ഇസ്രായേലിൽ വെടിവയ്പ്പിൽ അഞ്ചു പേർ കൊല്ലപ്പെട്ടു; ഏഴ് ദിവസത്തിനിടെ മൂന്നാം തവണയെന്ന് റിപ്പോർട്ടുകൾ

കൊല്ലപ്പെട്ടവരിൽ ഒരാൾ അക്രമിയെ തടയാൻ ശ്രമിച്ച ഒരു പൊലീസ് ഉദ്യോഗസ്ഥനാണെന്നും ബാക്കിയുള്ളവർ സാധാരണക്കാരാണെന്നുമാണ് ലഭിക്കുന്ന വിവരം

Update: 2022-03-30 13:41 GMT
Advertising

ഇസ്രായേലിലെ ടെൽ അവീവിൽ നടന്ന വെടിവയ്പ്പിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ നടന്ന മൂന്നാ തവണയാണ് ഇസ്രായേലിൽ ആക്രമണം നടക്കുന്നത്. ടെൽ അവീവ് നഗരത്തിന്റെ പ്രാന്തപ്രദേശത്താണ് വെടിവെപ്പ് നടന്നത്. ഒരു അറബ് വംശജനാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ. കൊല്ലപ്പെട്ടവരിൽ ഒരാൾ അക്രമിയെ തടയാൻ ശ്രമിച്ച ഒരു പൊലീസ് ഉദ്യോഗസ്ഥനാണെന്നും ബാക്കിയുള്ളവർ സാധാരണക്കാരാണെന്നുമാണ് ലഭിക്കുന്ന വിവരം.

ഇതോടെ ഇസ്രായേലിന്റെ വിവിധയിടങ്ങളിലായ നടന്ന സമീപകാല ഭീകരാക്രമണങ്ങളിൽ മരണം പതിനൊന്നായി. സംഭവത്തെ ഇസ്രയേൽ പ്രധാനമന്ത്രി നഫ്താലി ബെനറ്റ് അപലപിച്ചു. ഭീകരാക്രമണമെന്ന് വിശേഷിപ്പിച്ച അദ്ദേഹം സർക്കാർ ഭീകരതയെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് നേരിടുമെന്ന് അറിയിച്ചു. ഭീകാരക്രമണങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് കർശന സുരക്ഷാ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

'അപകടകരമായ അറബ് ഭീകരതയാണ് ഇസ്രയേൽ നേരിടുന്നത്. സുരക്ഷാ ഏജൻസികൾ നടപടികൾ ആരംഭിച്ചിട്ടുണ്ട്. അതീവ ജാഗ്രതയോടും കരുത്തോടും കൂടി ഇത്തരം സംഭവങ്ങളെ നേരിടും.' ഇസ്രായേൽ പ്രധാനമന്ത്രി വ്യക്തമാക്കി.

ടെൽ അവീവിനടുത്തുള്ള ബ്‌നെയ് ബ്രാക്കിൽ രണ്ട് വ്യത്യസ്ത പ്രദേശങ്ങളിലായാണ് വെടിവെപ്പ് നടന്നതെന്നാണ് പൊലീസ് വക്താക്കൾ പറയുന്നത്. സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്ന് പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. ഇന്ന് ഉച്ച കഴിഞ്ഞ് ദേശീയ സുരക്ഷാ കാര്യങ്ങളെക്കുറിച്ച് പ്രധാന മന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല സമിതി യോഗം വിളിച്ചു ചേർക്കുമെന്ന് അറിയിച്ചിരുന്നു.

പ്രതിരോധ മന്ത്രി, വിദേശകാര്യ മന്ത്രി, പൊതു സുരക്ഷാ മന്ത്രി, ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) ചീഫ് ഓഫ് സ്റ്റാഫ്, ഇസ്രായേൽ സുരക്ഷാ ഏജൻസിയുടെ ഡയറക്ടർ, ഇസ്രായേൽ പോലീസ് ഇൻസ്‌പെക്ടർ ജനറൽ, ദേശീയ സുരക്ഷാ കൗൺസിൽ ഡയറക്ടർ, പ്രധാനമന്ത്രി മന്ത്രിയുടെ മിലിട്ടറി സെക്രട്ടറി, ഐഡിഎഫ് ഇന്റലിജൻസ് ഡയറക്ടറേറ്റ് മേധാവി, ഐഡിഎഫ് ഓപ്പറേഷൻസ് ഡയറക്ടറേറ്റ് മേധാവി, മറ്റ് ചില ഉദ്യോഗസ്ഥർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News