'നിങ്ങളുടെ ബോംബുവര്‍ഷത്തില്‍ കൊല്ലപ്പെടാതെ രക്ഷപ്പെട്ടവളാണു ഞാന്‍'-ഐ.ഡി.എഫിനോട് ഹമാസ് പിടിയിലുള്ള ഇസ്രായേല്‍ സൈനിക

മാസങ്ങള്‍ക്കുമുന്‍പ് ഇസ്രായേല്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കാതെ ഒളിപ്പിച്ച വിഡിയോ സന്ദേശമാണ് ഹമാസ് പിടിയിലുള്ള സൈനികയുടെ കുടുംബം ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്

Update: 2024-07-09 17:03 GMT
Editor : Shaheer | By : Web Desk

ഡാനിയേല്‍ ഗില്‍ബോവ

Advertising

ഗസ്സ സിറ്റി/തെല്‍അവീവ്: ''24 മണിക്കൂറും വ്യോമാക്രമണത്തിനും വെടിവയ്പ്പിനും ഇടയിലാണു കഴിയുന്നത്. ഭീതിയോടെയാണു കഴിയുന്നത്. ഒരിക്കല്‍ നിങ്ങളുടെ ബോംബുവര്‍ഷത്തില്‍ കൊല്ലപ്പെടേണ്ടതായിരുന്നു ഞാന്‍. ഒക്ടോബര്‍ ഏഴിന് എന്റെ കിടപ്പറയില്‍നിന്ന് എന്നെ തട്ടിക്കൊണ്ടുപോകുമ്പോള്‍ നിങ്ങള്‍ എവിടെയായിരുന്നു...?''

ഒക്ടോബര്‍ ഏഴിനുശേഷം ഹമാസ് ബന്ദിയാക്കിയ ഒരു ഇസ്രായേല്‍ സൈനികയുടെ ആര്‍ത്തനാദമാണിത്. പേര് ഡാനിയേല്‍ ഗില്‍ബോവ. വയസ്സ് 19. ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സില്‍ നിരീക്ഷകയാണിവര്‍. നേരത്തെ ഹമാസ് പുറത്തിറക്കിയ ഗില്‍ബോവയുടെ തടവറയില്‍നിന്നുള്ള വിഡിയോ ദൃശ്യം 170 ദിവസങ്ങള്‍ക്കുശേഷം കുടുംബം പരസ്യമാക്കിയിരിക്കുകയാണിപ്പോള്‍. ഗില്‍ബോവയ്ക്കു പുറമെ കരീന അറിയേവ്, ഡോറോണ്‍ സ്‌റ്റൈന്‍ബ്രെഷെര്‍ എന്നിങ്ങനെ മറ്റു രണ്ടു സൈനികരുടെ വിഡിയോ സന്ദേശങ്ങളും ഹമാസ് പുറത്തുവിട്ടിരുന്നു. എന്നാല്‍, ഹമാസിന്റെ പ്രചാരണ തന്ത്രങ്ങള്‍ക്കു കൂട്ടുനില്‍ക്കേണ്ടെന്നു പറഞ്ഞ് അന്ന് ഇസ്രായേല്‍ മാധ്യമങ്ങളെല്ലാം ഇവ ഒളിപ്പിച്ചുവയ്ക്കുകയായിരുന്നു.

ഹമാസ് പോരാളികള്‍ തട്ടിക്കൊണ്ടുപോയി എട്ടു മാസം പിന്നിട്ടിട്ടും സൈനികര്‍ ഉള്‍പ്പെടെ നൂറിലേറെ പേരെ മോചിപ്പിക്കാന്‍ ഇസ്രായേലിന് ഇനിയുമായിട്ടില്ല. ബന്ദിമോചനം അനന്തമായി നീളുന്നതിനിടെ ഇവരുടെ കുടുംബങ്ങള്‍ ബെഞ്ചമിന്‍ നെതന്യാഹു ഭരണകൂടത്തിനെതിരെ ഇസ്രായേല്‍ നഗരങ്ങളില്‍ വന്‍ പ്രതിഷേധത്തിലാണ്. ഇതിലേക്ക് കൂടുതല്‍ ജനപിന്തുണ ആര്‍ജിക്കാനായാണ് ഡാനിയേല്‍ ഗില്‍ബോവയുടെ കുടുംബം മകളുടെ യാതനകള്‍ വിവരിക്കുന്ന വിഡിയോ ദൃശ്യം പുറത്തുവിട്ടത്.

