റഷ്യയില്‍ സ്കൂളില്‍ വെടിവെപ്പ്; 11 മരണം
കൗമാരക്കാരായ രണ്ടു പേര്‍ ചേർന്നാണ് വെടിവെപ്പ് നടത്തിയതെന്ന് സൂചന.
റഷ്യൻ നഗരമായ കാസനിലെ സ്കൂളില്‍ വെടിവെപ്പ്. സംഭവത്തില്‍ പതിനൊന്നോളം പേര്‍ മരിച്ചതായും നിരവധിപേര്‍ക്ക് പരിക്കേറ്റതായും റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ആക്രമണം സംബന്ധിച്ച് ഔദ്യോഗിക വിശദീകരണങ്ങള്‍ പുറത്തുവന്നിട്ടില്ല.
കൗമാരക്കാരായ രണ്ടു തോക്കുധാരികൾ ചേർന്നാണ് വെടിവെപ്പ് നടത്തിയതെന്ന് സുചനയുണ്ടെന്ന് ചില റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 19 കാരനായ ഒരാളാണ് വെടിവെപ്പ് നടത്തിയതെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
സ്കൂൾ കെട്ടിടത്തിന് മുകളിൽ നിന്ന് രണ്ടു കുട്ടികൾ നിലവിളിക്കുന്ന ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ഇതില്‍ വെടിയൊച്ചകളും കേള്‍ക്കാം. മറ്റൊരു ദൃശ്യത്തിൽ ഒരു യുവാവിനെ പൊലീസ് കീഴ്‌പ്പെടുത്തിയതായും കാണാം. അതോടൊപ്പം തന്നെ സ്ഫോടന ശബ്ദവും ദ്രുതകർമ സേനാംഗങ്ങൾ സ്കൂളിലേക്ക് കുതിക്കുന്നതും വീഡിയോ ദൃശ്യത്തിലുണ്ട്.
ആക്രമണത്തിനു പിറകിൽ ആരാണെന്നത് സംബന്ധിച്ച വിവരങ്ങളും സ്ഥിരീകരിച്ചിട്ടില്ല. മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ റ്റാറ്റർസ്ഥാന്‍റെ തലസ്ഥാനമാണ് കാസൻ. മോസ്കോയിൽ നിന്ന് 450 മൈൽ കിഴക്കായാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്.