'നികുതി താങ്ങില്ലെങ്കില്‍ കാനഡയ്ക്ക് അമേരിക്കന്‍ സംസ്ഥാനമാകാം'; ട്രൂഡോയ്‍ക്ക് വേണമെങ്കില്‍ ഗവര്‍ണറും ആകാമെന്ന് ട്രംപ്

ഫ്‌ളോറിഡയിലെ പാം ബീച്ചിലുള്ള ട്രംപിന്റെ റിസോർട്ടിൽ നേരിട്ടെത്തിയാണ് ട്രൂഡോ കൂടിക്കാഴ്ച നടത്തിയത്

Update: 2024-12-03 09:43 GMT
Editor : Shaheer | By : Web Desk
Advertising

വാഷിങ്ടൺ: തങ്ങൾ ചുമത്തുന്ന തീരുവ താങ്ങാനാകുന്നില്ലെങ്കിൽ കാനഡ അമേരിക്കയിൽ ലയിക്കണമെന്ന് നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കഴിഞ്ഞ ദിവസം കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ട്രംപ് കൗതുകമുണർത്തുന്ന നിർദേശം മുന്നോട്ടുവച്ചത്. കാനഡയുടെ ഉൽപന്നങ്ങൾക്ക് 25 ശതമാനം നികുതി ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇത് തങ്ങളുടെ സമ്പദ്ഘടനയെ തകർക്കുമെന്ന് ട്രൂഡോ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു കാനഡയ്ക്ക് അമേരിക്കയുടെ 51-ാമത്തെ സംസ്ഥാനമാകാമെന്ന് ട്രംപ് സൂചിപ്പിച്ചതെന്ന് 'ഫോക്‌സ് ന്യൂസ്' റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ട്രൂഡോയുടെ അപ്രതീക്ഷിത യുഎസ് സന്ദർശനം. ട്രംപിന്റെ നികുതി പ്രഖ്യാപനത്തിനു പിന്നാലെയായിരുന്നു ട്രൂഡോ നേരിട്ട് അദ്ദേഹത്തെ കാണാനെത്തിയത്. അമേരിക്കയിലേക്കുള്ള അനധികൃത കുടിയേറ്റവും നിയമവിരുദ്ധമായ ലഹരിക്കടത്തും തടയുന്നതിൽ വീഴ്ച വരുത്തിയെന്ന് ആരോപിച്ചായിരുന്നു കാനഡ-മെക്‌സിക്കോ ചരക്കുകൾക്ക് 25 ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയത്. ജനുവരി 20ന് പുതിയ യുഎസ് പ്രസിഡന്റായി അധികാരമേൽക്കുന്ന ആദ്യ ദിവസം തന്നെ നികുതി പ്രഖ്യാപനമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഇതിനു പിന്നാലെ ഫ്‌ളോറിഡയിലെ പാം ബീച്ചിലുള്ള ട്രംപിന്റെ ഗോൾഫ് റിസോർട്ടായ 'മാർ-എ-ലാഗോ'യിൽ നേരിട്ടെത്തുകയായിരുന്നു ട്രൂഡോ. അതിർത്തി പ്രശ്‌നങ്ങളും വ്യാപാര കുടിശ്ശികയും തീർത്തില്ലെങ്കിൽ നേരത്തെ പ്രഖ്യാപിച്ച പോലെ കാനഡയുടെ ചരക്കുകൾക്ക് വൻ നികുതി ചുമത്തുമെന്ന് ട്രംപ് കൂടിക്കാഴ്ചയിലും ആവർത്തിച്ചു. എന്നാൽ, ഇത്തരമൊരു നടപടി കനേഡിയൻ സമ്പദ്ഘടനയെ സമ്പൂർണമായി തകർക്കുമെന്നും നികുതി നീക്കം ഉപേക്ഷിക്കണമെന്നും ട്രൂഡോ അപേക്ഷിച്ചു.

ഇതോടെ ട്രംപ് സ്വരം മാറ്റി. 100 ബില്യൻ ഡോളർ അമേരിക്കയിൽനിന്ന് കൊള്ളയടിക്കാതെ താങ്കളുടെ രാജ്യത്തിന് അതിജീവിക്കാൻ കഴിയില്ലേയെന്ന് റിപബ്ലിക്കൻ പാർട്ടി നേതാവ് ട്രൂഡോയോട് ചോദിച്ചു. അങ്ങനെയാണെങ്കിൽ 51-ാമത്തെ സംസ്ഥാനമായി കാനഡ അമേരിക്കയ്‌ക്കൊപ്പം ചേരണമെന്നും ട്രൂഡോയ്ക്ക് വേണമെങ്കിൽ അവിടെ ഗവർണറാകാമെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ ആവശ്യങ്ങൾ പൂർത്തീകരിക്കാൻ കഴിഞ്ഞില്ലെങ്കിൽ തീരുമാനത്തിൽനിന്ന് ഒരടി പിന്നോട്ടില്ലെന്നു വ്യക്തമാക്കുകയും ചെയ്തു അദ്ദേഹം.

കാനഡയിൽനിന്ന് വൻ തോതിൽ അമേരിക്കയിലേക്ക് ലഹരി വസ്തുക്കൾ ഒഴുകുന്നതായാണ് ട്രംപ് ആരോപിക്കുന്നത്. 70 രാജ്യങ്ങളിൽനിന്നുള്ള അനധികൃത കുടിയേറ്റക്കാർ അതിർത്തി വഴി യുഎസിലേക്കു കടക്കുന്നുണ്ടെന്നും ആരോപണമുണ്ട്. ഇതിനു പുറമെയാണ് അമേരിക്കയ്ക്ക് നൽകാനുള്ള 100 ബില്യൻ വരുന്ന വ്യാപാര കുടിശ്ശിക അടിയന്തരമായി അടച്ചുതീർക്കണമെന്നും ട്രംപ് കാനഡയോട് ആവശ്യപ്പെടുന്നത്.

പാം ബീച്ചിലെ മാര്‍-എ-ലാഗോ റിസോര്‍ട്ട്

അതേസമയം, പാം ബീച്ചിലെ അത്യാഡംബര റിസോർട്ടാണ് 'മാർ-എ-ലാഗോ'. ഇവിടെ ട്രൂഡോ മൂന്നു മണിക്കൂറോളം തങ്ങിയതായാണു വിവരം. ട്രംപുമായുള്ള കൂടിക്കാഴ്ചയും മണിക്കൂറുകൾ നീണ്ടു. ഇരുവരും ഒന്നിച്ചു ഭക്ഷണവും കഴിച്ചാണു പിരിഞ്ഞത്.

Summary: Donald Trump suggests Canada become 51st US state after Justine Trudeau said 25% tariff would kill their economy

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News