ഗസ്സയിൽ ഇസ്രായേൽ ആക്രമണം ശക്തം; ഇന്നലെ മാത്രം കൊല്ലപ്പെട്ടത് നൂറിലധികം പേര്‍
അതിനിടെ ഇസ്രായേലിന് നേർക്ക് വീണ്ടും ഹൂതികളുടെ മിസൈൽ ആക്രമണമുണ്ടായി


തെൽ അവിവ്: ഗസ്സയിൽ വ്യാപക ആക്രമണത്തിലൂടെ നൂറിലേറെ പേരെ കൊലപ്പെടുത്തി ഇസ്രായേൽ. തെൽ അവീവിന് നേർക്ക് റോക്കറ്റുകൾ അയച്ച് ഹമാസ്, ബന്ദികളെ കൈമാറിയില്ലെങ്കിൽ സ്ഥിതി ആപത്ക്കരമാകുമെന്ന് ഹമാസിന് യുഎസ് പ്രഡിഡന്‍റ് ട്രംപ് മുന്നറിയിപ്പ് നൽകി. അതിനിടെ ഇസ്രായേലിന് നേർക്ക് വീണ്ടും ഹൂതികളുടെ മിസൈൽ ആക്രമണമുണ്ടായി.
ഇസ്രായേൽ ആക്രമണം കടുപ്പിച്ചതിനു മറുപടിയായി ഹമാസ് റോക്കറ്റുകൾ തൊടുത്തതോടെ ഗസ്സ കൂടുതൽ യുദ്ധഭീതിയിലാണ്. ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ 110 പേരാണ് ഇന്നലെ ഗസ്സയിൽ കൊല്ലപ്പെട്ടത്. 153 പേർക്ക് പരിക്കേറ്റു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരാണ് മരണത്തിന് കീഴടങ്ങിയവരിൽ കൂടുതൽ . റഫയിലും ഖാൻ യൂനിസിലും ബൈത്ത് ലാഹിയയിലും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ പലരും കുടുങ്ങിക്കിടക്കുകയാണ്.
വടക്കൻ ഗസ്സയിലെ ബൈത്ത് ലാഹിയയിൽ ഇസ്രായേൽ സൈന്യം കരയാക്രമണവും തുടങ്ങി. അതിനിടെ, തെൽ അവീവിനുനേരെ റോക്കറ്റുകൾ തൊടുത്തതായി ഹമാസിന്റെ സായുധ വിഭാഗമായ അൽ ഖസ്സാം ബ്രിഗേഡ്സ് അറിയിച്ചു. അധിനിവിഷ്ട ജാഫക്ക് നേരെ മിസൈൽ ആക്രമണം നടത്തിയതായി യെമനിലെ ഹൂതി വിമതർ അറിയിച്ചു. നെറ്റ്സരിം ഇടനാഴിയുടെ നിയന്ത്രണം കഴിഞ്ഞദിവസം ഇസ്രായേൽ സൈന്യം വീണ്ടും ഏറ്റെടുത്തു. തെക്കൻ മേഖലയിലുള്ളവരെ വടക്കൻ ഗസ്സയിലേക്ക് കടക്കാൻ അനുവദിക്കില്ലെന്ന് സൈന്യം വ്യക്തമാക്കിയിട്ടുണ്ട്.
ഹമാസിനെതിരെ കനത്ത ആക്രമണം നടത്തുന്നതിനൊപ്പം അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ വിപുലവും ശക്തവുമായ മുന്നണി രൂപപ്പെടുത്തുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു മുന്നറിയിപ്പുനൽകി. ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തെ യു എസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ന്യായീകരിച്ചു. ബന്ദികളെ മോചിപ്പിക്കാൻ ഹമാസ് തയാറായില്ലെങ്കിൽ കൂടുതൽ വില നൽകേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.