‘അധികാരത്തിലേറും മുമ്പ് ഗസ്സയിലെ ബന്ദികളെ വിട്ടയച്ചില്ലെങ്കിൽ വലിയ പ്രത്യാഘാതം’; മുന്നറിയിപ്പുമായി ട്രംപ്
ബന്ദികൾ കൊല്ലപ്പെടാൻ കാരണം നെതന്യാഹുവിന്റെ പിടിവാശിയെന്ന് ഹമാസ്
വാഷിങ്ടൺ: താൻ അധികാരമേൽക്കുന്ന ജനുവരി 20ന് മുമ്പ് ഗസ്സയിലുള്ള മുഴുവൻ ബന്ദികളെയും വിട്ടയച്ചില്ലെങ്കിൽ കടുത്ത പ്രത്യാഘാതമുണ്ടാകുമെന്ന് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നവംബർ അഞ്ചിന് നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ചശേഷം ഗസ്സ വിഷയത്തിൽ ട്രംപിന്റെ ഭാഗത്തുനിന്നുള്ള ഏറ്റവും കടുത്ത വാക്കുകളാണിത്. വെടിനിർത്തലിനായി ഇദ്ദേഹം പരിശ്രമിക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെയാണ് പുതിയ പ്രസ്താവന.
മിഡിൽ ഈസ്റ്റിൽ വളരെ അക്രമാസക്തവും മനുഷ്യത്വരഹിതവും മുഴവുൻ ലോകത്തിന്റെ ഇഷ്ടത്തിനും വിരുദ്ധമായി ബന്ദിയാക്കപ്പെട്ടവരെക്കുറിച്ചാണ് എല്ലാവരും സംസാരിക്കുന്നത്. പക്ഷെ, സംസാരം മാത്രമേയുള്ളൂ, നടപടി ഉണ്ടാകുന്നില്ല. അമേരിക്കയുടെ പ്രസിഡന്റായി ചുമതലയേൽക്കുന്ന 2025 ജനുവരി 20ന് മുമ്പ് ബന്ദികളെ വിട്ടയച്ചില്ലെങ്കിൽ ഇതിന് പിന്നിലുള്ളവർ വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും ട്രംപ് സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു. അമേരിക്കയുടെ ചരിത്രത്തിൽ ഇതുവരെ ഒരാൾക്കും ഏൽക്കേണ്ടി വരാത്ത കഠിനമായി നടപടിയാകും ഉണ്ടാവുക. ഇപ്പോൾ തന്നെ ബന്ദികളെ മോചിപ്പിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഏത് തരത്തിലുള്ള നടപടിയാണ് സ്വീകരിക്കുകയെന്ന് ട്രംപ് പോസ്റ്റിൽ പറയുന്നില്ല. ട്രംപിന് നന്ദി പറഞ്ഞുകൊണ്ട് ഇസ്രായേൽ പ്രസിഡന്റ് ഇസ്ഹാഖ് ഹെർസോഗ് ‘എക്സി’ൽ രംഗത്തുവന്നു. നാട്ടിൽ തിരിച്ചെത്തുന്ന സഹോദരൻമാരെയും സഹോദരിമാരെയും കാണാനായി തങ്ങൾ കാത്തിരിക്കുകയാണെന്നും അദ്ദേഹം കുറിച്ചു.
കഴിഞ്ഞ ദിവസം തങ്ങളുടെ കൈവശമുള്ള ബന്ദിയുടെ വിഡിയോ ഹമാസ് പുറത്തുവിട്ടിരുന്നു. 20കാരനായ ഏദൻ അലക്സാണ്ടറിെൻറ വിഡിയോയാണ് പുറത്തുവിട്ടത്. അമേരിക്കൻ-ഇസ്രായേൽ പൗരത്വമുള്ള ഇയാൾ ഗസ്സ അതിർത്തിയിൽ സൈനിക സേവനത്തിലിരിക്കെയാണ് ഒക്ടോബർ ഏഴിന് ബന്ദിയാക്കപ്പെടുന്നത്.
