ഭൂമിക്ക് നേരെ കുതിച്ച് ഒരു ഉൽക്ക; ഇന്ന് പതിക്കുമെന്ന് യൂറോപ്യൻ ബഹിരാകാശ ഏജൻസി
2013ൽ റഷ്യയിൽ ഇത്തരമൊരു ഉൽക്ക പതിച്ചിരുന്നു, ഈ ഉൽക്കാ പതനം നിരവധി പേർക്ക് പരിക്കേൽക്കുന്നതിനും കെട്ടിടങ്ങളും മറ്റും നാശമാകുന്നതിനും കാരണമായിരുന്നു
ഭൂമിയിലേക്ക് ഉൽക്ക പതിക്കുന്നത് സാധാരണയാണ്. എന്നാൽ പലപ്പോഴും ഭൂമിയിലെത്തും മുമ്പ് ഉൽക്കകൾ അന്തരീക്ഷത്തിൽ കത്തിത്തീരാറാണ് പതിവ്. എന്നാൽ പതിവിന് വിപരീതമായി ഇന്ന് രാത്രി ഭൂമിയിലൊരു ഉൽക്ക പതിക്കുമെന്ന വാർത്ത പുറത്തുവിട്ടിരിക്കുകയാണ് യൂറോപ്യൻ സ്‌പേസ് ഏജൻസി. 70 സെന്റീമീറ്റർ വലിപ്പമുള്ള ഉൽക്ക വടക്കൻ സൈബീരിയയിൽ പതിക്കുമെന്നാണ് സ്‌പേസ് ഏജൻസിയുടെ നിഗമനം. ഇന്ത്യൻ സമയം രാത്രി 9:45നാണ് ഉൽക്ക ഭൂമിയിൽ പതിക്കുക.
ഇതുവരെ പേരിടാത്ത ഉൽക്ക ആകാശത്ത് മനോഹരമായ കാഴ്ചയാകും എന്നതല്ലാതെ ഭൂമിയിൽ പതിക്കുന്നത് അപകടമൊന്നും ഉണ്ടാക്കില്ല എന്നും സ്‌പേസ് ഏജൻസി പറയുന്നുണ്ട്.
ഉൽക്ക ഭൂമിയുടെ അന്തരീക്ഷത്തിൽ എത്തുന്നതിന് വളരെ മുമ്പ് തന്നെ ഭൂമിക്ക് നേരെ വരുന്ന വസ്തുവിനെ ലോകമെമ്പാടുമുള്ള ബഹിരാകാശ നിരീക്ഷണ ഏജൻസികൾ നിരീക്ഷിച്ചിരുന്നു. അന്തരീക്ഷത്തിലേക്ക് കടക്കുന്ന ഉൽക്ക വായുവിന്റെ ഘർഷണത്താൽ കത്തിത്തുടങ്ങും, ഇത് ആകാശത്ത് മികച്ച കാഴ്ചയായിരിക്കും സമ്മാനിക്കുക. അന്തരീക്ഷത്തിലേക്ക് ഇത്തരം ഉൽക്കകൾ പതിക്കുന്നത് സാധാരണയാണ്. എന്നാൽ ഇന്ന് വരാനിരിക്കുന്ന ഉൽക്കയുടെ കുറച്ചുകൂടി വലുതാണ്.
2013ൽ റഷ്യയിലെ ചെല്യബിൻസ്‌കിൽ ഇത്തരമൊരു ഉൽക്ക പതിച്ചിരുന്നു. ഈ ഉൽക്കാ പതനം നിരവധി പേർക്ക് പരിക്കേൽക്കുന്നതിനും കെട്ടിടങ്ങളും മറ്റും നാശമാകുന്നതിനും കാരണമായിരുന്നു. ഉൽക്കാ പതനത്തിന്റെ ഭീകരത എത്രത്തോളമെന്ന് വ്യക്തമാക്കുന്നതായിരുന്നു ഈ പതനം. സംഭവത്തിന് പിന്നാലെ ഭൂമിക്കടുത്തായി പറന്നു നടക്കുന്ന വസ്തുക്കളെ നിരീക്ഷിക്കാനുള്ള സംവിധാനങ്ങൾ പല ബഹിരാകാശ ഏജൻസികളും കൂടുതൽ വിപുലീകരിച്ചിരുന്നു.
ഇന്ത്യയിൽ നിന്ന് ഈ ഉൽക്ക കാണാനാവുമോ എന്നത് സംശയമാണ്. ചില ഉൽക്കകൾ കൂടുതൽ നിറത്തിൽ കത്താറുണ്ട്, ഇവയെ ഭൂമിയിൽ നിന്ന് വ്യക്തമായി കാണാൻ സാധിക്കാറുണ്ട്. വരാനിരിക്കുന്ന ഉൽക്കയെ കാണാനാകുമെന്ന് പ്രതീക്ഷിച്ച് നിരീക്ഷിക്കുക മാത്രമാണ് നിലവിൽ ചെയ്യാനുള്ളത്.