അത്യാഡംബര നൗകയിലെ 'ഒടുവിലത്തെ പാർട്ടി'; ആഴക്കടലിൽ മുങ്ങിത്താണ 'ബ്രിട്ടീഷ് ബിൽഗേറ്റ്‌സും' ശതകോടീശ്വരന്മാരും

ബയേസിയാൻ ബോട്ട് ഇറ്റാലിയൻ കടലിൽ മുങ്ങുന്നതിന്റെ രണ്ടു ദിവസം മുൻപാണ് കേസില്‍ ലിഞ്ചിനൊപ്പം പ്രതിയായിരുന്ന സ്റ്റീഫൻ പ്രഭാതസവാരിക്കിടെ കാറിടിച്ച് മരിക്കുന്നത്

Update: 2024-09-10 14:50 GMT
Editor : Shaheer | By : Shaheer
അത്യാഡംബര നൗകയിലെ ഒടുവിലത്തെ പാർട്ടി; ആഴക്കടലിൽ മുങ്ങിത്താണ ബ്രിട്ടീഷ് ബിൽഗേറ്റ്‌സും ശതകോടീശ്വരന്മാരും
AddThis Website Tools
Advertising

റോം: ശതകോടികളുടെ സാമ്പത്തിക തട്ടിപ്പുകേസിൽ അമേരിക്കൻ കോടതി കുറ്റവിമുക്തനാക്കിയ ശേഷം ബ്രിട്ടീഷ് വ്യവസായി മൈക് ലിഞ്ച് 'ദി ടൈംസി'നു നൽകിയ അഭിമുഖത്തിൽ പറഞ്ഞത് ഇത് രണ്ടാം ജന്മമാണെന്നായിരുന്നു. വർഷങ്ങളായി അകന്നുകഴിയാൻ 'വിധിക്കപ്പെട്ട' കുടുംബവുമൊത്തുള്ള പുതുജീവിതത്തെ കുറിച്ചുള്ള പ്രത്യാശകളും പ്രതീക്ഷകളുമാണ് അദ്ദേഹം പങ്കുവച്ചത്. അഭിമുഖം നൽകി ഏതാനും ദിവസങ്ങൾക്കകം ലിഞ്ചിന്റെ 'രണ്ടാംജന്മ'വും അവസാനിച്ചു; അതും ആഴക്കടലിൽ. 13 വർഷം നീണ്ട നിയമപോരാട്ടത്തിന്റെ വിജയം ആഘോഷിക്കാനായി കുടുംബത്തെയും സുഹൃത്തുക്കളെയും അഭിഭാഷകരെയും കൂട്ടി നടത്തിയ ഉല്ലാസയാത്രയായിരുന്നു അത്. ആ യാത്ര പക്ഷേ, ഇറ്റാലിയൻ ദ്വീപായ സിസിലിയുടെ തീരത്തിന് ഏതാനും നോട്ടിക്കൽ മൈലുകൾ അകലെ കടലിന്റെ ആഴങ്ങളിൽ അവസാനിച്ചു.

ബ്രിട്ടീഷ് ബിൽഗേറ്റ്‌സ് എന്ന പേരിൽ അറിയപ്പെടുന്ന ടെക് ഭീമനും ശതകോടീശ്വരനുമാണ് മൈക് ലിഞ്ച്. മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണിന്റെ ഉപദേശകനായി മുൻപ് വേവനമനുഷ്ഠിച്ചയാൾ. ബിബിസിയുടെ ഉൾപ്പെടെ മുൻനിര മാധ്യമ-ടെക് കമ്പനികളുടെ ഡരക്ടർ ബോർഡിലും അംഗമായിരുന്നു.

