുമെന്നാണ് റിപ്പോര്‍ട്ട്.

സൈന്യം സൈന്യത്തിനെതിരെ നടത്തുന്ന യുദ്ധമല്ല, വമ്പൻ തയ്യാറെടുപ്പ് നടത്തിയ സൈന്യം കുട്ടികൾക്കും സ്ത്രീകൾക്കുമെതിരെ നടത്തുന്ന യുദ്ധമാണെന്ന് ബ്രസീല്‍ പ്രസിഡന്‍റ് വിമര്‍ശിച്ചിരുന്നു. ''ഗസ്സ മുനമ്പിൽ ഫലസ്തീൻ ജനതക്കെതിരെ നടക്കുന്നത് ചരിത്രത്തിന്റെ ഒരു ഘട്ടത്തിലും നടന്നിട്ടില്ല, യഥാർത്ഥത്തിൽ അത് ജൂതരെ കൊന്നൊടുക്കാൻ ഹിറ്റ്‌ലർ തീരുമാനിച്ചപ്പോൾ മാത്രമാണ് നടന്നത്' ലൂയിസ് ചൂണ്ടിക്കാട്ടി. രണ്ടാം ലോകമഹായുദ്ധ വേളയിൽ ഹിറ്റ്‌ലറിന്റെ നേതൃത്വത്തിൽ നാസികൾ ആറ് ദശലക്ഷം ജൂതരെ വ്യവസ്ഥാപിതമായി കൊന്നൊടുക്കിയതായാണ് പറയപ്പെടുന്നത്'' എന്നാണ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ പറഞ്ഞത്. ഇതിനെ തുടര്‍ന്ന് ഇസ്രായേല്‍ ബ്രസീലിയന്‍ അംബാസിഡറെ ശാസിക്കാനായി വിളിച്ചുവരുത്തിയിരുന്നു. ബ്രസീല്‍ പ്രസിഡന്‍റിന്‍റെ പ്രസ്താവന അപമാനകരവും ഗുരുതരവുമാണെന്നായിരുന്നു ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്‍റെ പ്രതികരണം.

അംബാസിഡറെ തിരിച്ചുവിളിച്ച നടപടി പ്രതീകാത്മകമാണെന്ന് ദക്ഷിണ ബ്രസീലിലെ ഫെഡറൽ യൂണിവേഴ്‌സിറ്റി ഓഫ് സാന്താ കാറ്ററീനയിലെ ഇൻ്റർനാഷണൽ റിലേഷൻസ് പ്രൊഫസറായ ഡാനിയേൽ അയേഴ്‌സ് പറഞ്ഞു. ''നയതന്ത്രബന്ധം വിച്ഛേദിക്കുന്നത് അവസാനിപ്പിച്ചുകൊണ്ട്, ബ്രസീൽ സർക്കാരിൻ്റെ നിലപാട് ശക്തിപ്പെടുത്തുന്നതിനൊപ്പം ബന്ധം നിലനിർത്താൻ ആഗ്രഹിക്കുന്നുവെന്ന് ലുല സൂചിപ്പിക്കുന്നു. ഒക്ടോബർ 7 ആക്രമണത്തോട് ഇസ്രായേൽ പ്രതികരിക്കുന്ന രീതിയെ രൂക്ഷമായി വിമർശിക്കുന്നു'' ഡാനിയേൽ കൂട്ടിച്ചേര്‍ത്തു. നോർവേ, സ്പെയിൻ എന്നീ രാജ്യങ്ങൾ ഫലസ്തീൻ രാഷ്ട്രത്തെ ഔപചാരികമായി അംഗീകരിച്ചതിനെ ബ്രസീലിൻ്റെ വിദേശകാര്യ മന്ത്രാലയം സ്വാഗതം ചെയ്തു. 2010ലാണ് ബ്രസീൽ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ചത്.

ഈ മാസം ആദ്യം കൊളംബിയ ഇസ്രായേലുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചിരുന്നു.കൊളംബിയൻ പ്രസിഡൻ്റ് ഗുസ്താവോ പെട്രോ ഇസ്രായേലിൽ നിന്ന് ആയുധങ്ങൾ വാങ്ങുന്നത് താൽക്കാലികമായി നിർത്തിവച്ചിരുന്നു. കൂടാതെ ബൊളീവിയയും ബെലീസും ഇസ്രായേലുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചിരുന്നു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News