''ഒക്ടോബര്‍ ഏഴിന് നഹാല്‍ ഓസ് സൈനിക താവളത്തില്‍നിന്ന് തട്ടിക്കൊണ്ടുപോയതാണ് എന്നെ. 107 ദിവസമായി ഹമാസ് പിടിയിലാണുള്ളത്. ഇനി എന്നാണു വീട്ടില്‍ തിരിച്ചെത്താനാകുമെന്ന് അറിയില്ല. ഇനി വീട്ടിലേക്കൊരു മടക്കമുണ്ടോ എന്നു തന്നെ ഉറപ്പില്ല''-ഇങ്ങനെയാണ് ഗില്‍ബോവ വിഡിയോ തുടങ്ങുന്നത്.

അവര്‍ തുടരുന്നത് ഇങ്ങനെയാണ്: ''മരണം ഭയന്നാണു കഴിയുന്നത്. കടുത്ത ഭീതിയിലാണ്. ഒക്ടോബര്‍ ഏഴിന് എന്റെ കിടപ്പറയില്‍ കടന്നുകയറി അവര്‍ എന്നെ തട്ടിക്കൊണ്ടുപോകുമ്പോള്‍ നിങ്ങള്‍ എവിടെയായിരുന്നു? ഇപ്പോള്‍ നിങ്ങള്‍ എവിടെപ്പോയി? നൂറുശതമാനം രാജ്യത്തിനു വേണ്ടി അര്‍പ്പിച്ച ഒരു സൈനികയായ എന്നോട് എന്തിനാണീ അവഗണന? സര്‍ക്കാര്‍ ഞങ്ങളെയെല്ലാം നാട്ടില്‍ തിരിച്ചെത്തിക്കാന്‍ വേണ്ട പണിയെടുക്കാന്‍ നോക്കണം. എനിക്ക് ഭക്ഷണോ വെള്ളമോ വസ്ത്രമോ ഒന്നും വേണ്ട. ഞങ്ങളെ ഒന്ന് വീട്ടിലെത്തിച്ചാല്‍ മതി.''

വിഡിയോയില്‍ കുടുംബത്തിനുള്ള വികാരഭരിതമായ സന്ദേശങ്ങളുമുണ്ട്. അമ്മ, അച്ഛന്‍, സഹോദരങ്ങള്‍ എന്നിവരുടെ പേരെടുത്തുപറഞ്ഞ് എല്ലാവരെയും ഏറെ മിസ് ചെയ്യുന്നുവെന്നു പറഞ്ഞു ഗില്‍ബോവ. എല്ലാവരും ശക്തരായി നില്‍ക്കണമെന്നും തന്നെ വീട്ടില്‍ തിരിച്ചെത്തിക്കാന്‍ വേണ്ടതെല്ലാം ചെയ്യണമെന്നും അവര്‍ ആവശ്യപ്പെടുന്നുണ്ട്.

ഒരു മനഃശാസ്ത്ര പോരാട്ടത്തിന്റെ ഭാഗമായാണ് വിഡിയോ പുറത്തിറക്കിയതെന്ന് അറിയാമെങ്കിലും ഇപ്പോള്‍ ഇതു പുറംലോകം അറിയേണ്ടതുണ്ടെന്നാണ് വിഡിയോ പുറത്തുവിട്ട് ഡാനിയേല്‍ ഗില്‍ബോവയുടെ അമ്മ ഒര്‍ലി ഗില്‍ബോവ ഇസ്രായേല്‍ മാധ്യമമായ 'വൈനെറ്റി'നോട് വ്യക്തമാക്കിയത്. അവളുടെ മാനസികനില ആകെ തകര്‍ന്നിരിക്കുകയാണിപ്പോള്‍. അന്നത് 107-ാം ദിവസമായിരുന്നു. ഇപ്പോള്‍ ഇത് 277-ാമത്തെ ദിവസമാണ്. എന്താണ് ഇപ്പോഴത്തെ സ്ഥിതി എന്ന് അറിയില്ല. അത്ര നല്ല നിലയിലാകില്ല എന്നാണു കരുതുന്നതെന്നും അവര്‍ പറഞ്ഞു. മകളോട് പ്രതീക്ഷ തകരാതെ ഇരിക്കണമെന്ന് ആവശ്യപ്പെട്ട ഒര്‍ലി, ഉടന്‍ തന്നെ മോചനം സാധ്യമാകുമെന്ന ശുഭാപ്തി വിശ്വാസവും പങ്കുവയ്ക്കുന്നുണ്ട്.

Summary: Family of Daniella Gilboa, IDF member abducted by Hamas, release video of her from Gaza

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News