കൊന്നൊടുക്കിയത് 6600 ലേറെ കുട്ടികളെ; ഗസ്സയിൽ സൈക്കിളോടിച്ച് ഇസ്രായേൽ സൈനികർ
'ലോകത്തിൽ കുഞ്ഞുങ്ങൾക്ക് ജീവിക്കാൻ ഏറ്റവും അപകടം പിടിച്ച സ്ഥലമാണ് ഗസ്സ'യെന്നാണ് യുഎൻ ചിൽഡ്രൻസ് ഫണ്ട് എക്‌സിക്യൂട്ടീവ് ഡയറക്ടർ കാതറിൻ റസ്സൽ പറഞ്ഞത്
ഗസ്സ: ഫലസ്തീനിൽ ഇസ്രായേൽ അധിനിവേശം തുടങ്ങിയത് മുതൽ കൊല്ലപ്പെടുകയും പരിക്കേൽപ്പിക്കപ്പെടുകയും ചെയ്യുന്നതിലേറെയും കുട്ടികളും സ്ത്രീകളുമാണ്. ഒക്ടോബർ ഏഴ് മുതൽ ആരംഭിച്ച ഇസ്രായേൽ ആക്രമണത്തിൽ 6600 ലേറെ ഫലസ്തീനി കുഞ്ഞുങ്ങളെ കൊന്നതായാണ് ഗസ്സ ഭരണകൂടത്തിന്റെ മാധ്യമ ഓഫീസിനെ ഉദ്ധരിച്ച് അൽ ജസീറ ഇന്ന് റിപ്പോർട്ട് ചെയ്തത്. ആയിരക്കണക്കിന് കുഞ്ഞുങ്ങളെ കാണാതായതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അമേരിക്കയടക്കമുള്ള പ്രധാന രാഷ്ട്രങ്ങളുടെ പിന്തുണയോടെ ഇസ്രായേൽ ക്രൂരത തുടരുന്നതിനിടെ ഗസ്സയിൽ നിന്നൊരു വീഡിയോ പുറത്തുവന്നിരിക്കുകയാണ്. ഇസ്രായേലി സൈനികർ ഗസ്സയിലെ കുട്ടികളുടെ സൈക്കിളോടിക്കുന്ന വീഡിയോയാണ് പുറത്തുവന്നത്. ഇസ്രായേലി യുദ്ധക്കുറ്റങ്ങളും ക്രൂരതകളും തുറന്നുകാട്ടുന്ന ജാക്‌സൺ ഹിൻക്ലെയടക്കം പങ്കുവെച്ച വീഡിയോക്ക് താഴെ രൂക്ഷ വിമർശനങ്ങളാണ് ഇസ്രായേലിനെതിരെ ഉയരുന്നത്.
ഫലസ്തീനിലെ കുഞ്ഞുങ്ങളെ കൊന്നൊടുക്കുന്ന ഇസ്രായേൽ തീവ്രവാദ രാഷ്ട്രമാണെന്ന് നിരവധി പേർ കുറിച്ചു. സ്വന്തം മണ്ണ് നഷ്ടപ്പെടാതിരിക്കാൻ പ്രതിരോധിക്കുന്ന ഫലസ്തീനികളെ തീവ്രവാദികളായി മുദ്രകുത്തുന്നതിലെ ഇരട്ടത്താപ്പുകളെ പരിഹസിച്ച് കുറിപ്പുകളും കാർട്ടൂണുകളും പങ്കുവെച്ചു. യുക്രൈനായി റഷ്യയ്‌ക്കെതിരെ തോക്കെടുത്ത പെൺകുട്ടി വീരനായികയായപ്പോൾ ഫലസ്തീനി ബാലനെ തീവ്രവാദിയാക്കുന്നതിലെ വൈരുധ്യവും ചൂണ്ടിക്കാട്ടി.
'ലോകത്തിൽ കുഞ്ഞുങ്ങൾക്ക് ജീവിക്കാൻ ഏറ്റവും അപകടം പിടിച്ച സ്ഥലമാണ് ഗസ്സ'യെന്നാണ് യുഎൻ ചിൽഡ്രൻസ് ഫണ്ട് എക്‌സിക്യൂട്ടീവ് ഡയറക്ടർ കാതറിൻ റസ്സൽ വെള്ളിയാഴ്ച പറഞ്ഞത്. വെടിനിർത്തലിന് ശേഷം ഇസ്രായേൽ വീണ്ടും ആക്രമണം തുടങ്ങിയതോടെ നൂറു കണക്കിന് കുഞ്ഞുങ്ങൾ ദിനേനെ കൊല്ലപ്പെടുമെന്നും റസ്സൽ ചൂണ്ടിക്കാട്ടി.
