ഇസ്രായേലിലേക്ക് 200ലേറെ റോക്കറ്റുകൾ അയച്ച് ഹിസ്ബുല്ല; ​ഹൈഫയിലടക്കം വീണ്ടും തിരിച്ചടി

ഇസ്രായേൽ സൈനിക വ്യവസായ സമുച്ചയത്തിന് നേരെയടക്കമാണ് ഹിസ്ബുല്ല റോക്കറ്റ് വിക്ഷേപിച്ചത്.

Update: 2024-09-24 12:49 GMT
Advertising

ബെയ്റൂത്ത്: ലബനാന് നേരെയുള്ള വ്യോമാക്രമണം കടുപ്പിച്ച സാഹചര്യത്തിൽ ഇസ്രായേിന് നേരെ തിരിച്ചടി തുടർന്ന് ഹിസ്ബുല്ല. ഇതിനോടകം 200ലേറെ റോക്കറ്റുകളാണ് ഹിസ്ബുല്ല ഇസ്രായേലിലേക്ക് വിക്ഷേപിച്ചത്. ഇസ്രായേൽ വ്യോമതാവളങ്ങൾക്ക് നേരെയടക്കം മിസൈൽ പ്രയോഗിച്ചു. ഇസ്രായേലിൽ നിന്ന് ലെബനനിലേക്ക് 1,600 ആക്രമണങ്ങളാണ് രണ്ട് ദിവസങ്ങൾക്കിടെ ഉണ്ടായത്. ഇതിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 558 ആയി. 50 കുട്ടികളും 94 സ്ത്രീകളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. 1835 പേർക്കാണ് പരിക്കേറ്റത്.

ഇസ്രായേൽ ആക്രമണവും ഹിസ്ബുല്ലയുടെ പ്രത്യാക്രമണവും ശക്തമാവുകയും മിഡിൽ ഈസ്റ്റിൽ പുതിയ യുദ്ധഭീതി ഉയരുകയും ചെയ്ത സാഹചര്യത്തിൽ ലെബനൻ പ്രധാനമന്ത്രി നജീബ് മിക്കാറ്റി ഐക്യരാഷ്ട്രസഭാ ആസ്ഥാനമായ ന്യൂയോർക്കിലേക്ക് തിരിച്ചു. നിലവിലുള്ള സംഘർഷത്തെക്കുറിച്ച് ചർച്ച ചെയ്യാനാണ് യാത്ര. ഇസ്രായേൽ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സ്കൂളുകളിലും മറ്റ് കെട്ടിടങ്ങളിലും 89 താൽക്കാലിക ഷെൽറ്ററുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് ലെബനീസ് മന്ത്രി നാസർ യാസിൻ റോയിട്ടേഴ്സിനോട് പറഞ്ഞു.

വ്യോമാക്രമണത്തിനു മറുപടിയെന്നോണം ഇന്നലെ മുതൽ വടക്കൻ ഇസ്രായേലിലെ പ്രധാന നഗരമായ ഹൈഫയിലേക്ക് നിരവധി റോക്കറ്റുകളാണ് ഹിസ്ബുല്ല തൊടുക്കുന്നത്. ഇന്നും നിരവധി മിസൈലുകൾ ഹൈഫയിൽ പതിച്ചു. ഹൈഫയിലെ ഇസ്രായേൽ സൈനിക വ്യവസായ സമുച്ചയത്തിന് നേരെയടക്കമാണ് ഹിസ്ബുല്ല മിസൈൽ വിക്ഷേപിച്ചതെന്ന് വാർത്താ ഏജൻസിയായ അനഡോലു റിപ്പോർട്ട് ചെയ്തു. ഹൈഫയിലെ ഇസ്രായേൽ സൈനിക വ്യവസായ സമുച്ചയത്തിന് നേരെയടക്കമാണ് ഹിസ്ബുല്ല റോക്കറ്റ് വിക്ഷേപിച്ചത്.

