ലബനാനിൽ വെടിനിർത്തൽ ലംഘിച്ച് ഇസ്രായേൽ; 11 പേർ കൊല്ലപ്പെട്ടു
യുദ്ധാനന്തര ഗസ്സയുടെ ഭരണം കൈയാളാൻ സ്വതന്ത്ര ഉദ്യോഗസ്ഥ സമിതിക്ക് ഹമാസും ഫതഹും തമ്മിൽ ധാരണ
ബെയ്റൂത്ത്: ലബനാനിൽ വെടിനിർത്തൽ ലംഘിച്ച് വീണ്ടും ഇസ്രായേൽ ആക്രമണം. വ്യോമാക്രമണങ്ങളിൽ 11 പേർ കൊല്ലപ്പെട്ടു. ബുധനാഴ്ച നിലവിൽവന്ന വെടിനിർത്തൽ തുടർച്ചയായി ലംഘിച്ചാണ് ദക്ഷിണ ലബനാനിൽ ഇസ്രായേൽ വ്യോമാക്രമണവും വെടിവെപ്പും നടത്തുന്നത്.
ലബനാനിൽ ഹിസ്ബുല്ലയുമായുള്ള വെടിനിർത്തൽ യുദ്ധാറുതിയല്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞു. ഹിസ്ബുല്ലയുടെ ഭാഗത്തുനിന്നുള്ള ചെറിയ നീക്കത്തിന് പോലും കനത്ത തിരിച്ചടി നൽകുമെന്നും നെതന്യാഹു മുന്നറിയിപ്പ് നൽകി.
ഇരുപക്ഷവും ആക്രമണം പൂർണമായി നിർത്തണമെന്ന് ഫ്രാൻസ് ആവശ്യപ്പെട്ടു. വെടിനിർത്തൽ കരാർ മാനിക്കണമെന്ന് ഇസ്രായേലിനോട് യു.എസ് ദേശീയ സുരക്ഷാ ഉപേദേഷ്ടാവ് ജെയ്ക് സള്ളിവനും നിർദേശിച്ചതായി റിപ്പോർട്ടുണ്ട്.
ഗസ്സയിലും ഇസ്രായേൽ ആക്രമണം രൂക്ഷമായി തുടരുകയാണ്. 36 ഫലസ്തീനികളാണ് വിവിധ ആക്രമണങ്ങളിൽ ഇന്നലെ കൊല്ലപ്പെട്ടത്. കരീം ഷാലോം അതിർത്തി മുഖേനയുള്ള സഹായട്രക്കുകളുടെ വരവ് നിലച്ചതും സന്നദ്ധ സംഘടനകളുടെ പിൻമാറ്റവും ഗസ്സയിൽ പട്ടിണിക്ക് ആക്കംകൂട്ടിയതായി യു.എൻ ചൂണ്ടിക്കാട്ടി. ഗസ്സയിൽ ഭക്ഷ്യവസ്തുക്കൾക്ക് ചരിത്രത്തിലെ ഏറ്റവും വലിയ ക്ഷാമമാണ് നേരിടുന്നതെന്ന് യു.എൻ അറിയിച്ചു.
അതിനിടെ, യുദ്ധാനന്തര ഗസ്സയുടെ ഭരണം കൈയാളാൻ രാഷ്ട്രീയമായി സ്വതന്ത്ര ഉദ്യോഗസ്ഥ സമിതിയെ നിയമിക്കാനുള്ള കരാറിൽ ഹമാസും ഫതഹും ഉടൻ ഒപ്പുവെക്കുമെന്ന് റിപ്പോർട്ട്. 12 മുതൽ 15 വരെ അംഗങ്ങളാകും സമിതിയിൽ. ഗസ്സയിൽ ഹമാസ് ഭരണം പൂർണമായി അവസാനിപ്പിക്കുന്ന നീക്കം വെടിനിർത്തൽ ചർച്ചകളിൽ നിർണായകമായേക്കുമെന്നാണ് വിലയിരുത്തൽ. ഉദ്യോഗസ്ഥർ ആരൊക്കെ എന്നതടക്കം വിഷയങ്ങളിൽ ഉടൻ ധാരണയായേക്കും.