2.3 ദശലക്ഷം വരുന്ന ഗസ്സ ജനസംഖ്യയുടെ പകുതിയോളം പേരും 18 വയസ്സിന് താഴെയുള്ളവരാണ്. ഒട്ടനവധി ഫലസ്തീനി കുഞ്ഞുങ്ങളാണ് ഇസ്രായേലി അതിക്രമങ്ങൾ അനുഭവിച്ചത്. പലരും 2008 മുതലായി അഞ്ച് ഇസ്രായേലി അതിക്രമമെങ്കിലും നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് അൽ ജസീറ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. ഒക്‌ടോബർ ഏഴിന് ഇസ്രായേൽ ക്രൂരത തീവ്രമാകുന്നതിന് മുമ്പ് ഫലസ്തീനിയൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് നടത്തിയ പഠനത്തിൽ അഞ്ച് മുതൽ 17 വരെയുള്ള കുട്ടികളിൽ 13 ശതമാനം പേർ ഉത്കണ്ഠ അനുഭവിക്കുന്നതായി കണ്ടെത്തിയിരുന്നു. യുദ്ധം രൂക്ഷമായതോടെ ഈ കണക്കുകൾ കൂടിയിട്ടുണ്ടാകുമെന്നാണ് ബ്യൂറോ പറയുന്നത്. സമൂഹമാധ്യമങ്ങളിലൂടെയടക്കം പ്രചരിക്കുന്ന കുഞ്ഞുങ്ങളുടെ വീഡിയോ തെളിയിക്കുന്നതും ഇതാണ്. ആശുപത്രിയിലടക്കം ബോംബിടുന്ന ക്രൂരത ഫലസ്തീനി ബാല്യങ്ങളുടെ മനോനില തന്നെ തകരാറിലാക്കുകയാണ്. യുദ്ധത്തിന് മുമ്പേ, 2023ൽ 52450 കുട്ടികൾ സ്ട്രസ്സും (ഉത്കണ്ഠ), 13000 കുട്ടികൾ ഡിപ്രഷനും (വിഷാദ രോഗവും) അനുഭവിക്കുന്നതായും ബ്യൂറോ പഠനം വ്യക്തമാക്കി.
1967 മുതൽ അധിനിവേശ വെസ്റ്റ് ബാങ്കിലും ഗസ്സയിലും കൊല്ലപ്പെട്ട മൊത്തം ഫലസ്തീൻ കുട്ടികളുടെ എണ്ണത്തേക്കാൾ ഇരട്ടി കുട്ടികളെ ഇസ്രായേൽ സൈന്യം ഒക്ടോബറിൽ ഗസ്സ മുനമ്പിൽ കൊന്നതായി ഡിഫൻസ് ഫോർ ചിൽഡ്രൻ ഇന്റർനാഷണൽ-പാലസ്തീൻ എന്ന എൻജിഒ നവംബർ ആദ്യത്തിൽ പറഞ്ഞിരുന്നു. നിലവിൽ ഗസ്സയിൽ നടക്കുന്ന ആക്രമണത്തിൽ 15500ലേറെ പേരാണ് കൊല്ലപ്പെട്ടതെന്നാണ് ആരോഗ്യ മന്ത്രാലയം പറയുന്നത്.
ഒരാഴ്ച നീണ്ട വെടിനിർത്തലിന് ശേഷം ഗസ്സയ്ക്കു നേരെ ആക്രമണം പുനരാരംഭിച്ചിരിക്കുകയാണ് ഇസ്രയേൽ. ഡിസംബർ ഒന്നിന് മാത്രം 70 പേരെയാണ് ഗസ്സയിൽ ഇസ്രായേൽ കൊലപ്പെടുത്തിയത്. തെക്കൻ ഗസ്സയിലുള്ളവരോടും ഒഴിഞ്ഞുപോകാൻ ഭീഷണിമുഴക്കുകയാണ് ഇസ്രായേൽ സേന. ഒഴിഞ്ഞുപോകണം എന്നാവശ്യപ്പെട്ട് ഇസ്രായേൽ സൈന്യം ലഘുലേഖകൾ വിതറി. ആക്രമണം ഇനിയും രൂക്ഷമാകുമെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
വടക്കൻ ഗസ്സയെന്നോ തെക്കൻ ഗസ്സയെന്നോ വ്യത്യാസമില്ലാതെ എല്ലായിടത്തും ബോംബുകൾ വർഷിക്കുകയാണ് ഇസ്രായേൽ. റഫ, ഖാൻ യൂനിസ്, ജബാലിയ, മഗാസി, നുസരിയത്ത് എന്നിവിടങ്ങളിലെ ഡസൻകണക്കിന് പാർപ്പിടങ്ങൾ ഇസ്രായേൽ തകർത്തു. ഗസ്സയിലെ മിക്ക ആശുപത്രികളും തകർന്നതിനാൽ പരിക്കേറ്റവരെ ചികിത്സിക്കാൻ ആവശ്യത്തിനുള്ള സൗകര്യങ്ങളില്ല.
ഇസ്രായേൽ വ്യോമാക്രമണം പുനരാരംഭിച്ചതിനെത്തുടർന്ന് തിങ്ങിനിറഞ്ഞ ആശുപത്രികളിൽ ചികിത്സ തേടുന്ന പരിക്കേറ്റവർക്ക് വലിയ മുറിവുകളുമായി നിലത്താണ് കിടക്കേണ്ടിവരുന്നതെന്ന് ഗസ്സയിലെ ആരോഗ്യ മന്ത്രാലയ വക്താവ് അഷ്റഫ് അൽ ഖുദ്ര പറഞ്ഞു.
വെടിനിർത്തൽ നീട്ടാനുള്ള ചർച്ചകൾ നടക്കുന്നതിനിടെയാണ് ഇസ്രായേൽ വീണ്ടും യുദ്ധത്തിലേക്ക് നീങ്ങിയത്. ഹമാസ് ഉടമ്പടി ലംഘിച്ചെന്നാരോപിച്ചായിരുന്നു ഇസ്രായേലിന്റെ ആക്രമണം. തടവിലുള്ള സ്ത്രീകളെയും കുട്ടികളെയും വിട്ടുനൽകാമെന്നുള്ള വാഗ്ദാനങ്ങൾ നിരസിച്ച ഇസ്രായേൽ ഗസ്സയിലെ വംശഹത്യയാണ് ലക്ഷ്യമിടുന്നതെന്ന് ഹമാസ് കുറ്റപ്പെടുത്തി. വെടിനിർത്തലിനു ശേഷം ഒരാഴ്ചയ്ക്കിടെ 105 ബന്ദികളെ ഹമാസ് മോചിപ്പിച്ചിരുന്നു.
Israel Army killed more than 6,600 children in Gaza; Israeli soldiers cycling in Gaza