മൈക്ക് ലിഞ്ച്
മൈക്ക് ലിഞ്ച്

1996ൽ ലിഞ്ച് ആരംഭിച്ച സോഫ്റ്റ്‌വെയർ കമ്പനി ഓട്ടോണമി കോർപറേഷനാണ് ഒടുവിൽ അദ്ദേഹത്തിന്റെ സ്വാസ്ഥ്യവും ആയുസും ജീവനുമൊന്നാകെ അപഹരിച്ചത്. 2011ൽ അമേരിക്കൻ ടെക് കമ്പനിയായ ഹെവ്‌ലെറ്റ്-പക്കാർഡിന്(എച്ച്പി) കമ്പനിയെ വിറ്റ ശേഷം ഉറക്കമില്ലാ ദിനരാത്രങ്ങളായിരുന്നു. വിൽപനയ്ക്കു മുൻപ് കമ്പനിയുടെ മൂല്യം കൃത്രിമമായ പെരുപ്പിച്ചുകാണിച്ചെന്ന് ആരോപിച്ച് എച്ച്പി നിയമയുദ്ധം ആരംഭിച്ചതായിരുന്നു തുടക്കം. ഒടുവിൽ ക്രിമിനൽനടപടികൾ നേരിടാൻ ബ്രിട്ടൻ ലിഞ്ചിനെ അമേരിക്കയ്ക്കു കൈമാറുകയും ചെയ്തു. വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ 2024 ജൂണിൽ കുറ്റക്കാരനല്ലെന്നു കണ്ടെത്തി അമേരിക്കൻ കോടതി ലിഞ്ചിനെ വെറുതെവിടുകയായിരുന്നു.

നേപ്പിൾസിൽനിന്ന് തുടങ്ങിയ പാർട്ടി; ആഴക്കടലിൽ മുങ്ങിത്താണ ബയേസിയാൻ

കോടതി കുറ്റവിമുക്തനാക്കി രണ്ട് മാസങ്ങൾക്കുശേഷം കഴിഞ്ഞ ആഗസ്റ്റിലാണ് മൈക് ലിഞ്ച് വിജയാഘോഷം പ്രഖ്യാപിച്ചത്; ഇറ്റാലിയൻ കടലിൽ ദിവസങ്ങൾ നീണ്ടുനിൽക്കുന്ന അത്യാഡംബര പാർട്ടി. സ്വന്തം ഭാര്യയുടെ ഉടമസ്ഥതയിലുള്ള ബയേസിയാൻ എന്ന 180 അടി പൊക്കമുള്ള ഭീമൻ ഉല്ലാസനൗക ഇതിനായി സജ്ജമാക്കുകയും ചെയ്തു.

ഭാര്യ ആഞ്ചെലാ ബകാറസ്, മകൾ ഹന്ന ലിഞ്ച് എന്നിവരായിരുന്നു കുടുംബത്തിൽനിന്ന് യാത്രയിൽ ഒപ്പംകൂടിയത്. ബഹുരാഷ്ട്ര കുത്തക കമ്പനിയായ മോർഗൻ സ്റ്റാൻലിയുടെ ചെയർമാൻ ജൊനാഥൻ ബ്ലൂമറും ഭാര്യ ജൂഡി ബ്ലൂമറും പ്രത്യേക ക്ഷണിതാക്കളായി ആഘോഷത്തിൽ പങ്കുചേർന്നു. ലിഞ്ചിന്റെ നിയമപോരാട്ടത്തിനു നേതൃത്വം നൽകിയ ന്യൂയോർക്ക് ആസ്ഥാനമായുള്ള അന്താരാഷ്ട്ര നിയമ കമ്പനി ക്ലിഫോർഡ് ചാൻസ് തലവൻ ക്രിസ്റ്റഫർ ജെ മോർവില്ലോയും ഭാര്യ നെദയും കൂടെക്കൂടി. ഇവർക്കു പുറമെ ലിഞ്ചിന്റെ നിക്ഷേപ കമ്പനിയായ ഇൻവോക് കാപിറ്റലിൽ പങ്കാളിയായ ഷാർലറ്റ് ഗോലൻസ്‌കിയും ഭർത്താവ് ജെയിംസ് എംസ്ലിയും ഇവരുടെ ഒരു വയസു മാത്രം പ്രായമുള്ള മകൾ സോഫിയും ക്ലിഫോർഡ് അഭിഭാഷകയായ ഐല റൊണാൾഡും പങ്കാളി മാത്യു ഫ്‌ളെച്ചറുമെല്ലാം ലിഞ്ചിന്റെ ആഘോഷപ്പാർട്ടിയിൽ പങ്കുചേരാനെത്തി.

