'വെസ്റ്റ് ബാങ്കിലെ അനധികൃത കുടിയേറ്റങ്ങള്‍ക്ക് സഹായം'; ഇസ്രായേൽ കമ്പനിയിലെ ഓഹരികൾ പിൻവലിച്ച് നോർവേ വെൽത്ത് ഫണ്ട്
ഗസ്സ ആക്രമണത്തെ തുടര്‍ന്ന് ഒൻപത് ഇസ്രായേല്‍ കമ്പനികളിലെ ഓഹരികൾ നോർവേ വെൽത്ത് ഫണ്ട് പിൻവലിച്ചിരുന്നു
ഓസ്‌ലോ: ഇസ്രായേൽ ടെലകോം കമ്പനി ബെസെകുമായുള്ള ബന്ധം വിച്ഛേദിച്ച് നോർവേ. കമ്പനിയിലെ നിക്ഷേപങ്ങൾ പൂർണമായി പിൻവലിച്ചിരിക്കുകയാണ് നോർവേയുടെ സോവറീൻ വെൽത്ത് ഫണ്ട്. വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന അനധികൃത ജൂതകുടിയേറ്റങ്ങൾക്കു സഹായം നൽകുന്നുവെന്നു കാണിച്ചാണു നടപടി.
ഇസ്രായേലിലെ ഏറ്റവും വലിയ ടെലികമ്യൂണിക്കേഷൻസ് കമ്പനിയാണ് ബെസെക്. വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ ഭരണകൂടം നടത്തുന്ന അനധികൃത നിർമാണങ്ങൾക്കും കൈയേറ്റങ്ങൾക്കും വേണ്ട ടെലകോം സേവനങ്ങൾ നൽകുന്നത് കമ്പനിയാണ്. ബെസെകിലെ എല്ലാ ഓഹരികളും ഇപ്പോൾ നോർവേ വെൽത്ത് ഫണ്ട് പിൻവലിച്ചിരിക്കുകയാണ്. ഫണ്ടിന്റെ ധാർമിക നിരീക്ഷണസംഘമായ 'കൗൺസിൽ ഓൺ എത്തിക്‌സ്' നിയമങ്ങൾ കടുപ്പിച്ചതോടെയാണു പുതിയ തീരുമാനം. വെസ്റ്റ് ബാങ്കിലെ ഇസ്രായേൽ നിർമാണപ്രവൃത്തികളെ സഹായിക്കുന്ന സ്ഥാപനങ്ങൾക്കുള്ള ധാർമിക മാനദണ്ഡങ്ങൾ കടുപ്പിച്ച് കൗൺസിൽ പുതിയ നിയമം കൊണ്ടുവന്നിരുന്നു.
നിലവിൽ തുടർന്നുകൊണ്ടിരിക്കുന്ന ടെലകോം സേവനങ്ങളിലൂടെ വെസ്റ്റ് ബാങ്കിലെ ഇസ്രായേൽ കുടിയേറ്റങ്ങൾ വ്യാപിപ്പിക്കാനുള്ള സഹായവും സൗകര്യവുമൊരുക്കുകയാണ് ബെസെക് ചെയ്യുന്നതെന്ന് കൗൺസിൽ ഓൺ എത്തിക്‌സ് ചൂണ്ടിക്കാട്ടി. ഇതിലൂടെ അന്താരാഷ്ട്ര നിയമങ്ങളാണ് കമ്പനി ലംഘിക്കുന്നത്. വെസ്റ്റ് ബാങ്കിലെ ഫലസ്തീൻ മേഖലകളിലും സേവനങ്ങൾ നൽകുന്നുണ്ടെന്നാണ് കമ്പനി വാദിക്കുന്നത്. എന്നാൽ, ഇസ്രായേൽ കുടിയേറ്റങ്ങൾക്കു സേവനം നൽകുന്നുണ്ടെന്ന വസ്തുതയെ മറികടക്കാൻ അതുകൊണ്ടാകില്ലെന്നും കൗൺസിൽ വ്യക്തമാക്കി.
ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇസ്രായേൽ കമ്പനിയിലുള്ള വെൽത്ത് ഫണ്ടിന്റെ ഓഹരികൾ പിൻവലിക്കാൻ നോർവേ സെൻട്രൽ ബാങ്കിനോട് കൗൺസിൽ ഓൺ എത്തിക്‌സ് നിർദേശിച്ചത്. ബാങ്ക് നിർദേശം അംഗീകരിച്ചതോടെ ബെസെകിലെ മുഴുവൻ ഓഹരികളും വെൽത്ത് ഫണ്ട് വിറ്റിരിക്കുകയാണ്. കമ്പനിയുടെ 0.76 ശതമാനം ഓഹരികളാണ് വെൽത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്നത്. 23.7 മില്യൺ ഡോളർ(ഏകദേശം 200 കോടി രൂപ) മൂല്യം വരും ഇതിന്. ഈ വർഷം ആദ്യത്തിൽ കമ്പനിയുടെ 2.2 ശതമാനം ഓഹരികൾ നോർവേ വെൽത്ത് ഫണ്ടിന്റെ ഉടമസ്ഥതയിലുണ്ടായിരുന്നു. കഴിഞ്ഞ ജൂണിലാണ് ഇത് 0.76 ശതമാനമായി വെട്ടിക്കുറച്ചത്.
