നാല് ദിവസം കൊണ്ട് കൊല്ലപ്പെട്ടത് 600 -ലധികം പേർ; ഗസ്സയിൽ ആക്രമണം കനപ്പിച്ച് ഇസ്രായേൽ
റഫ, ഖാൻ യൂനുസ്, ഗസ്സ സിറ്റി മേഖലകളിൽ തീവ്രമായ വ്യോമാക്രമണം തുടരുന്നു


ഗസ്സ സിറ്റി: ഗസ്സയിൽ ആക്രമണം കനപ്പിച്ച് ഇസ്രായേൽ. ചൊവ്വാഴ്ച ഇസ്രായേൽ വെടിനിർത്തൽ കരാർ ലംഘിച്ചതിന് പിന്നാലെ ഗസ്സയിൽ നടത്തിയ ആക്രമങ്ങളിൽ 600 ഫലസ്തീനികൾ കൊല്ലപ്പെട്ടതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. മുനമ്പിൽ ഇസ്രായേൽ വ്യോമാക്രമണങ്ങളും കര ആക്രമണങ്ങളും കനപ്പിച്ചതോടെ മരണസംഖ്യ ഉയർന്നുകൊണ്ടിരിക്കുകയാണ്. ഇന്നലെ മാത്രം നൂറിലധികം പേരാണ് മേഖലയിൽ കൊല്ലപ്പെട്ടത്.
തെക്കൻ ഗസ്സയിലെ റഫയിൽ കരസേന ആക്രമണം ആരംഭിച്ചതായും മധ്യ പ്രദേശങ്ങൾക്കും ബൈത്ത് ലാഹിയ പട്ടണത്തിന് സമീപം വടക്കൻ ഭാഗത്തേക്ക് സൈന്യം കടന്നുകയറിക്കൊണ്ടിരിക്കുകയാണെന്നും ഇസ്രായേൽ സൈന്യം അറിയിച്ചു. ഗസ്സ നഗരത്തിലെ സെയ്തൂൺ മേഖലത്തിൽ ഇസ്രായേൽ തീവ്രമായ വ്യോമാക്രമണം നടത്തുന്നതായി അന്താരാഷ്ട്ര മാധ്യമമായ അൽജാസിറ റിപ്പോർട്ട് ചെയ്തു. തലസ്ഥാനമായ ഗസ്സ സിറ്റി, ഖാൻ യൂനിസ് എന്നിവിടങ്ങളിലും ആക്രമണം കനപ്പിച്ചിട്ടുണ്ട്.
ഇസ്രായേൽ ആക്രമണം കടുപ്പിച്ചതിനു മറുപടിയായി ഹമാസ് റോക്കറ്റുകൾ തൊടുത്തതോടെയാണ് ഗസ്സ വീണ്ടും യുദ്ധഭീതിയിലായത്. പലയിടത്തും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുകയാണ്. നെറ്റ്സരിം ഇടനാഴിയുടെ നിയന്ത്രണം കഴിഞ്ഞദിവസം ഇസ്രായേൽ സൈന്യം വീണ്ടും ഏറ്റെടുത്തു. തെക്കൻ മേഖലയിലുള്ളവരെ വടക്കൻ ഗസ്സയിലേക്ക് കടക്കാൻ അനുവദിക്കില്ലെന്ന് സൈന്യം വ്യക്തമാക്കിയിട്ടുണ്ട്.
ഗസ്സക്കൊപ്പം വെസ്റ്റ് ബാങ്കിലും ഇസ്രായേൽ സൈനിക നടപടികൾ ശക്തമാക്കിയിട്ടുണ്ട്. ഗസ്സയിലെ ഇസ്രായേൽ ആക്രമങ്ങളിൽ ഇതുവരെ കുറഞ്ഞത് 49,617 ഫലസ്തീനികൾ കൊല്ലപ്പെടുകയും 112,950 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന പതിനായിരക്കണക്കിന് പേരെ ഇനിയും കണ്ടെത്താൻ ആയിട്ടില്ല.