ഫെറാറി, ലംബോർഗിനി, റോൾസ് റോയ്‌സ്, ബെന്‍റ്ലി.. ബശ്ശാറുൽ അസദിന്റെ കൊട്ടാരം കൊള്ളയടിച്ച് ജനം; 'അൽറൗദ'യിലെ ഞെട്ടിപ്പിക്കുന്ന കാഴ്ചകൾ
ബശ്ശാറുൽ അസദ് കുടുംബസമേതം റഷ്യയിലേക്കു രക്ഷപ്പെട്ടതിനു പിന്നാലെയാണ് 31,500 ചതുരശ്ര സ്‌ക്വയർ വരുന്ന 'അൽറൗദ'യിലേക്കു ജനം ഇരച്ചുകയറിയത്
ദമസ്‌കസ്: 'മാഡത്തിന് ചീര ഇഷ്ടമല്ല. അതുകൊണ്ട് നാളെ ഇനിയും അത് പാചകം ചെയ്യേണ്ട. നാളെ കോര മീനോ ലതാക്കിയ മത്സ്യമോ തയാറാക്കാം..'
സിറിയൻ തലസ്ഥാനമായ ദമസ്‌കസിലെ അൽമാലികിയിലുള്ള അസദ് കുടുംബത്തിന്റെ അത്യാഡംബര വസതിയുടെ പേര് 'അൽറൗദ' എന്നാണ്. റൗദ എന്ന അറബി വാക്കിനർഥം പൂന്തോട്ടം. അക്ഷരാർഥത്തിൽ ആഡംബരത്തിന്റെ ഉദ്യാനമാണ് ആ കൊട്ടാരം. 'മാഡത്തിന്റെ'യും 'ബോസി'ന്റെയും മെനു എന്ന കുറിപ്പോടെ ഇതേ കൊട്ടാരത്തിലെ അടുക്കളയിൽനിന്നു ലഭിച്ച നോട്ടുപുസ്തകത്തിലെ കുറിപ്പാണു മുകളിലുള്ളത്.
വിമത സംഘമായ ഹയ്അത്തുത്തഹ്‌രീറുശ്ശാം(എച്ച്ടിഎസ്) നേതൃത്വത്തിൽ നടന്ന സായുധനീക്കത്തിൽ നിൽക്കക്കള്ളിയില്ലാതെ സിറിയൻ ഭരണാധികാരിയായിരുന്ന ബശ്ശാറുൽ അസദ് കുടുംബസമേതം റഷ്യയിലേക്കു രക്ഷപ്പെട്ടിരിക്കുകയാണ്. പിന്നാലെ, 31,500 ചതുരശ്ര സ്‌ക്വയർ വരുന്ന 'അൽറൗദ'യിലേക്കു ഇരച്ചുകയറിയ ജനം കൊട്ടാരം കൊള്ളയടിച്ചാണു മടങ്ങിയത്. കൊട്ടാരത്തിൽനിന്നുള്ള കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെയും അന്താരാഷ്ട്ര മാധ്യമങ്ങളിലൂടെയും പുറത്തുവരുന്നത്.
നിലത്തും ചുമരിലും അത്യാഡംബര മാർബിൾ പതിച്ച കൊട്ടാരത്തിനകത്തെ മിന്നും കാഴ്ചകൾ കണ്ട് വിസ്മയത്തോടെയും ആശ്ചര്യത്തോടെയും ആരവം മുഴക്കി കറങ്ങിനടക്കുന്ന കുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ള സാധാരണക്കാരെ വിഡിയോകളിൽ കാണാം. പലരും കൈയിൽ കിട്ടിയതെല്ലാമെടുത്ത് സ്ഥലം കാലിയാക്കി. പാത്രങ്ങളും ഫർണിച്ചറുകളും അലങ്കാര വിളക്കുകയും ചുമർചിത്രങ്ങളും മുതൽ ആഗോള ബ്രാൻഡുകളുടെ ആഡംബര വസ്തുക്കൾ വരെ സ്വന്തമാക്കി കടന്നുകളഞ്ഞവരുണ്ട്. അസദിന്റെയും കുടുംബത്തിന്റെയും വസ്ത്രങ്ങളും ആഭരണങ്ങളും 25 ലക്ഷം വരെ വിലമതിക്കുന്ന ലൂയി വിറ്റൺ ബാഗ് വരെ സ്വന്തമാക്കിയവരും കൂട്ടത്തിലുണ്ട്.
