ഫ്രാന്‍സിസ് മാർപാപ്പ ഇന്ന് ആശുപത്രി വിടും; രണ്ടുമാസത്തെ വിശ്രമം നിർദേശിച്ച് ഡോക്ടർമാർ
ആശുപത്രി വിടുന്നതിന് മുൻപ് മാർപാപ്പ വിശ്വാസികളെ കാണും


വത്തിക്കാന്‍ സിറ്റി:ശ്വാസകോശ അണുബാധയെത്തുടർന്ന് ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പ ഇന്ന് ആശുപത്രി വിടും. ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും രണ്ട് മാസത്തെ വിശ്രമം നിർദേശിച്ചിരിക്കുകയാണ് ഡോക്ടർമാർ. ആശുപത്രി വിടുന്നതിന് മുൻപ് മാർപാപ്പ വിശ്വാസികളെ കാണും.
37 ദിവസത്തിന് ശേഷമാണ് മാർപാപ്പ ആശുപത്രി വിടുന്നത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് ശേഷം വിശ്വാസികളെ കാണുന്നത് ഇതാദ്യം. റോമിലെ ജെമെല്ലി ആശുപത്രി ജാലകത്തിന് മുന്നിലെത്തി മാർപാപ്പ വിശ്വാസികളെ കാണുമെന്നാണ് വത്തിക്കാൻ അറിയിച്ചത്. ഇതിന് മുന്നോടിയായി ത്രികാല ജപമുണ്ടായിരിക്കും. ത്രികാല ജപത്തിന് ശേഷമുള്ള സന്ദേശം മാർപാപ്പ നൽകില്ല. പകരം മുൻകൂട്ടി തയ്യാറാക്കിയ അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ പകർപ്പ് വിശ്വാസികൾക്ക് വിതരണം ചെയ്യും.
ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും മാർപാപ്പയ്ക്ക് രണ്ടുമാസത്തെ വിശ്രമം അനിവാര്യമാണെന്നാണ് ഡോക്ടർമാർ പറയുന്നത്. ശ്വാസകോശ രോഗത്തെത്തുടർന്ന് കഴിഞ്ഞ മാസം 14നാണ് ഫ്രാൻസിസ് മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രി ചാപ്പലിൽ കുർബാനയിൽ പങ്കെടുക്കുന്നതിന്റെ ഒരു ചിത്രം കഴിഞ്ഞാഴ്ച പുറത്തുവിട്ടിരുന്നു. എല്ലാ ഞായറാഴ്ചയും സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ പൊതുവേദിയിലെത്തി വിശ്വാസികളെ അനുഗ്രഹിച്ചിരുന്ന മാർപാപ്പ ഫെബ്രുവരി 9നാണ് അവസാനം ഈ ചടങ്ങിൽ പങ്കെടുത്തത്.