അപകടത്തില്‍പെട്ട ബയേസിയാന്‍ ബോട്ട്

ഇറ്റാലിയൻ തീരത്തെ നേപ്പിൾസ് ഉൾക്കടലിൽനിന്ന് ശതകോടീശ്വരന്മാരുടെ വിഐപി പടയുമായി ബയേസിയാൻ യാത്ര ആരംഭിച്ചു. കാപ്രി ദ്വീപ്, അഗ്നിപർവത സ്‌ഫോടനത്തിനു പേരുകേട്ട അയോലിയൻ ദ്വീപുകൾ എന്നിവിടങ്ങളിലൂടെയെല്ലാം കറങ്ങി ആഗസ്റ്റ് 19, ഞായറാഴ്ച രാത്രി സിസിലി തലസ്ഥാനമായ പാലെർമോയുടെ കരയിൽനിന്ന് അര മൈൽ ദൂരത്തിൽ ബോട്ട് നങ്കൂരമിട്ടു. മേഖലയിലെ ഏറ്റവും സുരക്ഷിതമെന്ന് കരുതപ്പെട്ട സ്ഥലത്തായിരുന്നു വിശ്രമത്തിനായി നിർത്തിയത്. ആ രാവിലും നൗകയിൽ പാട്ടും മദ്യപാർട്ടികളുമായി ആഘോഷം തുടർന്നു. ക്രിസ്മസ് ട്രീ പോലെ കത്തിത്തിളങ്ങുന്ന ബോട്ടിന്റെ കാഴ്ചയിൽ തീരത്തു നിൽക്കുന്നവരുടെ പോലും കണ്ണുടക്കി.

പുലർച്ചെ നാല് മണിയോടെ കടലിന്റെ ഗതിമാറി. ബോട്ടിൽ എല്ലാവരും ഗാഢനിദ്രയിലാണ്ടിരുന്നു അപ്പോൾ. പെട്ടെന്നാണ് അതിശക്തമായ ചുഴലിക്കാറ്റ് ആഞ്ഞുവീശിയത്. പിന്നാലെ ഇടിയും മിന്നലും പേമാരിയും. കടലിലെ കുറ്റാകൂരിരുട്ടിൽ മിന്നിത്തിളങ്ങിയ ആ വെട്ടം പെട്ടെന്ന് ചിന്നിച്ചിതറുന്നതാണ് കണ്ടതെന്ന് ഇതേസമയം തീരത്തുണ്ടായിരുന്ന മത്സ്യബന്ധന തൊഴിലാളികൾ പറയുന്നു. കൊടുങ്കാറ്റിൽ നിയന്ത്രണം നഷ്ടമായി ഭീമൻ ബയേസിയാൻ കടലിൽ മുങ്ങി; ഒപ്പം ശതകോടീശ്വരന്മാരും ജീവനക്കാരുമടക്കം 22 പേരും കടലിലേക്ക് എടുത്തെറിയപ്പെട്ടു.

വിവരമറിഞ്ഞ് ഇറ്റാലിയൻ നാവികസേനാ സംഘവും രക്ഷാപ്രവർത്തകരും മുങ്ങൽവിദഗ്ധരുമെല്ലാം സംഭവസ്ഥലത്തേക്കു കുതിച്ചു. തിങ്കളാഴ്ച നേരംപുലരുമ്പോഴേക്കും ദുരന്തവാർത്ത തീരത്താകെ പടർന്നു. നൂറുകണക്കിനുപേർ വിവരമറിഞ്ഞ് ദുരന്തതീരത്തേക്ക് ഓടിയെത്തി. രക്ഷാപ്രവർത്തകർ ആദ്യം തന്നെ പുറത്തെടുത്തത് മൈക് ലിഞ്ചിന്റെ ജീവനറ്റ ശരീരമായിരുന്നു. പിന്നാലെ മോർഗൻ മേധാവി ജോനാഥൻ ബ്ലൂമറുടെയും ഭാര്യയുടെയും മൃതദേഹങ്ങൾ ലഭിച്ചു; വൈകാതെ ക്ലിഫോർഡ് മേധാവി ക്രിസ്റ്റഫർ മോർവില്ലോയുടെയും ഭാര്യയുടെയും മൃതദേഹങ്ങളും. ലിഞ്ചിന്റെ ഭാര്യ ബകാറസ് ഉൾപ്പെടെ ആറുപേരെ രക്ഷാസംഘം ജീവനോടെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു. ലിഞ്ചിന്റെ മകൾ ഹന്നയെ മണിക്കൂറുകളോളം നീണ്ട തിരച്ചിലിനൊടുവിൽ മൃതശരീരമായും കണ്ടെത്തി.