കൊട്ടാരത്തിനകത്തുനിന്നു ലഭിച്ച തോക്കുകളിൽനിന്ന് ആകാശത്തേക്ക് വെടിയുതിർത്തു രസിക്കുന്നു ഒരു സംഘം ചെറുപ്പക്കാർ. അകത്തെ സന്ദർശന മുറിയിലും കിടപ്പുമുറിയിലും ഇരുന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു ചിലർ. ചിലർ വിഡിയോ പകർത്തുന്നു, സെൽഫി എടുക്കുന്നു. ഓഫീസ് മുറിയും ഡൈനിങ് ഹാളും കടന്ന് കിടപ്പുമുറിയിലുമെത്തി ആൾക്കൂട്ടം. ബെഡ് റൂമിലെ ടോയ്‌ലെറ്റ് കാഴ്ചകൾ ഉൾപ്പെടെ പുറത്തുവന്നത് അങ്ങനെയാണ്. കോടികൾ വില വരുന്ന ബാത്ടബ്ബുകളുടെയും വാഷ്‌ബേസിനുകളുടെയുമെല്ലാം ദൃശ്യങ്ങളിൽ പുറത്തുവന്നിട്ടുണ്ട്.
എന്നാൽ, കൊട്ടാരത്തിന്റെ ഭൂഗർഭ അറയിലെ കാഴ്ചയാണ് ഇപ്പോൾ എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്. കോടികൾ വിലമതിക്കുന്ന 40ഓളം അത്യാഡംബര കാറുകളാണ് അവിടെ നിരത്തി പാർക്ക് ചെയ്തിരിക്കുന്നതെന്ന് 'സിഎൻഎൻ' റിപ്പോർട്ട് ചെയ്യുന്നു. മൂന്ന് മില്യൺ ഡോളർ(ഏകദേശം 25 കോടി രൂപ) വില വരുന്ന ലംബോർഗിനി കാറുണ്ട് അതിൽ. ഫെറാറിയുടെ സ്‌പോർട്‌സ് കാറുകളുണ്ട്. 42 മില്യൺ ഡോളറിന്റെ(ഏകദേശം 35 കോടി രൂപ) ഫെറാറി എഫ്50 സ്‌പോർട്‌സ് കാറുണ്ട്. ഫെറാറിയുടെ വേറെയും കാറുകളുണ്ട്. റോൾസ് റോയ്‌സ്, ബെന്റ്‌ലി, ബിഎംഡബ്ല്യു, മേഴ്സിഡസ് ബെന്‍സ്, ആസ്റ്റൺ മാർട്ടിൻ, ഔഡി കാറുകളും കോണ്ടിനെന്റൽ ജിടി ഉൾപ്പെടെയുള്ള മോട്ടോർ സൈക്കിളുകളുമെല്ലാമായി ശരിക്കും അതിശയിപ്പിക്കുന്ന കാഴ്ചയായിരുന്നു അത്. കാർ ഷോറൂമുകളിൽ പോലും ഒന്നിച്ചു കാണാൻ കിട്ടാത്ത കാഴ്ച.
ഇതിനു പുറമെ ബശ്ശാറുൽ അസദിന്റെ സഹോദരനും മുൻ സൈനിക കമാൻഡറുമായ മഹർ അൽഅസ്സാഫിന്റെ വീടിനു താഴെയുള്ള ഭൂഗർഭ അറയിലും വിസ്മയിപ്പിക്കുന്ന കാഴ്ചകളാണു നാട്ടുകാർ കണ്ടത്. കി.മീറ്ററുകൾ ദൂരത്തിൽ നീണ്ടുനിൽക്കുന്ന തുരങ്കപാതയാണിത്. പാതയിലുടനീളം ലൈറ്റുകളും സജ്ജീകരിച്ചിട്ടുണ്ട്. ഇലക്ട്രോണിക് ഡോറുകളുള്ള മുറികളും അകത്തുണ്ട്. ഒരു മുറിയിൽനിന്ന് തോക്കിന്റെ പെട്ടികളും ഷോപ്പിങ് ബാഗുകളും സിഗരറ്റ് കൂടുകളും കണ്ടെത്തിയിട്ടുണ്ട്. എല്ലാ സജ്ജീകരണങ്ങളുമുള്ള അടുക്കളയും ബാത്‌റൂമും അലങ്കരിക്കപ്പെട്ട സിറ്റിങ് റൂമുകളുമെല്ലാം തുരങ്കത്തിനകത്തുനിന്നുള്ള കാഴ്ചകളിൽ കാണാം.
