ബ്രിട്ടന് വേണ്ടി ചാരവൃത്തി; മുൻ സഹമന്ത്രിയെ ഇറാൻ തൂക്കിലേറ്റി
ഇറാന്റെ നടപടിയെ ബ്രിട്ടൻ അപലപിച്ചു. ബ്രിട്ടീഷ്, ഇറാൻ പൗരത്വമുളള വ്യക്തിയാണ് അക്ബറിയ
ഇറാൻ മുൻ സഹമന്ത്രിയായിരുന്ന അലിറിസ അക്ബരിയെ തൂക്കിലേറ്റി. ഇറാന്റെ മുൻ പ്രതിരോധ സഹമന്ത്രിയായിരുന്നു അലി റിസ അക്ബരി. ബ്രിട്ടീഷ് ചാരസംഘടനയുമായി ചേർന്ന് ചാരവൃത്തി നടത്തി എന്നാരോപിച്ചാണ് വധശിക്ഷയെന്ന് ഇറാൻ നീതിന്യായ വകുപ്പ് വ്യക്തമാക്കി. ഇറാന്റെ നടപടിയെ ബ്രിട്ടൻ അപലപിച്ചു. ബ്രിട്ടീഷ്, ഇറാൻ പൗരത്വമുളള വ്യക്തിയാണ് അക്ബറിയ.
രഹസ്യ വിവരങ്ങള്‍ കൈമാറിയതിലൂടെ രാജ്യത്തിന്റെ ആഭ്യന്തരവും ബാഹ്യവുമായ സുരക്ഷയെ ദോഷകരമായി ബാധിക്കുന്ന പ്രവൃത്തികളില്‍ ഏര്‍പ്പെട്ടെന്ന കുറ്റം ചുമത്തിയാണ് അക്ബറിയെ ശനിയാഴ്ച തൂക്കിലേറ്റയത്. നേരത്തെ ഇറാന്‍ പരമോന്നത കോടതി അദ്ദേഹത്തിന് വധശിക്ഷ വിധിച്ചിരുന്നു.
വധശിക്ഷയിൽ ഞെട്ടിപ്പോയെന്നും സ്വന്തം ജനങ്ങളുടെ മനുഷ്യാവകാശങ്ങളോട് യാതൊരു ബഹുമാനവുമില്ലാത്ത ഭരണകൂടം നടത്തിയ നിഷ്ഠൂരമായ നടപടിയാണിതെന്നും സംഭവത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് പ്രതികരിച്ചു. അക്ബറിയയെ തൂക്കിലേറ്റിയതിന് ഇറാൻ മറുപടി പറയണമെന്നും ഋഷി സുനക് ട്വിറ്ററില്‍ കുറിച്ചു.
ഇറാന്‍ പ്രതിരോധ മേഖലയില്‍ പ്രധാന സ്ഥാനങ്ങള്‍ കൈരാര്യം ചെയ്ത വ്യക്തിയാണ് അക്ബറി. പ്രതിരോധ-വിദേശകാര്യ വകുപ്പുകളില്‍ സഹമന്ത്രിയായും ഇറാന്‍ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ അംഗമായും അക്ബറി പ്രവര്‍ത്തിച്ചിട്ടുണ്ട്.