രക്ഷാപ്രവര്‍ത്തനത്തില്‍നിന്ന്

ബ്രിട്ടീഷ് ദമ്പതികളായ ഷാർലറ്റ് ഗോലൻസ്‌കിയും ഒരു വയസുള്ള കുഞ്ഞും ഭർത്താവും രക്ഷപ്പെട്ടത് വിസ്മയകരമായിരുന്നു. നിയന്ത്രണം വിട്ടു മറിയുമ്പോൾ ബോട്ടിന്റെ മേൽത്തട്ടിലായിരുന്നു ഇവരുണ്ടായിരുന്നത്. ആഴക്കടലിൽ വീണ ഷാർലറ്റ് കുഞ്ഞിനെ കൈയിൽ മുറുകെപ്പിടിച്ചു. വെള്ളത്തിൽ മുങ്ങാതെ ഇരുകൈകളും ഉയർത്തിപ്പിടിച്ച് മിനിറ്റുകളോളം കടലിൽ നീന്തിക്കൊണ്ടിരുന്നു. രക്ഷതേടി ഉറക്കെ നിലവിളിച്ചു. ഒടുവിലാണ് രക്ഷയ്‌ക്കെത്തിയ ലൈഫ്‌ബോട്ടിൽ ഷാർലറ്റ് കുഞ്ഞുമായി പിടിച്ചുകയറിയത്.

ലിഞ്ചിന്റെ ടെക് സാമ്രാജ്യവും എച്ച്പിയുടെ നിയമക്കുരുക്കും

ലോകത്തെ മുൻനിര സർവകലാശാലയായ കാംബ്രിജിൽ ബിരുദവും ബിരുദാനന്തര ബിരുദവും കഴിഞ്ഞ് അവിടെത്തന്നെ മാത്തമാറ്റിക്കൽ കംപ്യൂട്ടിങ്ങിൽ പിഎച്ച്ഡിയും മെഷീൻ ലേണിങ്ങിൽ പോസ്റ്റ്‌ഡോക്ടറൽ റിസർച്ചും പൂർത്തിയാക്കിയാണ് മൈക് ലിഞ്ച് ടെക് സംരംഭത്തിലേക്ക് ചുവടുവയ്ക്കുന്നത്. കാംബ്രിജ് ന്യൂറോഡൈനാമിക്‌സ് എന്ന പേരിലുള്ള കമ്പനിക്കാണ് ആദ്യം തുടക്കമിട്ടത്. ഫിംഗർപ്രിന്റുമായി ബന്ധപ്പെട്ട സാങ്കേതിക ഗവേഷണങ്ങളിലായിരുന്നു കമ്പനി പ്രവർത്തനം കേന്ദ്രീകരിച്ചത്.

പിന്നീട് 1996ലാണ് ബ്രിട്ടീഷ് ഗണിതശാസ്ത്രജ്ഞൻ തോമസ് ബയേസിന്റെ ബയേസിയൻ സിദ്ധാന്തം അടിസ്ഥാനമാക്കി ഓട്ടോണമി കോർപറേഷൻ ആരംഭിക്കുന്നത്. സുഹൃത്തുക്കളായ ഡേവിഡ് തബിസെലും റിച്ചാർഡ് ഗോണ്ടും കൂട്ടിനുണ്ടായിരുന്നു. ലിഞ്ചിന്റെ പ്രിയപ്പെട്ട ഗണിതസിദ്ധാന്തമായിരുന്നു ബയേസിയാൻ. വർഷങ്ങൾക്കുശേഷം ലോകത്തെ തന്നെ ഏറ്റവും വലിയ ഉല്ലാസ ബോട്ടുകളിലൊന്ന് സ്വന്തമാക്കിയപ്പോഴും ഇതേ പേരുനൽകിയതും ആ ഇഷ്ടംകൊണ്ടായിരുന്നു.