റോക്കറ്റുകൾ പതിച്ച സാഹചര്യത്തിൽ ഹൈഫയിലടക്കം ഇസ്രായേൽ മുന്നറിയിപ്പ് സൈറൻ മുഴക്കുകയും രാ​ജ്യത്താതെ സെപ്റ്റംബർ 30 വരെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഹിസ്ബുല്ല റോക്കറ്റ് ആക്രമണം വ്യാപിപ്പിച്ചതിനാൽ വടക്കൻ ഇസ്രായേലിലുടനീളവും അധിനിവേശ വെസ്റ്റ് ബാങ്കിൻ്റെ വടക്കൻ ഭാഗത്തും മുന്നറിയിപ്പ് സൈറൻ മുഴക്കിയതായി സൈന്യം അറിയിച്ചിരുന്നു. കൂടാതെ, മെഗിദ്ദോ സൈനിക വിമാനത്താവളത്തിന് നേരെയും ഇസ്രായേലിന്റെ വടക്കുഭാഗത്തുള്ള റമാത്ത് ഡേവിഡ് എയർബേസിനും നേരെയും മിസൈല്‍ ആക്രമണം നടത്തിയെന്ന് ഹിസ്ബുല്ല വ്യക്തമാക്കി.

അതേസമയം, വീടുകൾ ഒഴിയണമെന്ന ഇസ്രായേലിന്റെ നിർദേശത്തിനു പിന്നാലെ ആക്രമണം ഭയന്ന് നിരവധി കുടുംബങ്ങളാണ് തെക്കൻ ലബനിൽനിന്ന് സുരക്ഷിതസ്ഥാനങ്ങൾ തേടി തലസ്ഥാനമായ ബെയ്‌റൂത്തിലേക്ക് പലായനം ചെയ്യുന്നത്. ജനങ്ങളോട് ഉടൻ ഒഴിഞ്ഞുപോവാൻ മുന്നറിയിപ്പ് നൽകി ഏതാനും മിനിറ്റുകൾക്ക് ശേഷം ഇസ്രായേൽ തെക്കൻ ലെബനനിലുടനീളം വ്യോമാക്രമണം നടത്തിയതായി അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു.

തെക്കൻ ലെബനാനിലെ ടൈർ നഗരത്തിൽനിന്നടക്കം നിരവധിയാളുകളാണ് പരിഭ്രാന്തിയോടെ തങ്ങളുടെ വീടുകൾ വിട്ട് രക്ഷപെടുന്നതെന്ന് മാധ്യമപ്രവർത്തകർ പറയുന്നു. ബെയ്‌റൂത്തിലേക്ക് പോകാനുള്ളവർ സഞ്ചരിക്കുന്ന വാഹനങ്ങളുടെ നീണ്ട നിരയാണ് ന​ഗരങ്ങളിലെല്ലാം. തെക്കൻ ലെബനനിലെ ഹൈവേകൾ ഇസ്രായേലി ആക്രമണങ്ങളിൽ നിന്ന് രക്ഷപെടാൻ പലായനം ചെയ്യുന്ന ആളുകളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ആളുകളെ ഒഴിപ്പിക്കുന്നത് ഇസ്രായേലിന്റെ മറ്റൊരു യുദ്ധ ആയുധമാണെന്ന് അൽ ജസീറ മാധ്യമപ്രവർത്തക സെയ്ന ഖോദർ പറഞ്ഞു.

ഹിസ്ബുല്ല കേന്ദ്രങ്ങൾക്കെതിരെയാണ് ആക്രമണമെന്നാണ് ഹിസ്ബുല്ല വാദമെങ്കിലും സാധാരണക്കാരാണ് ഇരകളാവുന്നത്. ലെബനനിലെ ഇസ്രായേൽ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്ന സിവിലിയൻമാരുടെ എണ്ണം വർധിക്കുന്നത് ഒരിക്കലും അം​ഗീകരിക്കാനാവില്ലെന്ന് യുഎൻ അഭയാർഥി ഏജൻസി വക്താവ് മാത്യു സാൾട്ട്മാർഷ് പറഞ്ഞു. പതിനായിരക്കണക്കിന് ആളുകൾ ഇന്നലെ രാത്രിയും അവരുടെ വീടുകളിൽ നിന്ന് പലായനം ചെയ്യാൻ നിർബന്ധിതരായി. ഇങ്ങനെ ഒഴിഞ്ഞുപോവുന്നവരുടെ എണ്ണം വർധിക്കുകയാണെന്ന് അദ്ദേഹം ജനീവയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News