2023ലെ ഒരു യുഎൻ ഹ്യുമാനിറ്റേറിയൻ വിഭാഗം റിപ്പോർട്ട് അനുസരിച്ച് സിറിയൻ ജനസംഖ്യയുടെ 90 ശതമാനവും ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരാണ്. പതിറ്റാണ്ടുകളായി തുടരുന്ന ദുർഭരണത്തിനു പുറമെ 2011ലെ ജനകീയ പ്രക്ഷോഭത്തോടെ ഭരണകൂടത്തിന്റെ കടുത്ത നിയന്ത്രണങ്ങളുമായി കൊടുംപട്ടിണിയിലാണ് ഇവിടത്തുകാർ കഴിയുന്നത്. ഇതിനിടയിലാണ് തലസ്ഥാനത്ത് ബശ്ശാറുൽ അസദും കുടുംബവും അത്യാഡംബര ജീവിതം നയിച്ചിരുന്നത്. 2022ൽ യുഎസ് വിദേശകാര്യ വകുപ്പ് പുറത്തുവിട്ട കണക്കു പ്രകാരം ഒന്നുമുതൽ രണ്ടുവരെ ബില്യൻ ഡോളർ(ഏകദേശം 8,484-16,969 കോടി രൂപ) ആണ് അസദ് കുടുംബത്തിന്റെ ആസ്തി. കുടുംബമായുള്ള സ്വത്തുക്കൾക്കു പുറമെ രാജ്യത്തെ പ്രധാന പൊതുസ്വത്തുക്കളുടെയെല്ലാം നിയന്ത്രണം കുടുംബത്തിനാണെന്നാണു വിവരം. ഇതിനു പുറമെ സ്വകാര്യ കമ്പനികളിലും ഇവർക്ക് നിക്ഷേപങ്ങളുണ്ട്.
വിമതർ തലസ്ഥാനനഗരം കീഴടക്കിയതിനു പിന്നാലെ റഷ്യൻ തലസ്ഥാനമായ മോസ്‌കോയിലേക്ക് രക്ഷപ്പെട്ടിരിക്കുകയാണ് ബശ്ശാറും കുടുംബവും. റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിന്റെ തീരുമാനപ്രകാരം മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലാണ് അസദ് കുടുംബത്തിന് അഭയം നൽകിയതെന്നാണ് ക്രെംലിൻ വൃത്തങ്ങൾ പ്രതികരിച്ചത്. അതേസമയം, മോസ്‌കോയിൽ എവിടെയാണ് ഇവർ കഴിയുന്നതെന്ന കാര്യം ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയിട്ടില്ല.
അരനൂറ്റാണ്ടു നീണ്ട അസദ് കുടുംബവാഴ്ചയ്ക്കാണ് സിറിയയിൽ അന്ത്യമായിരിക്കുന്നത്. 1971ൽ സൈനിക അട്ടിമറിയിലൂടെയാണ് ബശ്ശാറിന്റെ പിതാവ് ഹാഫിസ് അൽഅസദ് അധികാരം പിടിച്ചത്. 2000ൽ മരണം വരെ അദ്ദേഹം സിറിയ ഭരിച്ചു. പിന്നാലെ ബശ്ശാറുൽ അസദ് അധികാരമേറ്റു. രണ്ടു പതിറ്റാണ്ടിലേറെ കാലം നീണ്ട ഭരണത്തിൽ 2011ലെ ജനകീയ പ്രക്ഷോഭത്തെയും അതിജീവിക്കാൻ അദ്ദേഹത്തിനായി. സഹോദരൻ ബാസിൽ അൽഅസദ് ആണ് പിതാവിന്റെ പിൻഗാമിയാകേണ്ടിയിരുന്നത്. എന്നാൽ, 1994ൽ ഒരു കാറപകടത്തിൽ ബാസിൽ മരിച്ചതോടെയാണ് സിറിയൻ ഭരണത്തിനുള്ള നിയോഗം ബശ്ശാറിലെത്തിയത്.
Summary: Ferraris, Rolls-Royces, Lamborghini, Bentley, Mercedes: Inside Bashar al-Assad’s palace in Damascus