രക്ഷാപ്രവര്‍ത്തനം നടത്തുന്ന ബോട്ടുകള്‍

ബ്രിട്ടീഷ് ടെക് ലോകം അതിവേഗമാണ് ലിഞ്ചിന്റെ 'ഓട്ടോണമി'ക്കു കീഴിലായത്. രാജ്യത്തെ മുൻനിര ടെക് കമ്പനിയായി ഇതു മാറി. യുകെയിലെ പരമോന്നത സിവിലിയൻ ബഹുമതിയായ മോസ്റ്റ് എക്‌സലന്റ് ഓർഡർ ഓഫ് ദി ബ്രിട്ടീഷ് എംപയർ നൽകി 2006ൽ രാജ്യം ലിഞ്ചിനെ ആദരിക്കുകയും ചെയ്തു. ഒരു ബ്രിട്ടീഷുകാരൻ ഇങ്ങനെ വലിയൊരു സോഫ്റ്റ്‌വെയർ കമ്പനി വിജയിപ്പിക്കുന്നത് നാട്ടുകാർക്കു വിശ്വസിക്കാനായിരുന്നില്ലെന്നാണ് ഒരു ഗാർഡിയൻ അഭിമുഖത്തിൽ ലിഞ്ച് വെളിപ്പെടുത്തിയത്. അദ്ദേഹം ചൈനീസ് വംശജനായിരിക്കുമെന്ന വിചാരത്തിലായിരുന്നുവത്രെ പലരും! ഈ കൗതുകത്തിൽനിന്നുതന്നെയാണ് ബ്രിട്ടീഷ് ബിൽ ഗേറ്റ്‌സ് എന്ന് അദ്ദേഹത്തെ ആളുകൾ വിളിക്കാൻ തുടങ്ങുന്നതും.

2011 ഒക്ടോബറിൽ ബഹുരാഷ്ട്ര കുത്തക കമ്പനിയായ എച്ച്പി 11 ബില്യൻ യുഎസ് ഡോളർ(ഏകദേശം 92,378 കോടി രൂപ) നൽകി ഓട്ടോണമി കോർപറേഷൻ സ്വന്തമാക്കി. ആ ഇടപാടിലൂടെ ലിഞ്ച് ഏകദേശം 800 മില്യൻ ഡോളർ ലാഭാണുണ്ടാക്കിയത്. പിന്നാലെ നിക്ഷേപക കമ്പനിയായ ഇൻവോക് കാപിറ്റലിനു തുടക്കമിടുകയും ചെയ്തു.

എന്നാൽ, 2012 നവംബറിൽ എച്ച്പി ലിഞ്ചിനും ഓട്ടോണമിക്കുമെതിരെ ഗുരുതരമായ ആരോപണങ്ങളുമായി രംഗത്തെത്തി. കമ്പനിയുടെ മൂല്യം പെരുപ്പിച്ചുകാണിച്ചെന്നായിരുന്നു ആരോപണം. എട്ട് ബില്യൻ ഡോളർ വിലമതിക്കുന്ന കമ്പനിയുടെ മൂല്യമാണ് 11 ബില്യണാക്കി പെരുപ്പിച്ചുകാണിച്ചത്. അക്കൗണ്ടിങ് രേഖകളിൽ കൃത്രിമം കാണിച്ചായിരുന്നു ഇത്തരത്തിൽ തട്ടിപ്പ് നടന്നതെന്നും ആരോപണമുണ്ടായി. ലിഞ്ച് ആരോപണം നിഷേധിക്കുകയും യുകെ സീരിയസ് ഫ്രോഡ് ഓഫിസിൽനിന്ന് അദ്ദേഹത്തിന് ക്ലീൻചിറ്റ് ലഭിക്കുകയും ചെയ്തു.

മകള്‍ ഹന്നയ്‍ക്കൊപ്പം മൈക് ലിഞ്ച്

ഇതോടെ എച്ച്പി അമേരിക്കയിൽ ലിഞ്ചിനും സംഘത്തിനുമെതിരെ നിയമനടപടി ആരംഭിച്ചു. 2018ൽ ഓട്ടോണമിയിലെ മുൻ വൈസ് പ്രസിഡന്റ് സ്റ്റീഫൻ ഷാംബെർലൈനൊപ്പം ലിഞ്ചിനെതിരെയും യുഎസ് കോടതി കുറ്റം ചുമത്തി. ഇതേസമയത്ത് തന്നെ ലണ്ടനിലെ ഹൈക്കോടതിയിലും എച്ച്പി കേസ് നൽകി. യു.എസ് അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരം 2021 ജൂലൈയിൽ മൈക് ലിഞ്ചിനെ കൈമാറാൻ വെസ്റ്റ്മിൻസ്റ്റർ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. വർഷങ്ങൾ നീണ്ട നിയമയുദ്ധത്തിനൊടുവിൽ 2023ൽ അദ്ദേഹത്തെ അമേരിക്കയ്ക്കു കൈമാറുകയും ചെയ്തു. 2024 ജൂണിൽ യു.എസ് കോടതി കുറ്റവിമുക്തനാക്കുംവരെ സാൻഫ്രാൻസിസ്‌കോയിലെ വീട്ടുതടങ്കലിലാണ് മൈക് ലിഞ്ച് കഴിഞ്ഞത്.

