വെടിനിര്‍ത്തല്‍ ചര്‍ച്ച പുനരാരംഭിക്കാനിരിക്കെ റഫ ആക്രമണത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഇസ്രായേല്‍

റഫക്കു നേരെയുള്ള സൈനിക നടപടി അനിവാര്യമാണെന്നും ആഴ്ചകള്‍ നീണ്ടുനില്‍ക്കുന്ന ഓപറേഷനായിരിക്കും അതെന്നും നെതന്യാഹു

Update: 2024-03-18 01:25 GMT
Editor : ദിവ്യ വി | By : Web Desk
Advertising

ഗസ്സസിറ്റി: താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാര്‍ ചര്‍ച്ച ഇന്ന് ഖത്തറില്‍ പുനരാരംഭിക്കാനിരിക്കെ, റഫ ആക്രമണത്തില്‍ നിന്ന് പിറകോട്ടില്ലെന്നാവര്‍ത്തിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. തനിക്കെതിരായ അമേരിക്കയുടെ കുറ്റപ്പെടുത്തല്‍ അനുചിതമെന്നും നെതന്യാഹു പറഞ്ഞു.

അതേസമയം ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ചര്‍ച്ച ഇന്ന് പുനരാരംഭിക്കാനിരിക്കെ, പ്രതീക്ഷയിലാണ് ലോകം. മൊസാദ് മേധാവിയുടെ നേതൃത്വത്തില്‍ ഇസ്രായേല്‍ സംഘവും ചര്‍ച്ചയില്‍ പങ്കുവഹിക്കുമെന്നാണ് റിപ്പോര്‍ട്ട്. അതേ സമയം ഹമാസ് മുന്നോട്ടു വെച്ച ഉപാധികള്‍ അപ്രായോഗികമാണെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് നെതന്യാഹു. കരാര്‍ നടപ്പാക്കുക സങ്കീര്‍ണമാണെങ്കിലും ബന്ദികളെ തിരിച്ചു കൊണ്ടുവരാന്‍ സാധ്യമായ എല്ലാ നടപടിയും സ്വീകരിക്കുമെന്നും നെതന്യാഹു പറഞ്ഞു. റഫക്കു നേരെയുള്ള സൈനിക നടപടി അനിവാര്യമാണെന്നും ആഴ്ചകള്‍ നീണ്ടുനില്‍ക്കുന്ന ഓപറേഷനായിരിക്കും അതെന്നും നെതന്യാഹു വ്യക്തമാക്കി. ഒക്‌ടോബര്‍ ഏഴിന്റെ സംഭവം മറക്കരുതെന്നും ഇസ്രായേലിനു പകരം ഹമാസിനുമേലാണ് സമ്മര്‍ദം ചെലുത്തേണ്ടതെന്നും നെതന്യാഹു അമേരിക്കയെ ഓര്‍മിപ്പിച്ചു. തനിക്കെതിരെ യു.എസ് സെനറ്റ് നേതാവ് ചുക് ഷൂമര്‍ നടത്തിയ പ്രതികരണം തികച്ചും അനുചിതമാണെന്നും നെതന്യാഹു പ്രതികരിച്ചു.

അതിനിടെ, സെന്‍ട്രല്‍ ഗസ്സയിലെ നുസൈറാത് അഭയാര്‍ഥി ക്യാമ്പില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 36 ആയി. പിന്നിട്ട 24 മണിക്കൂറിനിടെ 92 പേര്‍ കൊല്ലപ്പെടുകയും 130 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 31,645 പേരാണ് ഇതുവരെ ഗസ്സയില്‍ കൊല്ലപ്പെട്ടത്. വടക്കന്‍ ഗസ്സയിലേക്ക് ആഴ്ചകള്‍ക്കു ശേഷം 13 ട്രക്കുകളില്‍ ഭക്ഷ്യവസ്തുക്കള്‍ എത്തിയെങ്കിലും പട്ടിണിയിലായ മനുഷ്യര്‍ക്ക് അതൊട്ടും പര്യാപ്തമായില്ല. നീണ്ടനേരം കാത്തുനിന്നിട്ടും ഒന്നും ലഭിക്കാതെ നിരാശരായി മടങ്ങുകയായിരുന്നു ആയിരങ്ങള്‍. വ്യോമ മാര്‍ഗവും കടല്‍ മാര്‍ഗവും ഭക്ഷണ വിതരണം നടത്താനുള്ള പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് അമേരിക്ക അറിയിച്ചു. ഇസ്രായേല്‍ സര്‍ക്കാറില്‍ പ്രതിസന്ധി കൂടുതല്‍ രൂക്ഷമായി. നെതന്യാഹുവിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് യായിര്‍ ലാപിഡ് ഉള്‍പ്പെടെയുള്ളവരും ശക്തമായി രംഗത്തുണ്ട്. ഉടന്‍ തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യം നെതന്യാഹു തള്ളിയിരിക്കെ, പ്രക്ഷോഭം കൂടുതല്‍ ശക്തമാക്കാനാണ് എതിരാളികളുടെ തീരുമാനം.

ബന്ദികളുടെ മോചനം അജണ്ടയില്‍ പ്രധാനമാണെന്ന ഇസ്രായേല്‍ സര്‍ക്കാര്‍ വാദം തള്ളി പ്രക്ഷോഭം തുടരാനുറച്ചിരിക്കയാണ് ബന്ധുക്കള്‍.

Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News