പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; ഗസ്സയ്ക്ക് പിന്നാലെ ലബനാനെയും ആക്രമിച്ച് ഇസ്രായേൽ, 7 പേർ കൊല്ലപ്പെട്ടു
ഗസ്സയില്‍ ഇന്നലെ മാത്രം കൊല്ലപ്പെട്ടത് 32 പേർ


ദുബൈ: ഗസ്സക്കു പിന്നാലെ ലബനാനിലേക്കും യുദ്ധം പടർന്നേക്കുമെന്ന ആശങ്ക. ഗസ്സയിൽ അതിക്രമം തുടരുന്നതിനിടെ ലബനാനിലും ഇസ്രായേൽ നടത്തിയ ആക്രമണം പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പടർത്തി. ശനിയാഴ്ച ലബനാനിലെ പന്ത്രണ്ടോളം കേന്ദ്രങ്ങളിലാണ് ഇസ്രായേൽ വ്യോമാക്രമണം നടത്തിയത്. 7 പേർ കൊല്ലപ്പെട്ടതായും 40 പേർക്ക് പരിക്കേറ്റതായും ലബനാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
വടക്കൻ ഇസ്രായേലിലേക്ക് ലബനാനിൽനിന്ന് റോക്കറ്റാക്രമണമുണ്ടായതിന് പിന്നാലെയായിരുന്നു നടപടി. എന്നാൽ, റോക്കറ്റാക്രമണവുമായി ബന്ധമില്ലെന്ന് ഹിസ്ബുല്ല വ്യക്തമാക്കി. റോക്കറ്റ് ആക്രമണം സംബന്ധിച്ച വിശദാംശങ്ങൾ കണ്ടെത്താൻ വെടിനിർത്തൽ നിരീക്ഷണ സമിതിയോടും സൈന്യത്തോടും ജുഡീഷ്യൽ ഉദ്യോഗസ്ഥരോടും ലബനാൻ പാർലമെന്റ് സ്പീക്കർ നബിഹ് ബെറി അഭ്യർഥിച്ചു.
അതിനിടെ ഗസ്സയിൽ ഇസ്രായേൽ ആക്രമണം തുടരുകയാണ്. ഇന്നലെ മാത്രം 32 പേർ കൊല്ലപ്പെട്ടു. ഗസ്സയിലേക്ക് കൂടുതൽ സൈന്യത്തെ അയക്കാൻ തീരുമാനിച്ചതായി പ്രതിരോധ മന്ത്രാലയവൃത്തങ്ങളെ ഉദ്ധരിച്ച് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.ഗസ്സയുടെ അധികാരം ഒഴിയാൻ സന്നദ്ധമാണെന്ന് വ്യക്തമാക്കിയ ഹമാസ്, മധ്യസ്ഥ രാജ്യങ്ങളുമായി വെടിനിർത്തൽ ചർച്ച തുടരുന്നതായും വെളിപ്പെടുത്തി.
ട്രൂമാനു പുറമെ പുതുതായി കാൾ വിൽസൺ യുദ്ധകപ്പൽ കൂടി പശ്ചിമേഷ്യയിലേക്ക് അയക്കാനുള്ള അമേരിക്കൻ നീക്കവും ആശങ്കക്കിടയാക്കി. തങ്ങളെ ആക്രമിച്ചാൽ അമേരിക്കക്ക് കനത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ ഇസ്ലാമിക് ഗാർഡ് നാവിക സേനാ വിഭാഗം മുന്നറിയിപ്പ് നൽകി. ഇസ്രായേലിനും അമേരിക്കക്കും എതിരായ നീക്കത്തിൽ മാറ്റമില്ലെന്ന് യെമനിലെ ഹൂതികളും അറിയിച്ചു. ഇന്നലെ രാത്രിയും യെമനിലെ അഞ്ചിടങ്ങളിൽ അമേരിക്ക വ്യോമാക്രമണം നടത്തി. ബന്ദികളുടെ മോചനം ഉറപ്പാക്കാതെ ഗസ്സയിൽ ആക്രമണം പുനരാരംഭിച്ച നെതന്യാഹുവിനെതിരെ ഇസ്രായേൽ നഗരങ്ങളിൽ ആയിരങ്ങൾ തെരുവിലിറങ്ങി. ഇന്‍റലിജൻസ് വിഭാഗം മേധാവിയെ നീക്കാനുള്ള തീരുമാനവും ഇസ്രായേലിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിന് ഊർജം പകർന്നു.