ഫലസ്തീൻ അധിനിവേശം ഇസ്രായേൽ അവസാനിപ്പിക്കണമെന്ന് യുഎൻ പ്രമേയം; അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തി ഇന്ത്യ
അധിനിവേശ സിറിയൻ ഗോലാനിൽനിന്ന് ഇസ്രായേൽ പിന്മാറണമെന്നും പ്രമേയം
ന്യൂയോർക്ക്: ഫലസ്തീനിലെ ഇസ്രായേലി അധിനിവേശം അവസാനിപ്പിക്കണമെന്ന ഐക്യരാഷ്ട്ര സഭ ജനറൽ അസംബ്ലിയിലെ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്ത് ഇന്ത്യ. കിഴക്കൻ ജറുസലേമിൽ ഉൾപ്പെടെ 1967 മുതൽ ഇസ്രായേൽ കൈയേറിയ പ്രദേശങ്ങളിൽനിന്ന് പിൻമാറണമെന്നും പശ്ചിമേഷ്യയിൽ സമഗ്രവും നീതിയുക്തവും ശാശ്വതവുമായ സമാധാനം കൈവരിക്കണമെന്നും പ്രമേയം ആഹ്വാനം ചെയ്തു.
193 അംഗ ജനറൽ അസംബ്ലിയിൽ ‘ഫലസ്തീൻ പ്രശ്നത്തിന് സമാധാനപരമായ പരിഹാരം’എന്ന പേരിൽ സെനഗലാണ് പ്രമേയം അവതരിപ്പിച്ചത്. ഇന്ത്യ ഉൾപ്പെടെ 157 രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. അതേസമയം അമേരിക്ക, അർജൻറീന, ഹംഗറി, ഇസ്രായേൽ, മൈക്രോനേഷ്യ, നൗരു, പലാവു, പാപുവ ന്യൂഗിനിയ എന്നീ രാജ്യങ്ങൾ പ്രമേയത്തെ എതിർത്തു. കാമറൂൺ, ചെക്കിയ, ഇക്വഡോർ, ജോർജിയ, പരാഗ്വ, യുക്രെയ്ൻ, ഉറുഗ്വ എന്നീ രാജ്യങ്ങൾ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു.
1967 മുതൽ കിഴക്കൻ ജറുസലേം ഉൾപ്പെടെ ഇസ്രായേൽ അധിനിവേശം ചെയ്ത ഫലസ്തീൻ പ്രദേശത്തുനിന്ന് പിൻമാറണമെന്നും സ്വയം നിർണയം, സ്വതന്ത്ര രാജ്യം തുടങ്ങിയ ഫലസ്തീൻ ജനതയുടെ അവിഭാജ്യമായ അവകാശങ്ങൾ സാക്ഷാത്കരിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. 1967ന് മുമ്പുള്ള അതിർത്തികൾ അടിസ്ഥാനമാക്കി ദ്വിരാഷ്ട്ര പരിഹാരത്തിന് ജനറൽ അസംബ്ലി അചഞ്ചലമായ പിന്തുണ നൽകി.
ഇസ്രായേൽ അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കുകയും വേണം. ഗസ്സ മുനമ്പ് ഫലസ്തീൻ പ്രദേശത്തിെൻറ അവിഭാജ്യ ഘടകമാണ്. ഇവിടത്തെ എല്ലാവിധ ആക്രമണങ്ങളും അവസാനിപ്പിക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു.
ഇതുകൂടാതെ, സിറിയയുടെ അതിർത്തി പ്രദേശമായ ഗോലാനിൽനിന്നും ഇസ്രായേൽ പിന്മാറണമെന്ന് ആവശ്യപ്പെടുന്ന പ്രമേയത്തെയും അനുകൂലിച്ച് വോട്ട് ചെയ്തു. സിറിയൻ ഗോലാനിൽനിന്ന് ഇസ്രായേൽ പിൻമാറണമെന്ന രക്ഷാസമിതിയുടെയും പൊതുസഭയുടെയും പ്രമേയങ്ങൾ വകവെക്കാത്തതിൽ പ്രമേയം അഗാധമായ ഉത്കണ്ഠ രേഖപ്പെടുത്തി. ഈ പ്രമേയം എട്ടിനെതിരെ 97 വോട്ടുകൾ വോട്ടുകൾക്കാണ് യു.എൻ അംഗീകരിച്ചത്. 64 രാജ്യങ്ങൾ വിട്ടുനിന്നു. ആസ്ത്രേലിയ, കാനഡ, ഇസ്രായേൽ, യുകെ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളാണ് പ്രമേയത്തെ എതിർത്തത്.
മേഖലയിൽ 1967 മുതൽ ഇസ്രായേൽ നടത്തുന്ന അനധികൃത കുടിയേറ്റമുൾപ്പെടെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളെ പ്രമേയം വിമർശിച്ചു. അധിനിവേശ സിറിയൻ ഗോലാനിൽ തങ്ങളുടെ നിയമങ്ങളും അധികാരവും ഭരണവും അടിച്ചേൽപ്പിക്കാനുള്ള 1981 ഡിസംബറിലെ ഇസ്രായേൽ തീരുമാനം അസാധുവാണെന്നും യാതൊരു നിയമസാധുതയും അതിനില്ലെന്നും ചൂണ്ടിക്കാട്ടിയ പ്രമേയം, ഈ നീക്കത്തിൽനിന്ന് പിൻമാറാൻ ഇസ്രായേലിനോട് ആവശ്യപ്പെടുകയും ചെയ്തു.