മാസങ്ങൾ നീളുന്ന പോരാട്ടത്തിന് ഒരുങ്ങി 35,000 പോരാളികൾ; ദീർഘയുദ്ധത്തിനു സജ്ജമെന്ന് ഹമാസ്

''ഹമാസിന്റെ ഭാഗത്തുനിന്ന് ഇങ്ങനെയൊരു ചെറുത്തുനിൽപ്പ് ഇസ്രായേൽ പ്രതീക്ഷിച്ചിരുന്നില്ല. ദിവസവും മുതിർന്ന ഇസ്രായേൽ സൈനികരാണു മരിച്ചുവീഴുന്നത്.''

Update: 2023-12-15 10:31 GMT
Editor : Shaheer | By : Web Desk
Advertising

ഇസ്താംബൂൾ: ഇസ്രായേലുമായി ദീർഘമായ പോരാട്ടത്തിനുള്ള സന്നാഹങ്ങൾ തങ്ങളുടെ പക്കലുണ്ടെന്നു വ്യക്തമാക്കി ഹമാസ്. മാസങ്ങൾ നീളുന്ന പോരാട്ടത്തിനായി 35,000 പോരാളികൾ സജ്ജമാണെന്ന് ഹമാസ് മുൻ തലവനും മുതിർന്ന നേതാവുമായ ഖാലിദ് മിശ്അൽ അറിയിച്ചു. ദിവസം തോറും ഇസ്രായേൽ സൈനികർ മരിച്ചുവീഴുകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഇസ്താംബൂളിൽ നടത്തിയ സന്ദർശനത്തിനിടെ തുർക്കി മാധ്യമമായ 'യെനി സഫാകി'നു നൽകിയ അഭിമുഖത്തിലാണ് ഖാലിദ് മിശ്അൽ ഹമാസിന്റെ മുന്നൊരുക്കങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയത്. ''ഹമാസിന്റെ ഭാഗത്തുനിന്ന് ഇങ്ങനെയൊരു ചെറുത്തുനിൽപ്പ് ഇസ്രായേൽ പ്രതീക്ഷിച്ചിരുന്നില്ല. ദിവസവും മുതിർന്ന ഇസ്രായേൽ സൈനികരാണു മരിച്ചുവീഴുന്നത്. അവർക്ക് ഹമാസിനെ ഇല്ലാതാക്കാനാകില്ലെന്നു മാത്രമല്ല, അവരുടെ ബന്ദികളെ രക്ഷിക്കാനുമാകില്ല. ഫലസ്തീനികളെ ഈജിപ്തിലേക്ക് അയക്കാനുള്ള പദ്ധതിയും വിജയിക്കില്ല.''-മിശ്അൽ വ്യക്തമാക്കി.

വെള്ളക്കൊടി വീശി കീഴടങ്ങാൻ ഇസ്രായേലിന് (ഹമാസ്) പോരാളികളെ കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേലിൽ സ്ഥിതിഗതികൾ വഷളായിക്കൊണ്ടിരിക്കുകയാണ്. എന്നാൽ, നേരെ തിരിച്ചാണ് ഗസ്സയിലെ സാഹചര്യം. ഒരുപാട് പ്രതിബന്ധങ്ങൾക്കിടയിലും ആദ്യത്തെ ദിവസം പോലെയാണ് ഖസ്സാം പോരാളികൾ ഇപ്പോഴും പോരാടിക്കൊണ്ടിരിക്കുന്നതെന്നും ഹമാസ് നേതാവ് വെളിപ്പെടുത്തി.

ഹമാസിനെ ഇല്ലാതാക്കാനുള്ള സഹായങ്ങൾ ഇസ്രായേലിനു നൽകുകയായിരുന്നു യു.എസ്. എന്നാൽ, അതിന്റെ തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുകയാണവർ. ഗസ്സയിലെ സിവിലിയന്മാരുടെ മരണം നിരന്തരം അന്താരാഷ്ട്രതലത്തിൽ പരാമർശിക്കപ്പെടുന്നു. ഈ സാഹചര്യം യു.എസിനെ ആശങ്കപ്പെടുത്തുന്നു. അവിടെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. (ബൈഡന്റെ) വോട്ട് നഷ്ടപ്പെടുമെന്ന ഭീതിയുണ്ട്. തെരഞ്ഞെടുപ്പിനുമുൻപ് മോശം പ്രതിച്ഛായയാണു സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. പതുക്കെ പിൻവാങ്ങാനാണ് ഇപ്പോൾ യു.എസ് പ്രസിഡന്റ് ബൈഡൻ നീക്കം നടത്തുന്നതെന്നും ഖാലിദ് മിശ്അൽ കൂട്ടിച്ചേർത്തു.

Summary: Senior Hamas leader Khaled Mashaal says the group is prepared for long fight with 35,000 fighters

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News