അമേരിക്കയിൽ വെടിവെപ്പ്: 6 മാസം പ്രായമുള്ള കുഞ്ഞും അമ്മയും അടക്കം 6 പേർ കൊല്ലപ്പെട്ടു
അക്രമികൾ നിരവധി തവണ വീടിനു നേരെ വെടിയുതിർത്തു
കാലിഫോര്‍ണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ വീടിന് നേരെയുണ്ടായ വെടിവെപ്പിൽ ആറു മാസം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പെടെ ആറു പേർ കൊല്ലപ്പെട്ടു. തിങ്കളാഴ്ച പുലർച്ചെയാണ് വീടിന് നേരെ വെടിവെപ്പുണ്ടായത്. കൊല്ലപ്പെട്ടവരിൽ കുഞ്ഞിന്റെ അമ്മയായ 17 വയസ്സുകാരിയും ഉൾപ്പെട്ടതായി പൊലീസ് അറിയിച്ചു.
തിങ്കളാഴ്ച പുലർച്ചെ 3.30ഓടെയാണ് ആക്രമണമുണ്ടായത്. അക്രമികള്‍ നിരവധി തവണ വീടിനു നേരെ വെടിയുതിർത്തു. അയൽക്കാര്‍ ഉടനെ പൊലീസിനെ വിളിച്ചു. പൊലീസ് എത്തിയപ്പോഴേക്കും അക്രമികൾ രക്ഷപ്പെട്ടു. വീടിനകത്തും തെരുവിലുമാണ് മൃതദേഹങ്ങള്‍ കിടന്നത്. തലയിലാണ് എല്ലാവര്‍ക്കും വെടിയേറ്റത്. പൊലീസെത്തുമ്പോള്‍ ഒരാള്‍ക്ക് ജീവനുണ്ടായിരുന്നുവെങ്കിലും ആശുപത്രിയില്‍ എത്തിയപ്പോഴേക്കും മരണം സംഭവിച്ചു. കെട്ടിടത്തിനുള്ളിൽ ഒളിച്ചിരുന്നതിനാൽ രണ്ടു പേർ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടു.
അക്രമത്തിനു പിന്നില്‍ ഗുണ്ടാ, മയക്കുമരുന്ന് സംഘങ്ങളാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. കഴിഞ്ഞയാഴ്ച ഈ വീട്ടിൽ നാർക്കോട്ടിക് വിഭാഗം റെയ്ഡ് നടത്തിയിരുന്നു. പിന്നാലെയാണ് വെടിവെപ്പുണ്ടായത്. വെടിയുതിര്‍ത്തത് രണ്ട് പേരാണെന്നാണ് ആദ്യ റിപ്പോര്‍ട്ട്.
ഈ വര്‍ഷം ഇതുവരെ അമേരിക്കയില്‍ 29 വെടിവെപ്പുകളാണ് ഉണ്ടായത്. ഈ വർഷത്തെ ഏറ്റവും മാരകമായ രണ്ടാമത്തെ വെടിവെപ്പാണിത്. 2022ല്‍ 44,271 പേരാണ് തോക്ക് കൊണ്ടുള്ള ആക്രമണത്തില്‍ അമേരിക്കയില്‍ കൊല്ലപ്പെട്ടത്. ഇവരില്‍ 315 പേര്‍ 11 വയസ്സില്‍ താഴെയുള്ള കുട്ടികളാണ്.