റഫ ആക്രമണത്തിൽ നിന്ന് പിന്തിരിയാതെ ഇസ്രായേൽ; മൂന്ന് ബന്ദികൾ കൂടി കൊല്ലപ്പെട്ടു
ബന്ദികളുടെ സുരക്ഷ പോലും ഇസ്രായേലിന്‍റെ പരിഗണനയിൽ ഇല്ലെന്നാണ് റഫക്കു നേരെ നടന്ന ആക്രമണം തെളിയിക്കുന്നതെന്ന് ഹമാസ് നേതാവ് ഒസാമ ഹംദാൻ
ഗസ്സ സിറ്റി: അമേരിക്ക ഉൾപ്പെടെയുള്ള ലോകരാജ്യങ്ങളുടെ സമ്മർദത്തിനിടയിലും റഫ ആക്രമണത്തിൽ നിന്ന് പിന്തിരിയാതെ ഇസ്രായേൽ. ഇസ്രായേൽ വ്യോമാക്രമണത്തിൽ മൂന്ന് ബന്ദികൾ കൂടി കൊല്ലപ്പെട്ടതായി ഹമാസ് അറിയിച്ചു. സഹായം നിർത്താതെ തന്നെ സിവിലിയൻ കുരുതിയിൽ നിന്ന് ഇസ്രായേലിനെ പിന്തിരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് വൈറ്റ്ഹൗസ് വ്യക്തമാക്കി. ഖത്തറും ഈജിപ്തും കേന്ദ്രീകരിച്ച് വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കുകയാണ്. ജോർദാൻ രാജാവുമായി ബൈഡൻ വൈറ്റ്ഹൗസിൽ ചർച്ച നടത്തി
ബന്ദികളുടെ സുരക്ഷ പോലും ഇസ്രായേലിന്‍റെ പരിഗണനയിൽ ഇല്ലെന്നാണ് റഫക്കു നേരെ നടന്ന ആക്രമണം തെളിയിക്കുന്നതെന്ന് ഹമാസ് നേതാവ് ഒസാമ ഹംദാൻ പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന ഇസ്രായേൽ വ്യോമാക്രമണത്തിൽ പരിക്കേറ്റവരാണ് മരിച്ച മൂന്ന് ബന്ദികളെന്ന് ഖസ്സാം ബ്രിഗേഡ്‌സിന്റെ വക്താവ് അബു ഉബൈദ വ്യക്തമാക്കി. ഇതേ വ്യോമാക്രമണത്തിലാണ് രണ്ട് ബന്ദികൾ നേരത്തെ കൊല്ലപ്പെട്ടത്. ഇതോടെ ഇസ്രായേലിന്റെ കരങ്ങളാൽ രണ്ടുദിവസത്തിനിടെ കൊല്ലപ്പെട്ട ബന്ദികളുടെ എണ്ണം അഞ്ചായി. റഫയിൽ നടത്തിയ ആക്രമണത്തിൽ രണ്ട് ബന്ദികളെ മോചിപ്പിച്ചതായി ഇസ്രായേൽ അവകാശപ്പെട്ടിരുന്നു.
അതേ സമയം ഖാൻ യൂനുസിലും മറ്റും ശക്തമായ ചെറുത്തുനിൽപ്പാണ് തുടരുന്നത്. 10 അധിനിവേശ ഇസ്രായേൽ സൈനികരെ പോരാളികൾ ഏറ്റുമുട്ടലിൽ വധിച്ചതായി ഹമാസ് സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡ് അറിയിച്ചു. തെക്കൻ ഗസ്സയിലെ ഖാൻ യൂനിസിനടുത്ത അബസൻ അൽ കബീറയിലാണ് ഏറ്റുമുട്ടൽ നടന്നത്. നേരിട്ടുള്ള പോരാട്ടത്തിലാണ് സൈനികരെ വധിച്ചതെന്ന് ഖസ്സാം ബ്രിഗേഡ് അറിയിച്ചു. പരിക്കേറ്റ തടവുകാരിൽ ബാക്കിയുള്ളവരുടെ നിലയും അതീവ ഗുരുതരമാണെന്ന് ഹമാസ് വ്യക്തമാക്കി. പരിക്കേറ്റ ബന്ദികളുടെ ജീവൻ നഷ്ടമായാൽ, ഇസ്രായേൽ സൈന്യത്തിന് മാത്രമാണ് ഉത്തരവാദിത്തമെന്നും ഹമാസ്.
ലക്ഷക്കണക്കിന് അഭയാർഥികൾ തിങ്ങിപ്പാർക്കുന്ന റഫയിൽ ഇസ്രായേൽ കരയുദ്ധത്തിനിറങ്ങാനുള്ള തയാറെടുപ്പിലാണ്. വലിയ മാനുഷിക ദുരന്തമായിരിക്കും അതോടെ ഗസ്സയെ കാത്തിരിക്കുന്നതെന്ന് യു.എൻ ഏജൻസികൾ വ്യക്തമാക്കി. യുനർവ ജീവനക്കാർക്കു നേരെയും ഇന്നലെ ഇസ്രായേൽ സേന ആക്രമണം നടത്തി. ഇസ്രായേലിന് സൈനികസഹായം നൽകുന്നത് അമേരിക്ക പുന:പരിശോധിക്കണമെന്ന് യൂറോപ്യൻ യൂനിയൻ വിദേശനയ മേധാവി ജോസഫ് ബോറൽ പറഞ്ഞു.
റഫ ആക്രമണത്തിന് മുമ്പ് ഇസ്രായേൽ പുനർവിചിന്തനം നടത്തണമെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി. റഫയിൽ ആക്രമണം തുടർന്നാൽ കൂട്ടനരമേധമായിരിക്കും ഫലമെന്ന് ആംനസ്റ്റി ഇൻറർനാഷനൽ. ഗസ്സയിൽ വെടിനിർത്തലിനുള്ള നീക്കം ഊർജിതമാണെന്ന് യു.എസ് പ്രസിഡൻറ് ജോ ബൈഡൻ, വൈറ്റ്ഹൗസിൽ ജോർദാൻ രാജാവുമായുള്ള ചർച്ചയിൽ അറിയിച്ചു. ഖത്തറും ഈജിപ്തും കേന്ദ്രീകരിച്ചുള്ള ചർച്ചയിൽ ബൈഡൻ പ്രത്യാശ പ്രകടിപ്പിച്ചു