ബോട്ട് ദുരന്തത്തിൽ ദുരൂഹത?

40 മില്യൻ ഡോളർ വിലമതിക്കുന്ന ലോകത്തെ തന്നെ ഏറ്റവും സുരക്ഷിതമായ ഉല്ലാസബോട്ടുകളിലൊന്നാണ് ബയേസിയാൻ. അതീവ സുരക്ഷതവും സുശക്തവുമാണ് ഇതിന്റെ നിർമാണം. ഏതു നടുക്കടലിലും കൊടുങ്കാറ്റ് ആഞ്ഞുവീശിയാലും കുലുങ്ങില്ലെന്നതാണ് ബോട്ടിന്റെ പ്രത്യേകതയായി പറയാറുള്ളത്.

എന്നാൽ, ആഗസ്റ്റ് 19ന്റെ രാത്രി ബയേസിയാന് എന്തു സംഭവിച്ചുവെന്ന കാര്യത്തിൽ ദുരൂഹതയും സംശയവുമായി പലരും എത്തിയിട്ടുണ്ട്. ലിഞ്ചിനും സഹസഞ്ചാരികൾക്കും സംഭവിച്ചത് വിചിത്രകരമാണെന്നാണ് ബോട്ട് നിർമിച്ച ഇറ്റാലിയൻ കമ്പനിയായ സീ ഗ്രൂപ്പിന്റെ സിഇഒ ഗിയോവാന്നി കോസ്റ്റാന്റിനോ പ്രതികരിച്ചത്. എല്ലാ മുൻകരുതലുകളും സ്വീകരിച്ചിരുന്നെങ്കിൽ ഒരു നിലയ്ക്കും ബോട്ട് കടലിൽ മുങ്ങില്ലെന്നും അദ്ദേഹം തറപ്പിച്ചു പറയുന്നുണ്ട്.

അപകടവിവരമറിഞ്ഞ് പാലെര്‍മോ തീരത്ത് തടിച്ചുകൂടിയ നാട്ടുകാര്‍

കേസിൽ ലിഞ്ചിനൊപ്പം കുറ്റാരോപിതനും കുറ്റവിമുക്തനുമായ ഓട്ടോണമിയിലെ സ്റ്റീഫൻ ഷാംബർലൈനിന്റെ അപകടമരണം കൂടിയാകുമ്പോൾ ദുരൂഹത വർധിക്കുകയാണ്. ബയേസിയാൻ ബോട്ട് ഇറ്റാലിയൻ കടലിൽ മുങ്ങുന്നതിന്റെ വെറും രണ്ടു ദിവസം മുൻപാണ് ഇംഗ്ലണ്ടിൽ പ്രഭാതസവാരിക്കിടെ കാറിടിച്ച് സ്റ്റീഫൻ മരിക്കുന്നത്. അടുത്തടുത്തുള്ള ദിവസങ്ങളിൽ നടന്ന അപകടമരണങ്ങളാണ് സംഭവത്തിനു പിന്നിലുള്ള ദുരൂഹത ശക്തമാക്കുന്നത്.

വെള്ളത്തില്‍ മുങ്ങിയല്ല, ഓക്‌സിജൻ തീർന്ന് ശ്വാസംമുട്ടിയാണ് ലിഞ്ച് ഉൾപ്പെടെ ബോട്ടിലുണ്ടായിരുന്നവരുടെ മരണമെന്നാണു കഴിഞ്ഞ ദിവസം പുറത്തുവന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വിവരങ്ങൾ വ്യക്തമാക്കുന്നത്. അപകടത്തിൽ ഇറ്റലിയിൽ അന്വേഷണം പുരോഗമിക്കുകയാണ്. സംഭവത്തിൽ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലുള്ള ബോട്ടിലെ ജീവനക്കാരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

Summary: A party on a luxury yacht to celebrate winning a legal battle turns disastrous; What happened to British billionaire Mike Lynch?

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Shaheer

contributor

Similar News