ഇറാൻ ആക്രമണം നടത്തുമെന്ന് ഭയം; വ്യോമപ്രതിരോധം ശക്തമാക്കി ഇസ്രായേൽ
സിറിയയിൽ നിന്നോ ലബനാനിൽ നിന്നോ ഇറാൻ സൈന്യം ആക്രമണം നടത്തിയേക്കുമെന്നാണ് ഇസ്രായേൽ ഭയക്കുന്നതെന്ന് ജറൂസലം പോസ്റ്റ്
തെൽ അവിവ്: മുതിർന്ന സൈനിക ഉദ്യോഗസ്ഥൻ ഹസ്സൻ സയാദ് ഖൊദയാരിയുടെ കൊലപാതകത്തിന് ഇറാൻ പ്രതികാരം ചെയ്യുമെന്ന ഭയത്തിൽ ഇസ്രായേൽ മുൻകരുതലും വ്യോമപ്രതിരോധവും ശക്തമാക്കി. അയൽരാഷ്ട്രങ്ങളായ ലബനനിൽ നിന്നോ സിറിയയിൽ നിന്നോ ഇറാൻ വ്യോമാക്രമണം നടത്താനുള്ള സാധ്യതയുള്ളതിനാൽ പ്രതിരോധവിഭാഗം കടുത്ത ജാഗ്രത പാലിക്കുകയാണെന്നും വിവിധ വ്യോമ പ്രതിരോധ സംവിധാനങ്ങളെ സജ്ജമാക്കി നിർത്തിയിട്ടുണ്ടെന്നും ജറുസലം പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
മെയ് 22-നാണ് ഇറാന്റെ 'ഖുദ്‌സ് ഫോഴ്‌സ്' അംഗമായ കേണൽ ഹസൻ സയാദ് ഖൊദയാരി തെഹ്‌റാനിലെ തന്റെ വീട്ടിനു മുന്നിൽ വെടിയേറ്റു മരിച്ചത്. മോട്ടോർ സൈക്കിളിലെത്തിയ അക്രമികൾ ഖൊദയാരിയെ വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തിനു പിന്നിൽ ഇസ്രായേൽ ചാരസംഘടനയായ മൊസാദ് ആണെന്ന് ഇറാൻ ആരോപിച്ചിരുന്നു. കൊലപാതകത്തിന് പ്രതികാരം ചെയ്യുമെന്ന് ഇറാൻ സൈനികമേധാവി ഹുസൈൻ സലാമി വ്യക്തമാക്കുകയും ചെയ്തു.
ഖുദ്‌സ് ഫോഴ്‌സ് യൂണിറ്റ് 840 ഡെപ്യൂട്ടി കമാൻഡറായിരുന്ന ഖൊദയാരിയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഇസ്രായേൽ ഏറ്റെടുത്തിട്ടില്ല. എന്നാൽ, കൊന്നത് തങ്ങൾ തന്നെയാണെന്ന് അമേരിക്കൻ ഉദ്യോഗസ്ഥരുമായുള്ള ആശയവിനിമയത്തിൽ ഇസ്രായേൽ സമ്മതിച്ചതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. ഇറാനു പുറത്ത് ഇസ്രായേലിനും പാശ്ചാത്യസൈന്യങ്ങൾക്കുമെതിരെ പ്രവർത്തിച്ചയാളായിരുന്നു ഖൊദയാരിയെന്നും കൊലപാതകത്തിലൂടെ ഇറാന് ശക്തമായ സന്ദേശം നൽകാനാണ് ഉദ്ദേശിച്ചതെന്നും ഇസ്രായേൽ ഇന്റലിജൻസ് പ്രതിനിധികൾ പറഞ്ഞതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. അമേരിക്കൻ പ്രതിനിധികളുമായുള്ള ആശയവിനിമയം മാധ്യമങ്ങൾ ചോർത്തിയതിൽ ഇസ്രായേൽ അതൃപ്തി അറിയിച്ചിട്ടുണ്ട്.
ഖൊദയാരിയുടെ കൊലപാതകത്തിന് രാജ്യത്തിനകത്തും പുറത്തും തിരിച്ചടിയുണ്ടായേക്കുമെന്ന് ഇസ്രായേൽ കരുതുന്നതായി ജറൂസലം പോസ്റ്റ് പറയുന്നു. ഇക്കാരണത്താൽ, തുർക്കിയടക്കമുള്ള രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിൽ നിന്ന് ഇസ്രായേൽ പൗരന്മാരെ വിലക്കിയിട്ടുണ്ട്. എല്ലാ രാജ്യങ്ങളിലുമുള്ള തങ്ങളുടെ എംബസികളോട് ജാഗ്രത പുലർത്താൻ നിർദേശവും നൽകിയിട്ടുണ്ട്.
ഖൊദയാരിയുടെ മരണത്തിന് പ്രതികാരമായി സിറിയയിൽ നിന്നോ ലബനാനിൽ നിന്നോ ഇറാൻ സൈന്യം ആക്രമണം നടത്തിയേക്കുമെന്നാണ് ഇസ്രായേൽ ഭയക്കുന്നത്. മിസൈലുകളും ആളില്ലാ വിമാനങ്ങളും ഉപയോഗിച്ച് പ്രതീക്ഷിക്കാത്ത സ്ഥലങ്ങളിലേക്ക് ആക്രമണം നടത്താനിടയുണ്ടെന്നാണ് വിലയിരുത്തൽ. താഴ്ന്നുപറക്കുന്ന ചെറിയ ഡ്രോണുകൾ ഉപയോഗിച്ചുള്ള ആക്രമണം തടയുക ദുഷ്‌കരമാണെന്ന് ഇസ്രായേൽ പ്രതിരോധസൈന്യം കരുതുന്നതായി ജറൂസലം പോസ്റ്റ് പറയുന്നു.