മൂന്നര മിനിറ്റ് നീണ്ടുനിൽക്കുന്ന വിഡിയോയിൽ തന്നെ തിരികെ എത്തിക്കാൻ ഇസ്രായേൽ സർക്കാർ നടപടിയെടുക്കണമെന്ന് ഏദൻ ആവശ്യപ്പെടുന്നുണ്ട്. കൂടാതെ തങ്ങളെ മോചിപ്പിക്കുന്നതിനായി നടപടിയെടുക്കാൻ നിയുക്ത അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
ഞങ്ങളുടെ സ്വാതന്ത്ര്യത്തിനായി ചർച്ച നടത്താൻ നിങ്ങളുടെ സ്വാധീനവും അമേരിക്കയുടെ മുഴുവൻ ശക്തിയും ഉപയോഗിക്കണമെന്നും ട്രംപിനോട് വിഡിയോയിൽ അഭ്യർഥിക്കുന്നുണ്ട്. യുഎസ് പ്രസിഡൻറ് ജോ ബൈഡൻ ചെയ്ത തെറ്റുകൾ താങ്കൾ ആവർത്തിക്കരുത്. അദ്ദേഹം അയച്ച ആയുധങ്ങൾ ഇപ്പോൾ ഞങ്ങളെ കൊല്ലുകയാണ്. നിയമവിരുദ്ധമായ ഉപരോധം ഞങ്ങളെ പട്ടിണിക്കിടുന്നു. എെൻറ സഹ യുഎസ് പൗരനായ ഗോൾഡ്ബെർ പോളിനെപ്പോലെ മരിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അലക്സാണ്ടർ വിഡിയോയിൽ പറയുന്നുണ്ട്. ബൈഡനും ട്രംപും ചേർന്ന് ബന്ദി മോചനത്തിനായി കരാറിലെത്താൻ പരിശ്രമിക്കണമെന്ന് ഏദന്റെ മാതാപിതാക്കളായ യീലും ആദിയും പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലും ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് ട്രംപിന്റെ പുതിയ പോസ്റ്റ് വരുന്നത്.
33 ബന്ദികൾ കൊല്ലപ്പെട്ടന്ന് ഹമാസ്
തങ്ങളുടെ കൈവശമുള്ള 33 ബന്ദികൾ ഇതുവരെ കൊല്ലപ്പെട്ടന്ന് ഹമാസ് തിങ്കളാഴ്ച പുറത്തിറക്കിയ വിഡിയോ പ്രസ്താവനയിൽ അറിയിച്ചു. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പിടിവാശിയാണ് ഇതിന് കാരണമെന്നും ഹമാസ് കുറ്റപ്പെടുത്തി.
ആക്രമണം തുടരുന്നത് ബന്ദികളുടെ മരണസംഖ്യ ഉയർത്തുകയാണ്. നിങ്ങളുടെ ഭ്രാന്തൻ യുദ്ധം തുടർന്നാൽ എല്ലാ ബന്ദികളെയും എന്നെന്നേക്കുമായി നഷ്ടപ്പെട്ടേക്കാം. വളരെ വൈകും മുമ്പ് ചെയ്യേണ്ടത് ചെയ്യാനും ഹമാസ് നെതന്യാഹുവിനോട് ആവശ്യപ്പെട്ടു.
എങ്ങനെയാണ് ബന്ദികൾ കൊല്ലപ്പെട്ടതെന്ന കാര്യവും വിഡിയോ സന്ദേശത്തിൽ ഹമാസ് വ്യക്തമാക്കുന്നുണ്ട്. പലരും വ്യോമാക്രമണത്തിലാണ് കൊല്ലപ്പെട്ടത്. ചിലർ കൊല്ലപ്പെട്ടത് ഇസ്രായേലിന്റെ രക്ഷാപ്രവർത്തനം പാളിപ്പോയതിനെ തുടർന്നാണ്. 2023 ഒക്ടോബർ ഒമ്പതിന് ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ നാലുപേർ കൊല്ലപ്പെട്ടതാണ് ആദ്യ സംഭവം. കഴിഞ്ഞമാസം വടക്കൻ ഗസ്സയിൽ ഇസ്രായേൽ സൈനിക നടപടിക്കിടെ ബന്ദി കൊല്ലപ്പെട്ടതാണ് അവസാനത്തേത്.
ഇസ്രായേലി സൈന്യത്തിൽ സേവനമനുഷ്ഠിച്ചിരുന്ന അമേരിക്കൻ പൗരൻ ഒമർ ന്യൂട്ര ഒക്ടോബർ ഏഴിലെ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇസ്രായേൽ കഴിഞ്ഞദിവസം സ്ഥിരീകരിച്ചിരുന്നു. അദ്ദേഹത്തിന്റെ മൃതദേഹം ഗസ്സയിൽനിന്ന് കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്.
ഒക്ടോബർ ഏഴിലെ ആക്രമണത്തിൽ 251 പേരെയാണ് ഹമാസ് ബന്ദിയാക്കിയിരുന്നത്. ഇതിൽ 97 പേരും നിലവിൽ ഗസ്സയിലുണ്ടെന്നാണ് ഇസ്രായേൽ വിശ്വസിക്കുന്നത്. 35 പേർ മരിച്ചതായും ഇസ്രായേൽ സൈന്യം പറയുന്നു. കഴിഞ്ഞവർഷം താൽക്കാലിക വെടിനിർത്തലിനെ തുടർന്ന് 105 പേരെ ഹമാസ് വിട്ടയിച്ചിരുന്നു. എട്ട് പേരെ ജീവനോടെ ഇസ്രായേൽ സൈന്യം രക്ഷിക്കുകയും 37 പേരുടെ മൃതദേഹം കണ്ടെടുക്കുയകും ചെയ്തിട്ടുണ്ട്.