ഫലസ്തീൻ പ്രദേശങ്ങളിൽ ഇസ്രായേൽ നടത്തുന്ന അധിനിവേശം നിയമവിരുദ്ധമാണെന്ന് കഴിഞ്ഞ ജൂലൈയിൽ അന്താരാഷ്ട്ര കോടതി ഉത്തരവിട്ടിരുന്നു. ഇസ്രായേൽ അധിനിവേശവും അവരുടെ കുടിയേറ്റ നയവും മേഖലയിലെ പ്രകൃതി വിഭവങ്ങൾ ഉപയോഗിക്കുന്ന രീതിയുമെല്ലാം അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനമാണെന്നും കോടതിയുടെ നിരീക്ഷണമുണ്ടായിരുന്നു. ഈ ഉത്തരവ് ആധാരമാക്കിയാണ് നോർവേ എത്തിക്‌സ് കൗൺസിൽ നിക്ഷേപ മാനദണ്ഡങ്ങൾ കടുപ്പിച്ചത്.
2023 ഒക്ടോബറിനുശേഷമുള്ള ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിനിടയിലും കൗൺസിൽ നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇസ്രായേലിലെ കൂടുതൽ കമ്പനികൾ നിക്ഷേപവുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ ലംഘിക്കുന്നുണ്ടോ എന്ന കാര്യമാണു പരിശോധിച്ചിരുന്നത്. ഇതിനു പിന്നാലെ ഫലസ്തീനിലെ അധിനിവിഷ്ട പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന ഒൻപത് കമ്പനികളിലെ ഓഹരികൾ നോർവേ വെൽത്ത് ഫണ്ട് പിൻവലിക്കുകയും ചെയ്തു. കിഴക്കൻ ജറൂസലമിലും വെസ്റ്റ് ബാങ്കിലും ഇസ്രായേൽ കുടിയേറ്റത്തിന്റെ ഭാഗമായി വീടുകളും റോഡുകളും നിർമിക്കുന്ന കമ്പനികളായിരുന്നു ഇതിൽ കൂടുതലും. വെസ്റ്റ് ബാങ്കിലെ ഇസ്രായേൽ മതിലിനു വേണ്ടി നിരീക്ഷണ സംവിധാനങ്ങൾ എത്തിച്ചിരുന്ന കമ്പനികളുമായും ബന്ധം വിച്ഛേദിച്ചിരുന്നു.
അതേസമയം, നോർഗസ് ബാങ്ക് ഇൻവെസ്റ്റ്‌മെന്റ് മാനേജ്‌മെന്റ്(എൻബിഐഎം) മേൽനോട്ടം വഹിക്കുന്ന നോർവേ സോവറീൻ വെൽത്ത് ലോകത്തെ തന്നെ മുൻനിര നിക്ഷേപ സ്ഥാപനങ്ങളിലൊന്നാണ്. നോർവേ ഓയിൽ ഫണ്ട് എന്ന പേരിലും അറിയപ്പെടുന്ന സ്ഥാപനം 1990ലാണ് സ്ഥാപിക്കപ്പെട്ടത്. 1.8 ട്രില്യൺ ഡോളറാണ് കമ്പനിയുടെ മൂല്യം. രാജ്യത്തിന്റെ എണ്ണ-വാതക മേഖലകളിലെ മിച്ച വരുമാനമാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിക്ഷേപിക്കുന്നത്. നിലവിൽ 70 രാജ്യങ്ങളിലായി 8,700 കമ്പനികളിൽ ഫണ്ടിന്റെ നിക്ഷേപമുണ്ട്. ആഗോളതലത്തിൽ ലിസ്റ്റ് ചെയ്യപ്പെട്ട ഓഹരികളുടെ 1.5 ശതമാനം വരുമിത്. ആപ്പിൾ, ആമസോൺ, യൂണിലിവർ, മൈക്രോസോഫ്റ്റ് ഉൾപ്പെടെയുള്ള മുൻനിര കമ്പനികൾ ഇതിൽ ഉൾപ്പെടും. ലണ്ടൻ, ന്യൂയോർക്ക്, ബെർലിൻ, ടോക്യോ ഉൾപ്പെടെയുള്ള വൻകിട നഗരങ്ങളിലെ റിയൽ എസ്റ്റേറ്റ് രംഗത്തും വൻ നിക്ഷേപമുണ്ട്.
Summary: Norway's sovereign wealth fund divests from Israel's Bezeq over services to Jewish settlements in West Bank