ഗസ്സയിൽ കൂട്ടക്കുരുതി തുടര്‍ന്ന് ഇസ്രായേൽ ; 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 61 പേര്‍
പുതിയവെടിനിർത്തൽ നിർദേശവുമായി ഈജിപ്ത് രംഗത്തെത്തി

തെൽ അവിവ്: ഗസ്സയിൽ ഇസ്രായേല്‍ ആക്രമണത്തില്‍ രണ്ട് മാധ്യമപ്രവർത്തകർ ഉൾപ്പെടെ 61 പേർ കൂടി കൊല്ലപ്പെട്ടു. തെക്കൻ ഗസ്സയിലെ അന്താരാഷ്ട്ര റെഡ്ക്രോസ് ഓഫീസിനു നേരെയും ആക്രമണം നടന്നു. ഇതിനിടെ പുതിയവെടിനിർത്തൽ നിർദേശവുമായി ഈജിപ്ത് രംഗത്തെത്തി.
ആക്രമണം തുടരുന്ന സാഹചര്യത്തിൽ ഗസ്സയിൽ നിന്ന് ജീവനക്കാരെ തിരികെവിളിക്കുമെന്ന് യു.എൻ സെക്രട്ടറി ജനറൽ അറിയിച്ചു. 24 മണിക്കൂറിനിടെ ഗസ്സയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 61 പേർ കൂടി കൊല്ലപ്പെട്ടു. 141 പേർക്ക് പരിക്കേറ്റതായും ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ട് മാധ്യമ പ്രവർത്തകരെയും ഇസ്രായേൽ സേന വധിച്ചു. അൽജസീറ അറബിക് ചാനലിലെ മാധ്യമ പ്രവർത്തകൻ ഹുസ്സാം ശബാത്ത്, ഫലസ്തീൻ ടുഡെ ജേർണലിസ്റ്റ് മുഹമ്മദ് മൻസൂർ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇതോടെ ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട മാധ്യമ പ്രവർത്തകരുടെ എണ്ണം 208 ആയി.
ഖാൻ യൂനിസിലെ നാസർ ആശുപത്രിയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ അംഗം ഇസ്മായിൽ ബർഹൂം ഉൾപ്പെടെ രണ്ടുപേർ കൊല്ലപ്പെട്ടു. ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് ഇസ്മായിൽ ബർഹൂം കൊല്ലപ്പെട്ടതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഓസ്കാർ അവാർഡ് ലഭിച്ച ഫലസ്തീൻ ചിത്രം 'നോ അദർ ലാന്‍റ്' നിർമാതാവ് ഹംദാൻ ബിലാലിനെ ജൂതകുടിയേറ്റക്കാർ ക്രൂരമായി ആക്രമിച്ചു. തുടർന്ന് ഇസ്രായൽ സുരക്ഷാ സേന ഹംദാൻ ബിലാലിനെ അജ്ഞാതകേന്ദ്രത്തിലേക്ക് കൊണ്ടുപോയതായി കുടുംബം ആരോപിച്ചു.
അതേസമയം, വെടിനിർത്തൽ കരാർ പുനഃസ്ഥാപിക്കുന്നതിന് ഈജിപ്ത് ശ്രമം ഊർജിതമാക്കി. ആഴ്ചകൾ നീളുന്ന വെടിനിർത്തലിൽ ഒരു അമേരിക്കൻ ഇസ്രായേലി ഉൾപ്പെടെ ജീവനോടെയുള്ള അഞ്ച് ബന്ദികളെ ഹമാസ് മോചിപ്പിക്കണമെന്നാണ് ഈജിപ്ത് മുന്നോട്ടുവെച്ച പുതിയ നിർദേശം. പകരം ഇസ്രായേൽ നൂറുകണക്കിന് ഫലസ്തീൻ തടവുകാരെ മോചിപ്പിക്കും. നിർദേശത്തോട് അനുകൂലമായി പ്രതികരിച്ചതായി ഹമാസ് അറിയിച്ചു. ഗസ്സയിലെ പുതിയ സാഹചര്യം മുൻനിർത്തി പരമാവധി ജീവനക്കാരെ പിൻവലിക്കാൻ വേദനയോടെ തീരുമാനിക്കുന്നതായി യുഎൻ സെക്രട്ടറി ജനറൽ ആന്‍റണിയോ ഗുട്ടെറസ് പറഞ്ഞു.